Tuesday 22 August 2017

തൃശ്ശിനാപ്പളളി കൊലപാതകം ദുരഭിമാനകൊലയെന്ന് കണ്ടെത്തല്‍ - സുഭാഷ്

കതിരേശന്‍

ചെന്നൈ : പൈപ്പ് പൊട്ടിച്ചെന്ന് ആരോപിച്ച് ദളിത്‌യുവാവിനെ തിരുച്ചിറപളളിയില്‍ മര്‍ദ്ദിച്ച് കൊന്ന സംഭവം ദുരഭിമാനകൊലയെന്ന് കണ്ടെത്തല്‍. കൊലപാതകം ഉന്നതജാതിയില്‍ നിന്ന് വിവാഹം ചെയ്തതിന്. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന കതിരേശന്‍ എന്ന ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം പാടത്ത് തളളുകയായിരുന്നു. കൊല്ലപ്പെട്ട നിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ യുവാവിനെ മേല്‍ജാതിക്കാര്‍ ദുരഭിമാനം മൂലം കൊന്നതാണെന്ന് പോലീസ് കണ്ടെത്തല്‍. ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാണ് തൃശ്ശിനാപ്പളളി ജില്ലയിലെ മനച്ചനെല്ലൂര്‍ ടൗണില്‍ കതിരേശന്‍ എന്ന ദളിത് യുവാവിനെ മേല്‍ജാതിയില്‍പ്പെട്ട ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച കൊലപ്പെടുത്തിയത്. ജൂലൈ ഏഴിനാണ് കതിരേശന്റെ മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായിരുന്ന കതിരേശന് മര്‍ദ്ദിച്ചതിനുശേഷം പാടത്ത് തളളുകയായിരുന്നു.

കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കതിരേശനും മേല്‍ജാതിയില്‍പ്പെട്ട തങ്കരശു എന്ന വ്യക്തിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തങ്കരശുവിന്റെ കൃഷിസ്ഥലത്തെ പ്ലാസ്റ്റിക് പൈപ്പ് കതിരേശന്‍ പൊട്ടിച്ചെന്നാരോപിച്ചാണ് ജൂലൈ ഏഴിന് തങ്കരശും മക്കളായ ഭാസ്‌ക്കറും സുരേഷും കതിരേശന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ പന്ത്രണ്ടോളം പേര്‍ കതിരേശനെ പിന്തുടര്‍ന്ന് അടുത്തുളള ഒരു കടയുടെ മുമ്പില്‍ വച്ച് കതിരേശനെ ആക്രമിക്കുക യായിരുന്നു. ആക്രമണം തടയാന്‍ കതിരേശന്റെ ഭാര്യ നന്ദിനി ഏറെ ശ്രമിച്ചെങ്കിലും ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു.

ബോധം മറയുന്നത് വരെ കതിരേശനെ മര്‍ദ്ദിച്ചു. പിന്നീട് ഇവര്‍ കതിരേശനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ്‌കൊണ്ടുപോയി. നന്ദിനിയും ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍ കാത്തിരുന്നെങ്കിലും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് കതിരേശനെ കാണ്മാനില്ലെന്ന് നന്ദിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിറ്റേദിവസം കതിരേശന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. പാറക്കല്ലുകൊണ്ട് കതിരേശനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ അന്വേഷണത്തില്‍ ഒടുവിലാണ് ജാതിസംബന്ധമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്.

മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനാണ് കതിരേശനെ ആക്രമിച്ചതെന്ന് നാട്ടുകാരില്‍ ചിലരും പോലീസിനെ അറിയിച്ചിരുന്നു. ദലിതുകളേക്കാള്‍ ഉയര്‍ന്ന വിഭാഗത്തില്‍ നിന്നുളള നന്ദിനിയെ കതിരേശന്‍ വിവാഹം കഴിക്കുന്നതിന് നാട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതുകൊണ്ട് ആ ജാതിയോളം എത്തില്ലെന്ന് കതിരേശനെ മര്‍ദ്ദിക്കുന്നതിനിടെ തങ്കരശു പറഞ്ഞതായും ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്.

ദലിതുകള്‍ക്കെതിരായ ആക്രമണം തടയുന്ന വിവിധ വകുപ്പുകള്‍ പ്രകാരവും കൊലപാതക കുറ്റത്തിന് തങ്കരശുമക്കളായ ഭാസ്‌കര്‍, സുരേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് അറിയുന്നത്.



Monday 21 August 2017

ആത്മ ബോധത്തെ ഉദയം ചെയ്യിച്ച ഗുരു ആത്മീയ നഭസ്സിലെ വിപ്ലവ നക്ഷത്രം - രാമചന്ദ്രന്‍ മുല്ലശ്ശേരി


അയ്യാവൈകുണ്ഠസ്വാമികള്‍ തുടക്കമിട്ടതും തൈക്കാട് അയ്യാഗുരുവും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും ആഗമാനന്ദസ്വാമികളും പൊയ്കയില്‍ കുമാരഗുരുദേവനും സദാനന്ദസ്വാമിയുമുള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്ത് മുന്നോട്ടുനയിച്ച സാര്‍വ്വജനീനവും സമത്വപൂര്‍ണ്ണവുമായ ജ്ഞാനനിക്ഷേപത്തെ ആചാരസവിശേഷ തകൊണ്ടും ദാര്‍ശനികവ്യതിരിക്തത കൊണ്ടും കൂടുതല്‍ സമ്പന്നമാക്കുകയും ഈ ലോകവാസം ഭൗതികവും നൈതികവും നിര്‍മ്മലവും നിഷ്ഠവും നൈരന്തര്യവുമാക്കി പരമകാഷ്ഠയിലെത്തിക്കണമെന്നും മര്‍ത്ത്യലോകത്തെ ഉപദേശിച്ച ശുഭാനന്ദ ഗുരുദേവന്റെ 135-ാം ജന്മദിനമായിരുന്നു. പൂരംതിരുനാള്‍ 5.5.2017.

നാലുനാള്‍ ആചാരവും മൂന്നുനാള്‍ വിശുദ്ധവ്രതവും അനുഷ്ഠിച്ചുകൊണ്ട് ലൗകികജീവിതം പാപമുക്തവും സദാചാരനിഷ്ഠവും പരമപവിത്രവും ആത്മവിശുദ്ധിയും നിറഞ്ഞതായി രിക്കണമെന്ന് ഗുരു നിര്‍ദ്ദേശിച്ചു. വ്യഭിചാരം, മദ്യപാനം, വിഗ്രഹാരാധന, പരോപദ്രവം, ഹിംസ എന്നീ പഞ്ചമഹാപാപങ്ങളില്‍ നിന്നും മോചിതരാകാനും, അറിവ്, ആചാരം, വിശുദ്ധി, ആശ്വാസം, ആനന്ദം, നാമസങ്കീര്‍ത്തനം എന്നീ സപ്തഗുണങ്ങളാല്‍ മനസ്സും വപുസ്സും സ്ഫുടം ചെയ്തിരിക്കണമെന്നും ഗുരു ഉപദേശിച്ചു. യുഗവ്യവസ്ഥകളെ തന്റേതായ ദാര്‍ശനീക അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ട് സവിസ്തരം വിശകലനം ചെയ്ത അദ്ദേഹം കൃത, ത്രേത, ദ്വാപര യുഗാവസാനം വന്നുചേര്‍ന്ന കലിയുഗത്തില്‍ മുജ്ജന്മ പാപപരിഹാരത്തിനും മോക്ഷപ്രാപ്തി നേടുന്നതിനും നാമസങ്കീര്‍ത്തനം മാത്രമാണ് ദിവ്യവൗഷധമെന്നും നിര്‍ദ്ദേശിച്ചു.

ആനന്ദമെന്നത് അറിവിനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അറിവ് സര്‍വ്വലോക ത്തേയും കീഴ്‌പ്പെടുത്താന്‍ ഉപകരിക്കുമെന്നും ഓരോ സൃഷ്ടിയിലും ഉളവാകുന്ന അറിവ് പരമാനന്ദത്തെ പ്രാപിക്കാന്‍ ഇടയാകുമെന്നും പരമാര്‍ത്ഥജ്ഞാനം ഉദിച്ചുയര്‍ന്ന് ആത്മബോധത്തെ ഉദയം ചെയ്യിക്കുമെന്നും അങ്ങനെ ആത്മബോധോദയം സകല ചരാചരങ്ങള്‍ക്കും പ്രകാശിതമാകുമെന്ന് ഗുരു നിരീക്ഷിച്ചു.

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധനൂര്‍ പഞ്ചായത്തിലെ കടമ്പൂര്‍ ഗ്രാമത്തില്‍ പഴയ കോണത്തുകുടുംബത്തില്‍ നിന്നും പ്രസിദ്ധമായ എണ്ണയ്ക്കാട്ടു കൊട്ടാരംവക കൃഷിയിടങ്ങള്‍ക്ക് കാവലിനായും കൊട്ടാര ആവശ്യത്തിനുള്ള കൊട്ട, വട്ടി, മുറം, പനമ്പ് മുതലായവ നിര്‍മ്മിച്ചു നല്‍കുന്നതിനുമായി ബുധനൂര്‍ പടിഞ്ഞാറ്റും മുറിയില്‍ കുലായ്ക്കല്‍ എന്ന് കുടുംബപ്പേരിട്ടു കുടിയിരുത്തിയ പറയ (സാംബവ) കുടിലില്‍, ഇട്ട്യാതിയുടേയും കൊച്ചുനീലിയുടേയും മകനായി കൊല്ലവര്‍ഷം 1057 മേടം 17 വെള്ളിയാഴ്ച പുലര്‍ച്ചേ പിറവിയെടുത്ത പാപ്പന്‍കുട്ടി എന്ന ബാലനാണ് പില്‍ക്കാലത്ത് ജാതി അധികാരത്തിന്റേയും ഉച്ചനീചത്വങ്ങളുടേയും കൊടിക്കൂറയേ ന്തിയ യാഥാസ്ഥിതികത്വത്തിന്റെ നെഞ്ചിലേക്ക് ജ്ഞാനാധികാരത്തിന്റെ വജ്രസൂചി വര്‍ഷിച്ച് കാടത്തത്തില്‍നിന്ന് മര്‍ത്ത്യലോകത്തെ പരിവര്‍ത്തിപ്പിച്ച ഋഷിവര്യന്‍ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവന്‍.

പാപ്പന്‍കുട്ടിയുടെ ബാല്യം അസാധാരണത്വം നിറഞ്ഞതായിരുന്നു. സമപ്രായക്കാരോ ടൊത്ത് ഏറെനേരം കളിയ്ക്കാനോ ആറ്റുനോറ്റുണ്ടായ മകനെന്ന നിലയില്‍ മാതാപിതാ ക്കള്‍ അളവറ്റുനല്‍കിയ പരിലാളനകളില്‍ മതിമറക്കാനോ കൂട്ടാക്കിയില്ല. സദാചിന്താ മഗ്‌നനും പ്രകൃതിയെ നിരീക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനുമായിരുന്നു. ഏഴാംവയസ്സില്‍ മൂന്നുനാള്‍ ശവാവസ്ഥയില്‍ ഒരേ കിടപ്പ്. ജലപാനം പോലും ഉപേക്ഷിച്ചു. ആ മൂന്നു ദിവസങ്ങളിലും താന്‍ ദിവ്യജ്ഞാന തേജോമയങ്ങളായ കാഴ്ചകള്‍ കണ്ട് ആസ്വദിക്കു കയായിരുന്നു എന്ന് പിന്നീടദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്നാംനാള്‍ (1064 വൃശ്ചികം 3) ഉണര്‍ന്ന് കണ്‍തുറന്ന ബാലന്‍ കൂടുതല്‍ ചിന്താഭാരം വഹിക്കുന്ന അല്പഭാഷിയുമായിത്തീര്‍ന്നു.

പന്ത്രണ്ടാം വയസ്സില്‍ മാതാവ് മരണപ്പെട്ടു. ഇതദ്ദേഹത്തെ കൂടുതല്‍ വിഷാദചി ത്തനാക്കി വീടുവിട്ടിറങ്ങി. ദിവസങ്ങളോളം അലഞ്ഞുനടന്നു. പാതയോരങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും അന്തിയുറങ്ങി. തന്റെ യാത്ര അവസാനിക്കുന്നില്ല എന്ന് അന്ത:ക്കരണത്തില്‍ നിന്നാരോ ഉപദേശിക്കുന്നു. ഒരുനാള്‍ ചീന്തലാര്‍ തോട്ടത്തില്‍ എത്തിച്ചേര്‍ന്നു. തോട്ടംതൊഴിലാളിയായി പണിയെടുക്കുമ്പോഴും തന്റെ ലക്ഷ്യസ്ഥാനത്തിനുവേണ്ടി മനസ്സ് വെമ്പല്‍കൊള്ളുകയായിരുന്നു. അവിടെനിന്നും ഒരുനാള്‍ പാപ്പന്‍കുട്ടി അപ്രത്യക്ഷനായി. ചീന്തലാര്‍ എസ്റ്റേറ്റ് അടങ്ങുന്ന കരുന്തരുവിമലയുടെ നിറുകയിലുള്ള പുന്നമരച്ചോട്ടില്‍ ഭീമാകാരമായ ഉരുളന്‍പാറ ക്കൂട്ടങ്ങള്‍ക്കു നടുവില്‍ ചുട്ടുപൊള്ളുന്ന വെയിലിനേയും അസ്ഥിതുളയ്ക്കുന്ന തണുപ്പിനേയും ചീറിയടിക്കുന്ന കാറ്റിനേയും അവഗണിച്ചും കരടി, കാട്ടുപൊത്ത്, കാട്ടുപന്നി തുടങ്ങിയ ദുഷ്ടമൃഗങ്ങളുടെ ആവാസകേന്ദ്രത്തില്‍ ഭീതിജനകവും ദുര്‍ഘടവുമായ സാഹചര്യത്തെ തൃണവല്‍ഗണിച്ചുകൊണ്ട് രണ്ടു വര്‍ഷവും പതിനൊന്ന് മാസവും ഇരുപത്തിരണ്ട് ദിവസവും നീണ്ടുനിന്ന ഘോരതപസ്സ്.

അശരീരികളിലൂടെയും ദര്‍ശനങ്ങളിലൂടെയും മനനങ്ങളിലൂടെയും കൈവന്ന ആത്മ ജ്ഞാനം തന്റേത് അവതാരജന്മാണെന്ന തിരിച്ചറിവിലെത്തി. തന്നില്‍ ഉദിച്ചുയരുന്ന ആത്മബോധത്തെ - ആളിക്കത്തുന്ന അന്തര്‍ജ്വാലകളെ അന്യോപകാരാര്‍ത്ഥം വിന്യസിക്കണം. മലയിറങ്ങി ദിവസങ്ങള്‍കൊണ്ട് ജന്മദേശത്തെത്തി. അദ്ദേഹ ത്തിന്റെ ദിവ്യത്വം അറിഞ്ഞവര്‍ കൂട്ടമായെത്തി. കൂടുതല്‍ പേര്‍ ശിഷ്യരായെത്തി. ഒപ്പം എതിര്‍പ്പുമായി നിരവധി പേര്‍. അവര്‍ അദ്ദേഹത്തെ വകവരുത്താന്‍ പലവിധകെ ണികളും ഒരുക്കി. തലനാരിഴയ്ക്കു രക്ഷപെട്ട ഒട്ടേറെ സന്ദര്‍ഭങ്ങള്‍, അപവാദങ്ങള്‍, അധിക്ഷേപങ്ങള്‍. പറയന്‍ സാമി, കള്ളസന്യാസി, ദുര്‍മന്ത്രവാദി തുടങ്ങിയ വിളിപ്പേരുകള്‍. സ്വാമിയെ കാണാനെത്തുന്നവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുന്നു. സവര്‍ണ്ണതയുടെ ജാതിഭീകരത തകര്‍ത്താടിയിട്ടും ഗുരുവിനെ തളയ്ക്കാനും തകര്‍ക്കാനും അവര്‍ക്കായില്ല. ലോകപ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ മകന്‍ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മരാജ വലിയതിരുമേനി ഉള്‍പ്പെടെ യുള്ളവര്‍ അദ്ദേഹത്തിന്റെ ശക്തരായ അനുയായികളും വിശ്വാസികളും സഹായി കളുമായിരുന്നു.

ആത്മീയ നവോത്ഥാനത്തോടൊപ്പം ഭൗതികനേട്ടങ്ങള്‍ക്കും ഉതകുന്ന ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തി. അനാഥര്‍ക്കു സംരക്ഷണം, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, നെയ്ത്തുശാല, മോട്ടോര്‍ സര്‍വ്വീസ് തുടങ്ങിയവ ചിലതുമാത്രം. ശ്രീനാരായണ ഗുരുദേവനുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നതില്‍ എന്നും ശ്രദ്ധാലുവായിരുന്നു. തിരുവനന്തപുരത്തെത്തിയാല്‍ ഡോ.പല്‍പ്പുവിന്റെ വീട്ടിലാ യിരിക്കും പലപ്പോഴും താമസം. ആത്മബോധോദയ സംഘം രൂപീകരിക്കുന്നതില്‍ ശ്രീനാരായണ ഗുരുവിന്റേയും ശിവഗിരി മഠത്തിന്റേയും വലിയ പ്രേരണയും പ്രോത്സാഹനവും ഉണ്ടായിരുന്നു.

പഞ്ചഭൂതങ്ങളെ സങ്കല്‍പ്പിച്ച് അഞ്ചുനിലകളിലായി പണിതുയര്‍ത്തുന്ന മഹാമണി സൗധം എന്ന ആദര്‍ശാശ്രമം കാണാനുള്ള ആഗ്രഹം ബാക്കിവെച്ച് 1950 ജൂലൈ 29ന് (1125 കര്‍ക്കിടകം 13) ശനിയാഴ്ച അദ്ദേഹം സമാധിയായി. സമ്പൂര്‍ണ്ണമായ അറിവ്, സമ്പൂര്‍ണ്ണമായ കര്‍മ്മം, സമ്പൂര്‍ണ്ണമായ അനുഭവം, സമ്പൂര്‍ണ്ണമായ ആനന്ദം, സമ്പൂര്‍ണ്ണമായ ആത്മാവ്, സമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം, സമ്പൂര്‍ണ്ണമായ ദൈവം, ആത്മാവ് പരിപൂര്‍ണ്ണമായി പ്രശോഭിക്കുന്നതിലേക്കായി മര്‍ത്ത്യലോകത്തോട് ഗുരുവെച്ച വ്യവസ്ഥകള്‍ ഇവയായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ആശ്രമങ്ങളും ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിന് വിശ്വാസികളുമായി ശുഭാനന്ദദര്‍ശനം ലോകത്ത് വികസിക്കുകയാണ്. സ്വച്ഛന്ദമായ സാമൂഹ്യജീവിതത്തിനു മേല്‍ അശാന്തിയുടെ കര്‍മ്മമേഘങ്ങള്‍ പടരു മ്പോള്‍ ആത്മാവില്‍ ബോധം ഉദയംചെയ്യിച്ച് ശുഭമായും ശുഭനന്ദമായും അവതരിച്ച ഗുരുദേവന്‍ ആത്മീയ നഭസിലെ വിപ്ലവ നക്ഷത്രമായി മാനവീകതയുടെ മഹാപ്രവാ ചകനായി പരിലസിക്കുകയാണ്.

രാമചന്ദ്രന്‍ മുല്ലശ്ശേരി
9497336510




Sunday 20 August 2017

പോക്‌സോ നിയമവും ആദിവാ സികളും - അമ്മിണി കെ. വയനാട്

അമ്മിണി കെ.  വയനാട്

ലോകരാജ്യങ്ങളിലെല്ലായിടത്തും, അതാത് രാജ്യത്തിന്റെ അവരുടേതായ ഒരു ഭരണസംവിധാനം നിലവിലുണ്ട്. ജനാധിപത്യം, മുതലാളിത്തം, രാജഭരണം, സോഷ്യലിസം എന്നീ വിവിധ ങ്ങളായ സംവിധാനങ്ങളെ ആശ്രയിച്ചാണ് പല രാജ്യങ്ങളും അവരുടേതായ ഭരണം നിലനിര്‍ത്തിക്കൊണ്ടുപോരുന്നത്. ലോകത്തിലെവിടെയായിരുന്നാലും ഏത് തരത്തിലുളള ഭരണസംവിധാനത്തില്‍ കീഴിലായിരുന്നാലും സാര്‍വ്വദേശീയമായി അംഗീകരിക്കപ്പെട്ട ഒരു സമൂഹമാണ് ഓരോ രാജ്യത്തിലെയും ആദിമനിവാസികള്‍ അഥവാ ഇന്റിജീനിയസ് പീപ്പിള്‍സ്. പൊതുസമൂഹത്തില്‍ നിന്നും അഥവാ മുഖ്യധാര ജീവിതരീതികളില്‍ നിന്നും മാറി ജീവിക്കുകയും തങ്ങളുടേതായ ഒരു ഗോത്രസംസ്‌കൃതി നിലനിര്‍ത്തുകയും ചെയ്യുക എന്നുളളതാണ്. ആദിമനിവാസികളുടെ സവിശേഷത എന്നുളളത് തര്‍ക്കമില്ലാത്ത കാര്യമാണ്. 

പ്രകൃതിയോടും മണ്ണിനോടും സമരസപ്പെട്ട് ജീവിക്കുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുക എന്നുളളത് ആദിമനിവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ഗോത്രസംസ്‌കൃതിയുടെ സാംസ്‌ക്കാരിക ഔന്നത്യമായി വേണം കരുതുവാന്‍. പൊതുവായ സാമൂഹിക ജീവിതക്രമത്തില്‍ അസംതൃപ്തരായ ഈ ജനവിഭാഗം തങ്ങളുടേതായ ഒരു ജീവിത രീതി പരമ്പരാഗതമായി നിലനിര്‍ത്തി പോരുന്നു. ഇന്ത്യയിലും മറ്റു ലോകരാജ്യങ്ങളുടേത്‌പോലെ തന്നെ ആ മണ്ണിന്റെ ഉടമകളായവരും തദ്ദേശീയരുമായ ആദിമനിവാസികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടാണ് കാണുവാന്‍ കഴിയുന്നത്. മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മാത്രമാണ് തദ്ദേശീയ ജനവിഭാഗം ആ രാജ്യത്തിന്റെ അധികാര പങ്കാളിത്തത്തില്‍ പൂര്‍ണ്ണമായും ഇല്ലാത്ത ഒരവസ്ഥ ഉളളത് എന്ന് കാണാന്‍ കഴിയും. ആദിമനിവാസികള്‍ എന്ന ഒറ്റ സംജ്ഞയില്‍ നില്‍ക്കുമ്പോള്‍ തന്നെ സാമുദായികമായി വൈവിധ്യപൂര്‍ണ്ണമായ ആചാരാനുഷ്ഠനങ്ങളാണ് ഗോത്രകേന്ദ്രീ കൃതമായ ആദിവാസികള്‍ തുടര്‍ന്നുപോന്നത്. കേരളത്തിലെ ആദിവാസികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആദിവാസികളെ സംബന്ധിച്ചു അവരുടെ ആചാരാനു ഷ്ഠാനങ്ങളെ സംബന്ധിച്ച നിയതമായ ഒരു രൂപരേഖ ഉണ്ടാക്കിയെടുക്കുന്നതിന് ഭരണസംവിധാനമോ പൊതു സമൂഹമോ ബുദ്ധിജീവികളോ ഇതുവരെ തുനിഞ്ഞിട്ടില്ല. ഇത് ലോകത്താകമാനം നിറഞ്ഞുനില്‍ക്കുന്ന സ്ഥിതിവിശേഷമാണ്. 


കേരളത്തിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം ഓരോ ഗോത്രവര്‍ഗ്ഗങ്ങളിലും അവരുടേതായ ആചാരാനുഷ്ഠാനങ്ങളും നിയമങ്ങളും നിലവിലുണ്ട്. ഇത് പൊതുസമൂഹത്തിന്റെ രീതിയില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ കൂടി പൊതുസമൂഹം ഇന്ന് തുടര്‍ന്നു വരുന്ന അനുഷ്ഠാനരീതികളുടെ പൂര്‍വ്വികഭാവം തന്നെയാണ്. പൗരാണിക രീതികളില്‍ നിന്നും വ്യതിചലിക്കാതെ പൊതുസ മൂഹം അനുവര്‍ത്തിച്ച പരിഷ്‌കാര രീതികളെ ഉള്‍ക്കൊളളാനാവാതെ പരമ്പരാഗതമായി നൂറ്റാണ്ടുകളോളം തനത് ശൈലിയെ കൈവിടാതെ കാത്ത് സൂക്ഷിച്ച് കൊണ്ടുവരുക എന്നുളള ശ്രമകരമായ തീരുമാനത്തില്‍ നിന്നും ഒട്ടും പുറകോട്ട് പോയിട്ടില്ല ആദിമസമൂഹം എന്നുളളത് വളരെ അത്ഭുതാവഹമാണ്. എന്നാല്‍ കാലഘട്ടങ്ങള്‍ മാറിമറിയുമ്പോള്‍ തികച്ചും സ്വകാര്യ മായ ജീവിതശൈലി ഇഷ്ടപ്പെടുന്ന ആദിവാസി സമൂഹത്തിന് പൊതുസമൂഹവുമായി ഇടപഴുകേണ്ട സ്ഥിതി വരുമ്പോള്‍ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഗോത്ര സംസ്‌കൃതിയില്‍ വെളളം ചേര്‍ക്കപ്പെടുകയോ ഒട്ടും തന്നെ ഇല്ലാതാവുകയോ ചെയ്യുന്നു. ഇത് ആദിവാസി സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നു. ഭരണസംവിധാനം ഉള്‍പ്പടെ വിവിധ തുറകളില്‍പെട്ട പൊതുസമൂഹമായി സമ്പര്‍ക്കപ്പെടുമ്പോള്‍ തദ്ദേശീയരായ ഈ സമൂഹം ഗത്യന്തരമില്ലാതെ പൊതുസമൂഹത്തിന്റെ നിയമാവലികള്‍ക്ക് കീഴ്‌പെട്ട് ജീവിക്കേണ്ട ദയനീയമായ സാഹചര്യം ഉടലെടുക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിമനിവാസികള്‍ ഉളളത് വയനാട് ജില്ലയിലാണ്. ഇവിടുത്തെ ആദിവാസികളുടെ സ്ഥിതി തികച്ചും ദയനീയമാണ്. തങ്ങളുടേതായ സാമുദായിക നിയമങ്ങള്‍ ഒന്നും തന്നെ പൊതുസമൂഹമോ, ഭരണകൂടമോ നിയമവ്യവസ്ഥയോ മനസ്സിലാക്കിയിട്ടില്ല എന്നുളളത് ആ സമൂഹത്തെ സംബന്ധിച്ച് തികച്ചും നിര്‍ഭാഗ്യകരമാണ്. വയനാട്ടിലെ തന്നെ കുറിച്യര്‍ വിഭാഗത്തില്‍ മാത്രമാണ് അല്പം വ്യത്യസ്ഥമായ ഒരു സ്ഥിതി നിലനില്‍ക്കുന്നത്. കുറിച്യര്‍ ഹൈന്ദവതത്വസം ഹിതയോട് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ സാമുദായിക നിയമങ്ങള്‍ ഒരു പരിധിവരെ മുഖ്യധാരയുമായി സമരസപ്പെടുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പണിയര്‍ എന്ന ഗോത്രസമൂഹം തികച്ചും ഗോത്രസ്വത്വത്തില്‍ അധിഷ്ഠിത മായിട്ടാണ് ജീവിക്കുന്നത്. ഒരു വ്യക്തി ജനിക്കുന്നതുമുതല്‍ തുടങ്ങുന്നു വിവിധങ്ങളായ ആചാരാനുഷ്ഠാന രീതികള്‍. പണിയര്‍ സമൂഹത്തില്‍ ജനനം, തിരണ്ട് കല്യാണം, വിവാഹം, പ്രസവം, മരണം മരണാനന്തരക്രിയകള്‍ ഇവയ്‌ക്കെല്ലാം തന്നെ അവരുടേതായ ആചാരരീതികളുണ്ട്. ആചാരാനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തികൊണ്ടോ, ഗോത്രസമൂഹത്തിന്റെ തലവനെ ചോദ്യം ചെയ്തുകൊണ്ടോ പണിയര്‍ക്ക് മുന്നോട്ടു പോകാനില്ല.


ഗോത്രാചാരം അനുസരിച്ച് ഒരു പെണ്‍കുട്ടിയുടെ തിരണ്ട് കല്യാണം അവളുടെ വിവാഹത്തേക്കാള്‍ പ്രാധാന്യമേറിയതാണ്. കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ മൂലം ഇത്തരം ചടങ്ങുകള്‍ നടത്തേണ്ട അവസരത്തില്‍ അത് നടത്താന്‍ കഴിയാതെ വന്നാല്‍ അനുകൂലസാഹചര്യത്തില്‍ ബന്ധുക്കള്‍ ആ ചടങ്ങ് കൃത്യമായി നടത്തിയിരിക്കും. ഇത്തരത്തിലുളള കാര്യങ്ങള്‍ക്കുവേണ്ടി മൂപ്പന്‍മാരും ബന്ധുമിത്രാദികളും ഊരുകളില്‍ ഒത്തുചേരുന്ന പതിവുണ്ട്. വയസ്സറിയിച്ച പെണ്‍കുട്ടിക്ക് തങ്ങളുടെ തന്നെ വിഭാഗത്തില്‍ നിന്നും വിവാഹാലോചനകള്‍ താമസംവിന വന്നുതുടങ്ങും. ഇഷ്ടപ്പെട്ട സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കുവാന്‍ ഇവിടെ അവസരമുണ്ട്. ശൈശവവിവാഹം ഈ വിഭാഗത്തില്‍ വളരെ കൂടുതലാണ്. പരിഷ്‌കൃത സമൂഹത്തിലേതെന്നപോലെ ചെറുപ്രായത്തില്‍ തന്നെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ഊരുക്കളില്‍ നിന്ന് പാലായനം ചെയ്യുകയും മറ്റേതെങ്കിലും പ്രദേശങ്ങളില്‍ പോയി ജീവിതമാര്‍ഗ്ഗം തേടുകയും ചെയ്യും. എന്നാലിത്തരത്തിലുളള ബന്ധത്തിന് സമുദായത്തില്‍ ഒരെതിര്‍പ്പുമില്ല. ഇരുവിഭാഗങ്ങളിലെ മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഊരുകൂട്ടം വിളിച്ച് ചേര്‍ക്കുകയും തെറ്റ് സംബന്ധിച്ചുളള കാര്യങ്ങള്‍ പറഞ്ഞ് തീര്‍പ്പുകല്‍പ്പിക്കുകയും തെറ്റിന് പിഴ നല്‍കികൊണ്ട് ഇവരുടെ ബന്ധത്തെ അംഗീകരിക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വയനാട്ടിലെ ആദിവാസി മേഖലയില്‍ 18 വയസിന് താഴെ പ്രായമുളള വിവാഹിതരുടെ നിരക്ക് കൂടി വരുന്നത്. ഗോത്രസമൂഹത്തിലെ അലിഖിത നിയമങ്ങള്‍ ഇത്തരത്തിലുളള വൈവാഹിക നിയമങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കില്‍ പോലും, പൊതുസമൂഹം ഇതിനെ അംഗീകരിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്തിയ 22 ഓളം കേസുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ കൂടുതലാണ്. ഇവിടെയാണ് പോക്‌സോ നിയമം ആദിവാസികളില്‍ കരിനിഴല്‍ വീഴ്ത്തുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ അമ്പലവയല്‍ അയ്യപ്പമൂല കോളനിയിലെ ബാബു എന്ന ആദിവാസി യുവാവിന് 40 വര്‍ഷംകഠിനതടവിനാണ് വയനാട് ജില്ല പോക്‌സാകോടതി 2015 സെപ്തംബര്‍ മാസം 15 ന് ശിക്ഷാവിധിച്ചത്. ബാബുവിന്റെ ജാമ്യത്തിനായി വയനാട് ജില്ലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഹരി ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് രണ്ടരവര്‍ഷക്കാലം ബാബു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. ബലാത്സംഗം തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് 40 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പോക്‌സോ നിയമത്തിന്റെ കുരുക്കില്‍ പെട്ട് നിരവധി ആദിവാസി യുവാക്കളാണ് തുറങ്കില ടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗോത്രസംസ്‌കൃതിയിലെ സാംസ്‌ക്കാരിക പിന്തുടര്‍ച്ചയും, പൊതു സാമൂഹിക പിന്തുടര്‍ച്ചയും, പരസ്പരം കൂട്ടിമുട്ടുന്ന ഒരു സ്ഥിതി വിശേഷം സംജാതമാകുകയാണ്. ഇത് ആദിവാസികളെ സംബന്ധിച്ച് അംഗീകരിക്കുവാന്‍ കഴിയുന്ന ഒരു കാര്യമല്ല. ഒരു നിയമനിര്‍മ്മാണ പട്ടണത്തില്‍ ആ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന അനന്തരഫലത്തെപ്പറ്റി ആഴമുളള പഠനം ഇല്ലാതെപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പോക്‌സോ നിയമത്തിന്റെ മറ്റൊരു ദുരുപയോഗത്തിനു ഉദാഹരണമാണ് നിര്‍ഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളുടെ അവസ്ഥ. ഗോത്ര സാമൂഹിക വ്യവസ്ഥ അംഗീകരിച്ച് വിവാഹം നടത്തികൊടുത്ത ആദിവാസി പെണ്‍കുട്ടികളുടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വോളന്റിയേഴ്‌സ് നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ട് പോയി നിര്‍ഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നു. ആദിവാസി സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ഒരു പെണ്‍കുട്ടി വയസ്സറിയിച്ച് കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും വിവാഹമാകാം എന്നതാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയാണെന്ന വാദവും ആദിവാസികള്‍ക്കിടയില്‍ തന്നെയില്ല. എന്നാല്‍ മുസ്ലീം വ്യക്തിനിയമത്തില്‍ ലഭിക്കുന്ന പരിരക്ഷകള്‍ ആദിവാസി സമൂഹത്തിന് ലഭ്യമാകുന്നില്ല എന്നത് വൈരുദ്ധ്യാത്മകമാണ്. 1919 ല്‍ നിലവില്‍ വന്ന ശൈശവ വിവാഹ നിയന്ത്രണ നിയമം 2006 ല്‍ ശൈശവ വിവാഹ നിരോധന നിയമം വഴി പരിഷ്‌കരിച്ചു. 2007 നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ഈ നിയമമനു സരിച്ച് 18 വയസ്സിന് താഴെ പ്രായമുളള ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നടത്തുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. പിന്നീട് നിര്‍ഭയ സംഭവവുമായി ബന്ധപ്പെട്ട് 2012 ല്‍ വന്ന നിയമമാണ് 


പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ് ആക്ട് (പോക്‌സോ 2012). 

ഈ നിയമപ്രകാരം പതിനെട്ട് വയസില്‍ താഴെയുളള ഒരു പെണ്‍കുട്ടിക്ക് നേരെ നടത്തുന്ന പീഢനശ്രമമോ, ലൈംഗിക അതിക്രമമോ ചൂഷണമോ പോക്‌സോ നിയമത്തിന്‍ പ്രകാരം ഗുരുതരമായ കുറ്റമാണ്. ഇവിടെയാണ് ആദിവാസി വിഭാഗ ത്തിലെ വിവാഹങ്ങള്‍ പോക്‌സോ നിയമക്കുരുക്കില്‍പെടുന്നത്. ഗോത്രാചാരപ്രകാരം നടത്തപ്പെടുന്ന വിവാഹങ്ങള്‍ പോക്‌സോ നിയമപ്രകാരം കടുത്ത കുറ്റമാണ്. വയനാട് ജില്ലയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകം അമിത താല്‍പര്യവും സമ്മര്‍ദ്ദവും ചെലുത്തി ആദിവാസി യുവാക്കളെ പോക്‌സോ നിയമകുരുക്കില്‍ പെടുത്തി ജയിലില്‍ അടയ്ക്കാന്‍ ശ്രമം നടത്തി. ചൈല്‍ഡ് ലൈന്‍ ഇതിന് നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മികവ് തെളിയിക്കുന്നതിന്റെ ഭാഗമായി 2015-2016 ല്‍ വര്‍ഷത്തില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതില്‍ 9 എണ്ണം ജനറല്‍ കേസ്സും 24 എണ്ണം ആദിവാസി യുവാക്കളെ സംബന്ധിച്ചിട്ടുളള കേസ്സുകളായിരുന്നു. FIR രേഖപ്പെടുത്തുന്നതിന് വേണ്ടി ശക്തമായ ഇടപെടലും സ്വാധീനവും CWR ചെയര്‍മാന്‍ ചെയ്തതായി പല പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വെളിപ്പെടുത്തി തുടങ്ങി. ഇങ്ങനെ നിയമകുരുക്കില്‍ പെട്ട് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കു ന്നതിനും ജാമ്യത്തിലിറക്കുന്നതിനുമായി മുന്നോട്ട് വരുവാന്‍ ആദിവാസി കുടുംബങ്ങളില്‍ പലര്‍ക്കും കഴിയാതെ പോകുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാലും അതിനാല്‍ കരം കെട്ടിയ രസീത് ഇല്ലാത്തതിനാലും ബാബുവിന്റെ കേസ്സില്‍ ആദിവാസികള്‍ അല്ലാത്തവര്‍ ജാമ്യം എടുക്കുന്നതിന് രംഗത്ത് വന്നെങ്കിലും നടന്നില്ല. ആദിവാസി തന്നെ വരണം എന്നതാണ് മറ്റൊരുനിയമതടസ്സം. ഇങ്ങനെ അറസ്റ്റ് ചെയ്യുന്നവരെ ജാമ്യത്തിലിറക്കാന്‍ ആദിവാസികള്‍ക്ക് കഴിയുന്നില്ല. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ആദിവാസികളെ ജാമ്യത്തിലിറക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു.പോക്‌സോ കോടതിയില്‍ എത്തുന്ന കേസ്സുകളില്‍ 95% വും ജനറല്‍ വിഭാഗത്തിലുളള ആളുകള്‍ ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്സുകളാണ്. ഇതില്‍ മതിയായ തെളിവ് ഇല്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടതായും മിക്കവാറും വിധികളില്‍ തെളിയിക്കുന്നു. ആദിവാസികളെ മാത്രം തേടി പിടിച്ച് ഇത്തരത്തില്‍ കേസ് ചാര്‍ജ്ജ് ചെയ്യുന്നത് മനോഭാവത്തിന്റെ പ്രശ്‌നമാണ്.

അഡ്വ. ഫാ. തോമസ് തേരകം ആദിവാസി നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും സംബന്ധിച്ച് ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയ ആളാണ്. വയനാട് ജില്ലയിലെ കുടിയേറ്റ കര്‍ഷകകുടുംബത്തില്‍ ജനിച്ച ഒരാളും കൂടിയാണ് ഇവര്‍. 1975 -ല്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കല്‍ നിയമവും ആദിവാസി സംഘടിപ്പിച്ച സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി മലയോരകര്‍ഷ ഫെഡറേഷന്‍ രൂപീക രിച്ചു ആദിവാസി വിരുദ്ധരായ ഇവര്‍ 2003 മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ അടക്കപ്പെട്ട ആദിവാസി സഹോദരങ്ങളെ മോചിപ്പിക്കാന്‍ അവരുടെ അവകാശങ്ങള്‍ നിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനുവേണ്ടി നീതി വേദി എന്ന ഒരു NGO സംഘടന രൂപീകരിച്ചു. ഒരു ആദിവാസി കേസു പോലും അന്വേഷിക്കാനോ പരിഗണിക്കാനോ ഈ സംഘടന മുന്നോട്ട് വന്നിട്ടില്ല. ഇവരുടെ ലക്ഷ്യം തന്നെ ആദിവാസികളെ മുന്‍നിര്‍ത്തി വിദേശഫണ്ടുകള്‍ വാങ്ങുക എന്നുളളത് മാത്രമാണ്. ആദിവാസികള്‍ അന്നും ഇന്നും എന്നും ജീവനുളള പരീക്ഷണ വസ്തുക്കളാണ്. NGO ക്കാര്‍ക്ക് കാശ് ഉണ്ടാക്കാനുളള ഒരു ഉല്‍പന്നം മാത്രമായി മാറിയിരിക്കുന്നു ആദിവാസികള്‍.


ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന 
നിയമം - 2012. 
പോക്‌സോ ആക്റ്റ് - 2012. 

കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണെന്ന തിരിച്ചറിവുണ്ടാകുകയും മാതാപിതാക്കള്‍ കുട്ടികളെ കരുതുന്നതിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും, സര്‍ക്കാര്‍ കുട്ടികള്‍ക്കു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുമ്പോഴും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരം വര്‍ദ്ധിച്ചുവരികയാണ്. സമഗ്രമായ നിയമ സംവിധാന ങ്ങളുടെ അപര്യാപ്തതയും അവബോധമില്ലായ്മയും ഒരു പരിധി വരെ നിലവിലുളള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ഒരു നിയമം 2012 ല്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.

കൂടാതെ ഭരണഘടന കുട്ടികള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കുവാന്‍ അനുശാസിക്കുന്നതായും കുട്ടികളുടെ അവകാശഉടമ്പടിയില്‍ ഇന്ത്യ ഒപ്പു വച്ചിട്ടുളളതിനാലും ഇത് ഗവണ്‍മെന്റ് ഉത്തരവാദിത്വം കൂടിയാണ്. ആയതിനാല്‍ പോക്‌സോ ആക്റ്റ് ഗോത്രവര്‍ഗ്ഗങ്ങളുടെ ആചാരങ്ങളെ സംബന്ധിച്ചു ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യേണ്ടത്.

ലൈംഗിക അതിക്രമണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന ആക്ട് 2012 
നിര്‍വചനം

ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ നിയമം. ഈ നിയമം കുട്ടികള്‍ക്കെതിരായുളള ലൈംഗിക കുറ്റകൃത്യങ്ങള്‍ തരംതിരിച്ച് അതിനുളള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 3 - കുറ്റം ലൈംഗിക കടന്നുകയറ്റത്തിലൂടെയുളള ആക്രമണം. 7 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാല ത്തേയ്ക്ക് രണ്ടിലേതെങ്കിലും തരത്തില്‍പെട്ട തടവുശിക്ഷയ്ക്കും പിഴയ്ക്കും അര്‍ഹതയുണ്ടായിരിക്കും. 

വകുപ്പ് - 5 . ഗൗരവകരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുളള ആക്രമണം 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കാലത്തേയ്ക്കു കഠിന തടവിനും കൂടാതെ പിഴയ്ക്കും അര്‍ഹനാകുന്നതാണ്.
വകുപ്പ് - 7 ലൈംഗിക ആക്രമണം
3 വര്‍ഷത്തില്‍ കുറയാത്തതും 5 വര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിലുള്‍പ്പെട്ട തടവു ശിക്ഷയ്ക്കും പിഴയ്ക്കും കൂടി അര്‍ഹനായിത്തീരുന്നതാണ്.
വകുപ്പ് - 9. ഗൗരവതരമായ ലൈംഗിക ആക്രമണം. 5 വര്‍ഷം കുറയാത്തതും 7 വര്‍ഷം വരെ ആകാവുന്ന തടവു ശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും കൂടി ശിക്ഷ ഉളളതാണ്.
വകുപ്പ് -11 ലൈംഗിക പീഡനം
3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷയ്ക്കും കൂടാതെ പിഴയ്ക്കും അര്‍ഹനായിത്തീരുന്നതാണ്. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കീഴില്‍ കേരളത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതും കമ്മിറ്റിയുടെ ഭാരവാഹികള്‍ എല്ലാം തന്നെ ക്രിസ്ത്യന്‍ മിഷണറിയുമായി ബന്ധമുളള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ്. കോട്ടിയൂര്‍ ഫാ. റോബിന്‍ വടക്കന്‍ചേരി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയവരുമായി ബന്ധപ്പെട്ട് ഈ കമ്മിറ്റികളെല്ലാം തന്നെ എല്ലാ തരത്തിലുളള പിന്തുണയും സഹായവുമാണ് ചെയ്തത്. ഇതില്‍ വയനാട് CWC ചെയര്‍മാന്‍ അടക്കം 10 പ്രതികളും സഭയുമായി ബന്ധമുളളവരാണ്. പ്രതികളെ രക്ഷപെടുത്തുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒത്താശയും പോലീസും സഭയും ഒരുക്കിക്കൊടുത്തു. അതുകൊണ്ടാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് പ്രതികള്‍ 6 മണിക്കു എത്തുകയും കോടതി ജാമ്യാപേക്ഷ പരിഗണിച്ചവരും പീഡനത്തിനരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന് മുലപ്പാല്‍ പോലും നിഷേധിച്ചതും കുഞ്ഞിനെ വയനാട്ടില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രം വൈത്തിരി ഹോളി ഇന്‍ഫന്റ് കോണ്‍വെന്റില്‍ എത്തിച്ചതും മറക്കാനാവുന്നതല്ല. പോക്‌സോ ആക്ട് നിയമവും ഇതിന് ബാധകമായില്ല. 

പോക്‌സോ നിയമക്കുരുക്കില്‍പെട്ട് ഇന്നും പല യുവാക്കള്‍ വൈത്തിരി, മാനന്തവാടി സബ് ജയിലില്‍ കഴിയുന്നുണ്ട്. രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തിലൂടെ വയനാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് മാസത്തില്‍ 'കമ്മിറ്റി എഗനിസ്റ്റ് പോക്‌സ് ഓണ്‍ ട്രൈബല്‍ മാര്യേജ്' എന്ന സമതിക്ക് രൂപം നല്‍കി സമരപ്രേക്ഷോഭങ്ങള്‍ നടത്തിവരുന്നു.ഇരട്ട നീതിക്കെതിരെ 21-3-2017 സമരപ്രഖ്യാപന ഉപവാസം നടത്തി 2017 മാര്‍ച്ച് 24-ാം തീയതി ബാബുവിനെ മോചിപ്പിച്ചു. രണ്ടരവയസ്സുളള മകന്‍ സബിന്‍ ഭാര്യ സജീനയ്ക്കും ഒപ്പം സുഖമായി ജീവിക്കുന്നു. പലരും ജാമ്യം എടുക്കാന്‍ ആരുമില്ലാതെ തടവിലുണ്ട്. ഇവരെ സംരക്ഷിക്കാനും നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും സര്‍ക്കാര്‍ കണ്ണ് തുറക്കണം.





പി.എ. അനില്‍കുമാര്‍


എം.ജി.സര്‍വ്വകലാശാലയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ഡോക്‌ട്രേറ്റ് നേടിയ ചങ്ങനാശ്ശേരി പി.എ. അനില്‍കുമാര്‍ കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗമാണ്.

Saturday 19 August 2017

ദലിത് സൈദ്ധാ ന്തികത യും അധികാ രവും – എലിക്കുളം ജയകുമാര്‍



ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനത ഇന്നും അതിജീവനസമരപാതയിലാണ്. ജാതിമേല്‍ക്കോയ്മ എന്ന വിഷസര്‍പ്പത്തെ മനസ്സിലൊളിപ്പിച്ച് അധികാരം കൈയ്യാളുന്ന സവര്‍ണ്ണ ഭരണാധികാരികള്‍ ഉളളിടത്തോളം കാലം അവര്‍ണ്ണ ജനതയുടെ സമഗ്ര വിമോചനം അകലെയാണ്. പ്രബല ജാതി സംഘടനകള്‍ രാഷ്ട്രീയത്തിന്‍മേല്‍ അവിഹിത സ്വാധീനമുറപ്പിക്കുകയും ജാതിപക്ഷപാതത്തിന് തട്ടകമാക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലമാണിത്.

ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്പിന്റെ ചാലകശക്തി ആ സമൂഹം നേടുന്ന വിദ്യാഭ്യാ സത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും നവീനകാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലായിരിക്കും. ആദ്ധ്യാത്മികവും സാമൂഹികവുമായ വിദ്യാഭ്യാസത്തിന് വിമോചന പുരോഗമന പാതയില്‍ ഗണ്യമായ സ്ഥാനമുണ്ട്. പട്ടികജാതി ജനവിഭാഗ ങ്ങളുടെ സാമൂഹിക വിദ്യാഭ്യാസത്തെയും വിമോചനാശയരൂപീകരണത്തെയും ലക്ഷ്യം വച്ച് ശ്രീ. എലിക്കുളം ജയകുമാര്‍ രചിച്ച 12 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ ദലിതനും ആത്മബോധവും സ്വത്വചിന്തയും അനുഭവവേദ്യമാകുന്ന ഒരു കൃതിയാണിത്. സവര്‍ണ്ണ അധികാരവര്‍ഗ്ഗത്തിനു നേരെയുളള ചോദ്യശരങ്ങളാണ് ജയകുമാറിന്റെ ഓരോ ലേഖനവും. ദലിത് ചരിത്രഭൂമികയിലെ ഒരു നാഴികകല്ലാണ്ഈ പുസ്തകം.





കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പളളി താലൂക്കില്‍ എലിക്കുളത്തു ജനിച്ച ജയകുമാര്‍ മലയാളത്തില്‍ പോസ്റ്റ് ഗ്രാഡുവേഷനും സാമൂഹ്യശാസ്ത്രത്തില്‍ ബി.എഡും കരസ്ഥ മാക്കിയിട്ടുണ്ട്. 2010 ല്‍ സൈന്ധവം കഥ അവാര്‍ഡും 2012 കല്ലറ സുകുമാരന്‍ അവാര്‍ഡും ലഭിച്ചു. നിരവധി ലേഖന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി യിട്ടുണ്ട്. കല്ലറ സുകുമാരന്‍ (ജീവചരിത്രം) ആഗോളവത്ക്കരണവും ദലിതരും (ലേഖന സമാഹാരം) ടീച്ചറമ്മയുടെ ബാബു (കുട്ടികളുടെ നോവല്‍), പണയവസ്തുക്കള്‍, അടിക്കു റിപ്പുളള ജീവിതരേഖ, കഥാസമാഹാരങ്ങള്‍ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍, കവിത, ചെറുകഥ, പുസ്തകാസ്വാദനം, അഭിമുഖം മുതലായവ എഴുതുന്ന ജയകുമാര്‍, എം.ജി. യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ഓഫീസറാണ്. ഭാര്യ എസ്. ജയശ്രീ (അദ്ധ്യാപിക). മക്കള്‍ നന്ദു ജെ പാറയ്ക്കല്‍, സ്‌നേഹാ ജയകുമാര്‍ കോട്ടയം അസെന്‍ഡ് പബ്‌ളിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Thursday 17 August 2017

'പ രഞ്ജിത്ത്'

പ രഞ്ജിത്ത് 

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ വിസ്മയമായ 'കബാലി'യുടെ സംവിധായകന്‍. ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ അഭിമാനമായ അംബേദ്കറൈറ്റ്. വരേണ്യ ആര്യവര്‍ഗ്ഗം തങ്ങളുടെ ബ്രാഹ്മണിക് സവര്‍ണ്ണ സംസ്‌ക്കാരങ്ങളെ സിനിമയെന്ന വലിയ മാധ്യമത്തിലൂടെ ഇന്ത്യയുടെ പൊതുബോധമാക്കി അവതരിപ്പിച്ചപ്പോള്‍, അതിനെ വെല്ലുവിളിച്ചുകൊണ്ട്, 'ആട്ടക്കത്തി' 'മദ്രാസ്' 'കബാലി' എന്നീ സിനിമക ളിലൂടെ തദ്ദേശീയ ജനതയുടെ പച്ചയായ ജീവിതത്തെ വെളളിത്തിരയിലെത്തിച്ച ദലിതന്‍. ഇന്ത്യയില്‍ ഇങ്ങനെയും ജീവിതങ്ങളുണ്ടെന്നും പൊതുസമൂഹത്തോട് അവര്‍ക്കും ചിലത് പറയാനുണ്ടെന്നും അദ്ദേഹം സിനിമയിലൂടെ കാണിച്ചുതന്നു. വരേണ്യ ബ്രാഹ്മണിക് സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ഇന്ത്യയുടെ ആഴങ്ങളിലാണ് യഥാര്‍ത്ഥ ജീവിതം ഉളളതെന്നും, ഓരോ അരികുവല്‍ക്കരിക്കപ്പെട്ടവരും അതിലെ ജീവിക്കുന്ന കഥാപാത്രങ്ങളാണെന്നും ലോകത്തോട് വിളിച്ചു പറയേണ്ടതിന്റെ അനിവാര്യതയാണ് തന്റെ സിനിമാ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് 'പ' നമ്മളോട് പറയുന്നു. സവര്‍ണ്ണ ക്യാമറകള്‍ ബ്രാഹ്മണിക് മൂല്യസങ്കല്‍പ്പത്തിലെ വെളുപ്പെന്ന സൗന്ദര്യത്തിലേക്കും, ബ്രാഹ്മണിക്കലായ സാമൂഹികക്രമ ജീവിതത്തിലേക്കും തിരിച്ചു വെക്കുമ്പോള്‍ അതിന്റെ ബദല്‍ അന്വേഷണം തുടങ്ങേണ്ടത് ദലിത് ക്യാമറകളില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു. ദലിതരുടെ ക്യാമറകള്‍ തിരിച്ചു വെക്കേണ്ടത് സവര്‍ണ്ണ മൂല്യ സങ്കല്‍പ്പങ്ങളുടെ നേരെ വിപരീത ദിശയിലാകുമ്പോഴാണ് അതിനൊരു രാഷ്ട്രീയ മാനം കൈവരുന്നത്. കറുത്ത വില്ലന്‍ വെളുത്ത നായകന്റെ അടി വാങ്ങുകയും, കറുത്ത വാല്യക്കാരും, കുറത്ത ബുദ്ധശൂന്യകഥാപാത്രങ്ങളും കറുത്ത ഗുണ്ടകളും വെളുത്ത നായികയുടെ സൗന്ദര്യത്തെ വാനോലം പുകഴ്ത്തുന്ന കറുത്ത തോഴിയും ഇന്ത്യന്‍ സിനിമയില്‍ ഇന്നോളം തുടരുന്ന രീതിശാസ്ത്രമാണ്. ഇത്തരം സവര്‍ണ്ണ സൗന്ദര്യ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്ന നിരവധി സിനിമകള്‍ അടുത്തകാലത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും, അവയൊക്കെ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെ വേണ്ട രീതിയില്‍ സമൂഹത്തിനു പകരുന്നതില്‍ വിജയിച്ചോ എന്ന് ചോദിച്ചാല്‍സംശ യകരമാണ്. പാരലല്‍ സിനിമകളുടെ ഗണത്തിലേക്ക് തളളി അവയൊക്കെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്നും മാറ്റാനുളള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സവര്‍ണ്ണ ബുദ്ധികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ രഞ്ജിത്ത് എന്ന അംബേദ്കറൈറ്റ്, രജനീകാന്ത് എന്ന വലിയൊരു മാര്‍ക്കറ്റിങ് ടൂളിനെ തന്റെ രാഷ്ട്രീയ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഉപയോഗിച്ചു എന്നതാണ് പ്രധാനം. അതൊരു തന്ത്രവും ധൈര്യവുമാണ്. ഒരു ചെറിയ നോട്ടം കൊണ്ട് പോലും വലിയൊരു സന്ദേശത്തെ ഉല്‍പ്പാദിപ്പിക്കാന്‍ നല്ലൊരു സംവിധായകന് കഴിയുമെന്നദ്ദേഹം പറയുന്നു. 'ഗാന്ധി സട്ട അഴിച്ചതുക്കൂം, അംബേദ്കര്‍ കോട്ട് പൊട്ടതുക്കും ഇടയില്‍ ഒരു രാഷ്ട്രീയം ഇറുക്ക്' എന്ന ഒറ്റ ഡയലോഗിലൂടെ എന്ത് വലിയൊരു സന്ദേശമാണ് അദ്ദേഹം തദ്ദേശീയ ജനതക്ക് നല്‍കുന്നത്. തിരുവനന്തപുരത്തു മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യം. 'എനിക്ക് മുന്‍പ് പലരും ഇത് പോലെയെ അല്ലെങ്കില്‍ ഇതില്‍ കൂടുതലോ പ്രചോദനം നല്‍കുന്ന ഡയലോഗുകള്‍ എഴുതിയിട്ടുണ്ടാവും. പക്ഷേ പല കാരണങ്ങളാലും അവര്‍ക്കതു ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതവരുടെ മാത്രം തെറ്റല്ല. ദലിതരെ ഉണര്‍ത്തുന്ന ഒരു സന്ദര്‍ഭവും ഉണ്ടാവാതിരിക്കാന്‍ വലിയ മുന്‍കരുതലുകള്‍ സവര്‍ണ്ണബുദ്ധി പ്രയോഗിക്കുന്നുണ്ട്. അംബേദ്കര്‍ കോട്ടിട്ടതിലെ രാഷ്ട്രീയം തന്റെ ജനങ്ങളില്‍ എത്തിക്കാന്‍ താനെഴുതിയ ഡയലോഗ് രജനീകാന്തിന് കൊടുക്കുമ്പോള്‍ വലിയ സന്ദേഹമുണ്ടായിരുന്നു. എന്നാല്‍ രജനി വളരെ സന്തോഷത്തോടെ അത് പറയുകയും അഭിനയിക്കുകയും ചെയ്തു. അദ്ദേഹം അതഭിനയിച്ച ഷോട്ടിന് ശേഷം തനിക്കു വികാരം നിയന്ത്രിക്കാന്‍ കഴിയാതെ ബാത്‌റൂമില്‍ പോയി പൊട്ടിക്കരഞ്ഞ അനുഭവം 'പ' നമ്മളോട് പങ്കുവച്ചു. എത്ര വൈകാരികമായാണ് അത് നമുക്ക് ശ്രവിക്കാന്‍ കഴിയുക. സെന്‍സര്‍ ബോര്‍ഡ് ആ ഡയലോഗ് കട്ട് ചെയ്യുമോ എന്ന് പോലും രഞ്ജിത്ത് ഭയപ്പെട്ടു എന്നു പറഞ്ഞപ്പോള്‍ സിനിമയിലൊക്കെ നിലനില്‍ക്കുന്ന ജാതീയതയുടെ ആഴമാണ് നമ്മള്‍ തിരിച്ചറിയുന്നത്. സിനിമയിലും സമൂഹത്തിലും നിലനില്‍ക്കുന്ന സവര്‍ണ്ണ പൊതുബോധത്തെ തുടച്ചു നീക്കാന്‍ നമ്മള്‍ ക്യാമറ കയ്യിലെടുക്കുകയും നമ്മുടെ ജീവിതത്തിനു നേരെ തിരിച്ചു പിടിക്കുകയും വേണമെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വെളുത്ത നായകനും, വെളുത്ത നായികയുമല്ല, കറുത്ത നായികാ നായക സങ്കല്‍പ്പങ്ങളെ ഉല്‍പ്പാദിപ്പി ക്കാനുളള ശ്രമങ്ങള്‍ കൂടുതലായി ഉണ്ടാവണം. ബ്രാഹ്മണിക മൂല്യത്തില്‍ കെട്ടി യിടപ്പെട്ട കലയെ വെളിയില്‍ കൊണ്ട് വരുകയെന്ന ദൗത്യമാണ് നമ്മുടെ മുന്നിലുളളത്. സവര്‍ണ്ണബോധത്തെ വെല്ലുവിളിക്കുകയാണ് യഥാര്‍ത്ഥ ദലിത് രാഷ്ട്രീയം. മഹാത്മാ അയ്യങ്കാളിയും ബാബാ സാഹേബ് അംബേദ്ക്കറുമൊക്കെ ചെയ്തതതാണ്. വഴിയേ നടക്കരുതെന്ന സവര്‍ണ്ണ കല്‍പ്പനയെ വെല്ലുവിളിച്ചാണ് അയ്യങ്കാളി പൊതുവഴിയിലൂടെ വില്ലുവണ്ടിയില്‍ നെഞ്ച് വിരിച്ചു പായുന്നത് നിങ്ങള്‍ പഠിക്കരുതെന്നു പറഞ്ഞ ബ്രാഹ്മണിക് ആജ്ഞയെ ധിക്കരിച്ച് പഞ്ചമിയെ കൈ പിടിച്ച് സ്‌കൂളില്‍ കയറ്റുകയാണ് ചെയ്തത്. ഒറ്റയ്ക്ക് ഒരു പൊതുബോധ രാഷ്ട്രീയത്തെ വെല്ലുവിളിക്കുകയും, അവയെ പൊളിച്ചെഴുതുകയും ചെയ്യുകയാണ് മഹാത്മാ ചെയ്തത്. മനുസൃമ്തിയെന്ന ബ്രാഹ്മണിക് ഭരണക്രമത്തെ ചുട്ടെരിച്ചു പുതിയൊരു ജനാധിപത്യ സംവിധാനത്തെ ഇന്ത്യക്കു സമ്മാനിച്ചതിലൂടെ രാജ്യത്തെ 'ഡിപ്രസ്ഡ് ക്ലാസിനു' പുതിയൊരു രാഷ്ട്രീയ പാതയൊരുക്കുകയായിരുന്നു ബാബസാഹേബ്. പക്ഷേ ഈ മഹത്തുക്കളുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യത്തെയും കൃത്യമായി പിന്തുടരാനും, പ്രയോഗവല്‍ക്കരി ക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നമ്മള്‍ സ്വയം ചിന്തിക്കണം. 'പ രഞ്ജിത്ത് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തു തദ്ദേശീയ ജനതയുടെ വലിയൊരു പോരാട്ടം ഉദിച്ചു വരുന്നുണ്ട്. വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന വിപ്ലവങ്ങള്‍ അഭിമാനകാരമായ വലിയ സാമൂഹിക രാഷ്ട്രീയ മുന്നേറ്റമായി മാറും എന്നതില്‍ സംശയം വേണ്ട. ജയ് ഭീം.



ഗുരുദേവ പ്രഭാഷണ ങ്ങളിലൂടെ കിട്ടിയ അനുഗ്രഹം - വി.സി. തമ്പി വാകത്താനം




പ്രത്യക്ഷരക്ഷാ ദൈവസഭയില്‍ 1114 നു ശേഷം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുളള പ്രധാന വിഷയ മാണു ഗുരുദേവ പ്രഭാഷണങ്ങള്‍. 1114 കര്‍ക്കിടകമാസം 25-ാം തീയതി ഗുരുദേവ സംസാരം ആദ്യമായി ഉണ്ടാകുകയും 1160 ധനുമാസം 20-ാം തീയതിക്കു മുമ്പു വരെ (1984 ഡിസംബര്‍ മാസം 16-ാം തീയതി വരെ) അതു തുടരുകയും ചെയ്തു. നീണ്ട 46 വര്‍ഷക്കാലം ദിവ്യമാതാവിലൂടെ അത് അറിയുകയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തവരാണു പ്രത്യക്ഷ രക്ഷാ ദൈവസഭക്കാര്‍. അതു സഭയുടെ ആത്മീയവും ഭൗതീകവുമായ പ്രവര്‍ത്തനത്തെയും ഒരുമയേയും ലോകത്തിന്റെ മുമ്പില്‍ ഉയര്‍ത്തിക്കാട്ടി.

ഗുരുദേവന്‍ ദിവ്യമാതാവിലൂടെ ആദ്യമായി സംസാരിച്ച 1114 കര്‍ക്കിടകം ഇരുപത്തി അഞ്ചാം തീയതിക്കുമുമ്പുളള ചരിത്രം നാം പഠിച്ചാലേ എന്തുകൊണ്ടാണു ഗുരുദേവ ശരീരമാറ്റത്തിനു ശേഷം അമ്മച്ചിയിലൂടെ സംസാരിച്ചതെന്നു മനസ്സിലാകുകയുളളൂ. കുളത്തൂര്‍ കുന്നില്‍ താന്‍ യോഗം നടത്തിയപ്പോള്‍ സംസാരിച്ച വിഷയങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു പ്ലാന്‍ കെട്ടിടം. പ്ലാന്‍ കെട്ടിടം പണിയാനുളള വ്യവസ്ഥ രക്ഷിക്കപ്പെട്ടവര്‍ക്കായിരുന്നു. ദൈവത്തെ തിരിച്ചറിഞ്ഞവര്‍ക്കും അവിടുത്തെ കല്പനകളെ അംഗീകരിക്കുന്നവര്‍ക്കും അതനുസരിക്കുന്നവര്‍ക്കും നിഷ്‌കളങ്കരായ വര്‍ക്കും മാത്രമായിരുന്നു അതിനുളള അവകാശം. എന്നാല്‍ 1114 മിഥുനം 15 നു മുമ്പ് പ്ലാന്‍ കെട്ടിടം പണിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആദി ദ്രാവിഡനു നഷ്ടപ്പെട്ട ആദ്ധ്യാത്മീകവും, ഭൗതികവും, കലകളും, ജ്ഞാനങ്ങളും, ഭരണവും, ദ്രവ്യവും വീണ്ടെടുക്കാന്‍ ദൈവീക വ്യവസ്ഥയ്ക്കു വിധേയമായി പണിയേണ്ട കെട്ടിടമായിരുന്നു പ്ലാന്‍ കെട്ടിടം. അടിമവര്‍ഗ്ഗങ്ങളുടെ വീണ്ടെടുപ്പ് പ്ലാന്‍ കെട്ടിടത്തിലൂടെയേ സാദ്ധ്യമാക്കൂ എന്ന് അവിടുന്നു ഉദ്‌ബോധിപ്പിച്ചു.

പ്ലാന്‍ കെട്ടിടം പണിയുന്നതിനെ സംബന്ധിച്ച് അവിടുന്ന് ഉപമയിലൂടെ നമ്മുടെ മാതാപിതാക്കന്‍മാരോടു പറഞ്ഞത് താഴെ സൂചിപ്പിക്കുന്നു.

'നിങ്ങള്‍ നാലു മുഖപ്പോടുകൂടിയ ഒരു കെട്ടിടം പണിയണം. അതിനു മൂന്നു നിലകള്‍ ഉണ്ടായിരിക്കണം. മുകളിലത്തെ നിലയില്‍ കണ്ണാടിക്കൂട്ടില്‍ എന്നെ പ്രതിഷ്ഠിക്കണം. താഴത്തെ നിലയില്‍ സിംഹാസനവും അതിനു ചുറ്റും മുളളുവേലിയും ഉണ്ടായിരിക്കണം. കാലവും സമയവുമാകുമ്പോള്‍ കാളയും കലപ്പയുമായി കച്ചതുവര്‍ത്തും തൊപ്പിപ്പാളയും ധരിച്ച് ഞാന്‍ പടിഞ്ഞാറേപൊയ്കയില്‍ നിന്നു കയറി വരും. അപ്പോള്‍ കുളിക്കുന്നതിനു ചൂടുവെളളം, എണ്ണ, ഇഞ്ച, സോപ്പ് ഇവയും ധരിക്കുന്നതിനു വെളള വസ്ത്രവും കരുതിയിരിക്കണം. കുളിച്ചു ശുദ്ധമായി വെളള വസ്ത്രം ധരിച്ച് സ്വര്‍ണ്ണതാക്കോല്‍ കൊണ്ടു കെട്ടിടം തുറന്ന് ഞാന്‍ സിംഹാസനത്തില്‍ ഇരിക്കും. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ ലോകത്തിലുളള മറ്റു കെട്ടിടങ്ങള്‍ ആടി ഉലയും. പ്ലാന്‍ കെട്ടിടത്തിനു യാതൊരു ചലനവും ഉണ്ടാവുകയില്ല. ആടി ഉലയുന്ന കെട്ടിടങ്ങളില്‍ നിന്ന് ഓടി എത്തുന്ന അടിമവര്‍ഗ്ഗങ്ങള്‍ക്ക് പ്ലാന്‍ കെട്ടിടത്തില്‍ അഭയം നല്‍കണം. (പുസ്തകം ശ്രീകുമാരഗുരുദേവന്‍ പേജ് 71, 72 published by Sree Kumara Dharma Samajam) 

നാലു മുഖപ്പോടുകൂടിയ ഒരു കെട്ടിടം എന്നു പറഞ്ഞത് തെക്കും വടക്കും കിഴക്കും പടിഞ്ഞാറും കെട്ടി വിറ്റുപോയ മുഴുവന്‍ അടിമമക്കള്‍ക്കും അവകാശമായ ഒരു സങ്കേതം എന്നാണതിന്റെ അര്‍ത്ഥം. പിന്‍ഗാമികള്‍ ഓരോ പ്രദേശത്തുനിന്നു വരുമ്പോള്‍ വന്നത്തേണ്ട ഇടത്തെ കൃത്യമായി അവിടുന്നു പറഞ്ഞു തന്നിരിക്കുന്നു. കിഴക്കുനിന്നു വരുന്നവര്‍ക്ക് കിഴക്കേ പ്രതിമുഖത്തും പടിഞ്ഞാറുനിന്നു വരുന്നവര്‍ക്ക് പടിഞ്ഞാറേ പ്രതിമുഖത്തും തെക്കും വടക്കും ഉളളവര്‍ അവര്‍ വരുന്ന ദിക്കിന് അഭിമുഖമായുളള പ്രതിമുഖത്തും സ്ഥാനം നിശ്ചയിച്ചിരിക്കുന്നു.

കൂടാതെ ഒത്ത നടക്കുളള മാനകപന്തയെക്കുറിച്ചും പറഞ്ഞു. ഈ മാനകപന്ത ദൈവം ഇരിക്കുന്ന പുണ്യസ്ഥലത്തേയാണു സൂചിപ്പിക്കുന്നത്. ഇവിടെ ഓരോ ദിക്കില്‍ നിന്നും വരുന്നവര്‍ക്കു അവര്‍ കടന്നു വരുന്ന ദിക്കിനു അഭിമുഖമായുളള മുഖപ്പില്‍ (കവാടത്തില്‍) ആയിരുന്നു സ്ഥാനം. 

മുകളിലത്തെ നിലയില്‍ കണ്ണാടിക്കൂട്ടില്‍ നിന്റെ പിതാക്കന്മാരുടെ അടിമശരീരം സ്വീകരിച്ചു വന്ന രക്ഷകനെ പ്രതിഷ്ഠിക്കണം എന്നു പറഞ്ഞത് അടിമശരീരത്തില്‍ ദൈവശരീരം കണ്ടവരോടായിരുന്നു. അഗ്നിജ്വാലയ്‌ക്കൊത്ത കണ്ണുകളാല്‍ ഭൂലോകം മുഴുവന്‍ ദര്‍ശിച്ച ഉടമസ്ഥന്റെ ശരീരമാണ് അവിടെ വയ്ക്കണമെന്നു പറഞ്ഞത്. തന്നെ കണ്ടപ്പോള്‍ ഭയപ്പെട്ടു നടുങ്ങിപ്പോയ ഭൂമിയിലെ സകല പണികളുടെയും ഉടമസ്ഥന്‍ എടുത്തു വന്ന ശരീരം ഇവിടെ ഉണ്ടെന്നു ലോകം ഗ്രഹിക്കാനാണ് അത് അവിടെ സൂക്ഷിക്കണമെന്നു പറഞ്ഞത്.

താഴത്തെ നിലയില്‍ സിംഹാസനവും അതിനുചുറ്റും മുളളുവേലിയും ഇട്ടിരിക്കണം എന്നു വിശേഷിപ്പിച്ചിച്ചത് എടുക്കാം. സിംഹാസനം ദൈവസിംഹാസനമാണ്. കാലവും സമയവുമാകുമ്പോള്‍ ദൈവം കടന്നു വന്നിരിക്കാനുളളതാണു സിംഹാസനം, മുളളുവേലി, അതിനുചുറ്റുമുളള അതിരുകളെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യനു കടന്നു ചെല്ലാവുന്ന സ്ഥലത്തിനപ്പുറത്ത് കടന്നുവരാതിരിക്കാന്‍ അതിരു കെട്ടിത്തിരിച്ചിരി ക്കണം എന്ന മുന്നറിയിപ്പാണ് അവിടുന്ന് നിര്‍ദ്ദേശിച്ചത്. മുളളുവേലിക്കപ്പുറം നമുക്കു കടക്കാന്‍ വ്യവസ്ഥയില്ല എന്നു ബോദ്ധ്യപ്പെടുത്തുകയാണു അവിടുന്നു ചെയ്തത്.

1114 മിഥുനം 15 നു മുമ്പ് നമ്മുടെ മാതാപിതാക്കന്മാര്‍ക്കു പ്ലാന്‍ കെട്ടിടം പണിയാന്‍ കഴിഞ്ഞില്ല. വ്യവസ്ഥകള്‍ പാലിക്കപ്പെടാതെ പോയതിനാല്‍ ഇനി എന്തു ചെയ്യണമെന്നറിയാന്‍ പാടില്ലാതെ അവര്‍ മാനസികമായി വേദനിച്ചു. വിവിധങ്ങളായ മതങ്ങളും കൂട്ടായ്മകളും ഉപേക്ഷിച്ച് പ്രത്യക്ഷ രക്ഷാ ദൈവസഭയിലേക്കു കടന്നുവന്ന ഒരു വലിയ സമൂഹം അവര്‍ ലോകത്തോടും അവരെ ഒറ്റപ്പെടുത്തിയ കൂടപ്പിറപ്പു കളോടും പറഞ്ഞത് 'ലോകവും കൂട്ടവും കൂടപ്പിറപ്പും വെറുത്താലും എന്റെ അപ്പച്ചനു ണ്ടെങ്കില്‍ എനിക്കെല്ലാമുണ്ടെന്നാണ്''. എന്നാല്‍ എടുക്കപ്പെട്ട ആ ശരീരം മാറിയിരിക്കുന്നു. എന്നെ തേടി എന്റെ കുടിലില്‍ വന്ന് കണ്ണീരൊപ്പി ആശ്വസിപ്പിച്ച അപ്പച്ചന്‍ ഇനി ഒരിക്കലും കാണാനാവത്ത അവസ്ഥയില്‍ ഞങ്ങളെ തനിച്ചാക്കിയിട്ടു മാറിയിരിക്കുന്നു എന്ന വേദന അവര്‍ക്കു താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പ്ലാന്‍ കെട്ടിടം പണിയാന്‍ കഴിയാതെ പോയതിനാലും അടിമശരീരം സ്വീകരിച്ചു വന്ന ദൈവശരീരം സൂക്ഷിക്കാന്‍ കഴിയാതെ പോയതിനാലും സത്യം ഗ്രഹിച്ച മാതാപിതാക്കന്മാര്‍ക്കു വലിയ വേദന ഉണ്ടായിരുന്നു. ഒരിക്കല്‍ കൂടി ആ തിരുമുഖം ഒന്നു കാണാനും അവിടുത്തെ ഇമ്പസ്വരം കേള്‍ക്കാനും അവര്‍ ആശിച്ചു. സ്‌നേഹം പൊഴിയുന്ന ഇമ്പസ്വരം അവരുടെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നതുപോലെ അവര്‍ക്കു തോന്നി.

തെക്കും വടക്കും കിഴക്കും പടിഞ്ഞാറും കെട്ടി വിറ്റുപോയ സന്തതിക്ക് ഭൂമിയില്‍ ഒരുമിച്ചു കൂടുവാന്‍ സങ്കേതവും അഭയസ്ഥാനവും ഉണ്ടാകണമെന്നുളള അവിടുത്തെ നിശ്ചയം നിറവേറ്റാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയോട് മാതാപിതാക്കള്‍ വിലപിച്ചു. തങ്ങള്‍ക്കു കിട്ടിയ ആത്മീയവിഷയത്തിലെ അതിപ്രധാനമായ പ്ലാന്‍ കെട്ടിടം എന്ന വിഷയം അവരെ ചിന്തയിലാഴ്ത്തി. ഭൗതീകത്തിലെ അര്‍ത്ഥം ആക്ഷേപങ്ങള്‍ ഒക്കെ തീര്‍ത്തു ആനന്ദമായി വാഴാനാളള വ്യവസ്ഥയും ആത്മീയത്തില്‍ ദൈവത്തോടൊപ്പം സ്വര്‍ഗ്ഗീയ സ്#ുഖവും സന്തോഷവുമനുഭവിച്ചുളള വാഴ്ചയുമാണ് എന്നവര്‍ മനസ്സിലാ ക്കിയിരുന്നു. ഇനി എന്തു ചെയ്യേണം എന്നറിയാന്‍ പാടില്ലാതെ അവര്‍ വേദനയോടെ ഇരവിപേരൂരില്‍ ആരാധനകള്‍ക്കു കൂടി. ഞാലിയാകുഴി ആശാന്‍ ആശ്വാസവചന ങ്ങളാല്‍ അവര്‍ക്കു ശാന്തി അരുളി. ജനങ്ങള്‍ നിറകണ്ണുകളോടെ ആശാനോടു ദു:ഖവും വേദനയും പറഞ്ഞു.

1114 നു ശേഷം അമ്മച്ചിയെ ജന്മനാട്ടിലേക്കു വിടുവാന്‍ അന്നത്തെ സഭയുടെ ഭരണസമിതി ആലോചിക്കുകയും അതിന്റെ ഒരുക്കങ്ങളെല്ലാം നടത്തുകയും ചെയ്തു. എന്നാല്‍ ഗുരുദേവസംസാരം അമ്മച്ചിയിലൂടെ വന്നപ്പോള്‍ ഭരണക്കാരെല്ലാം പിന്‍തിരിഞ്ഞു. 

നമ്മുടെ ''അപ്പച്ചനെങ്ങും പോയിട്ടില്ല''. ഗുരുദേവനെ അങ്ങനെയാണ് അക്കാലത്തു ശിഷ്യന്മാര്‍ വിശേഷിപ്പിച്ചത്. ''ഇവിടെ സംസാരിക്കുന്നു. എല്ലാവരും വല്യതാന്നിക്കല്‍ കുന്നിലേക്കു വരണമെന്ന്'' ഞാലിയാകുഴി ആശാന്‍ സഭയുടെ വിവിധ ആരാധനാലയ ങ്ങളിലേക്കു കത്തു കൊടുത്തു വിട്ടു. നിരാശരായവരൊക്കെ മടങ്ങി വന്നു. ഇരവിപേ രൂരില്‍ പഴയ ആഹ്ലാദവും സന്തോഷവും അലയടിച്ചു. ദൈവസത്യത്തിന്റെ പിന്നാലെ വന്നവരുടെ നിരാശ മാറിപ്പോയി. നടത്താനാളുണ്ടെന്ന സന്തോഷവും സമാധാനവും അവരെ സങ്കേതഭൂമിയുമായി കൂടുതലടുപ്പിച്ചു.

പ്ലാന്‍ കെട്ടിടം പണിയായ്കയാല്‍ ഇനി എങ്ങനെയാണ് എന്നു അറിയാന്‍ പാടില്ലാതെ പലരും വിഷമിച്ചു. പ്ലാന്‍ കെട്ടിടം പണിയാനോ അടിമശരീരം സ്വീകരിച്ചുവന്ന രക്ഷകന്റെ ശരീരം സൂക്ഷിക്കാനോ നമുക്കു കഴിയാതെ പോയതിന്റെ വേദന അവരെ അലട്ടിയിരുന്ന കാലത്ത് ഗുരുദേവന്റെ സംസാരം ഉണ്ടായി. ''മക്കളെ നിങ്ങളുടെ കുറവുകളും വീഴ്ചകളും ഞാന്‍ പൊറുത്തിരിക്കുന്നു. നിങ്ങളുടെ മനസ്സിന്റെ വേദന ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. അക്ഷീണപരിശ്രമം കൊണ്ടു കെട്ടിടം തീര്‍ക്കണമെന്നു പറഞ്ഞത്. നിങ്ങള്‍ അതു മനസ്സിലാക്കാതെ കുളത്തൂര്‍ കുന്നില്‍ നിന്നും വലിയ വലിയ തടികള്‍ ചുമന്നു കൊണ്ടു വന്ന് ഇവിടെ ഒരു കെട്ടിടം പണിതു. അതില്‍ ഞാന്‍ യോഗം നടത്തി നിങ്ങളെ അനുഗ്രഹിച്ചു. എന്നാല്‍ ആത്മീയ വീക്ഷണത്തില്‍ ഞാന്‍ പറഞ്ഞ കെട്ടിടം ഇതല്ല. അടിമശരീരത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ദൈവശരീരത്തെ നിങ്ങള്‍ കണ്ടു. എന്നാല്‍ ഞാന്‍ പറഞ്ഞതു നിങ്ങള്‍ക്കു നിറവേറ്റാന്‍ കഴിയാതെ പോയി''.

ആത്മീയം എന്താണെന്നറിഞ്ഞാലേ ആത്മീയവിഷയത്തില്‍ അവിടുന്നു പറഞ്ഞ പ്ലാന്‍ കെട്ടിടം മനസ്സിലാകൂ. സഭയുടെ പ്രാണന്‍ അതിന്റെ ആത്മീയമാണ്, ദൈവത്തെ നേരിട്ടറിയലാണ് ആത്മീയത. അതിനു ജ്ഞാനം എന്നാണു വിശ്വാസികള്‍ പറയുന്നത്. ബൗദ്ധീകജ്ഞാനം ഉപയോഗിച്ച് അതിനെ അളക്കാന്‍ ശ്രമിക്കുന്നതു വെറും പാഴ്‌വേലയാണ്. പാപക്കറമൂലം നിങ്ങളില്‍ കുടികൊണ്ടിരുന്ന ദൈവീക തേജസ് ഇരുണ്ടു പോകുകയും ആത്മാവിനു രക്ഷയില്ലാതെ പോകകയും ചെയ്‌തെങ്കില്‍ ഇനിയും അങ്ങനെ സംഭവിക്കാതിരിക്കാനും ദൈവീകബന്ധത്തില്‍ എന്നെന്നും വാഴുവാനുമുളള താണു പ്ലാന്‍ കെട്ടിടം. ഭൗതീകവും ആത്മീയവുമായ രണ്ടു അര്‍ത്ഥതലങ്ങള്‍ അതിലടങ്ങിയിരിക്കുന്നു.

എന്താണിതിന്റെ ഭൗതീകം ? എന്താണിതിന്റെ ആത്മീയം ? ഭൗതികമെന്നത് നേരായ മാര്‍ഗ്ഗത്തിലൂടെയുളള ഉയര്‍ച്ചയും ആത്മീയമെന്നത് ദൈവീകബന്ധത്തിലധിഷ്ഠിതമായ രക്ഷയുമാണ്. ഉയര്‍ച്ചയും രക്ഷയും അനുഭവിക്കാന്‍ കഴിയാതെ പോയ സമൂഹത്തിന്റെ മോചനവും രക്ഷയുമാണ് പ്രത്യക്ഷ രക്ഷാ ദൈവസഭ ഉയര്‍ത്തിപ്പിടിക്കുന്നത്. പത്ഥ്യോ പദേശങ്ങള്‍ പാലിച്ചു ജീവിക്കാതെ തെറ്റിലേക്കു വഴുതി വീണാല്‍ മോചനമില്ലെന്നാണു അവിടുന്നു പറഞ്ഞത്. പാലിക്കപ്പെടേണ്ടതു പാലിക്കാതെപോയാല്‍ നാശം ഉറപ്പാ ണെന്നു അതുകേട്ട മാതാപിതാക്കന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. 'ലോകം നശത്തിലേക്കു പോകുമ്പോള്‍ ഞാന്‍ എന്റെ സ്വസ്ഥതയില്‍ നിങ്ങളെ നിലനിര്‍ത്തിയിരിക്കുന്നു''. ''നിനക്കു ലോകജീവിതത്തോട് ബന്ധം ഉണ്ടാകരുത്.'' ശുദ്ധമായ ജീവിതത്തിലൂടെ ശുദ്ധിമാന്മാര്‍ ആയിത്തീരാന്‍ ലഭിച്ച മഹത്തായ ജ്ഞാനോപദേശമാണു ഗുരുദേവ ഉപദേശത്തിലൂടെ കിട്ടിയത്. ''നീ ജീവിച്ചിരിക്കുമ്പോള്‍ എന്നിലാണെങ്കില്‍ നീ മരിച്ചാലും എന്നില്‍ കുടികൊളളും''. തോതു യോഗത്തിലൂടെ കിട്ടിയത് ലോകജീവിതത്തില്‍ നിന്ന് വ്യത്യസ്ഥമായ ആത്മീയ ഉപദേശത്തിന്റെ പൊരുളുകളാണ്.

എന്നാല്‍ സത്യം ഗ്രഹിച്ചവരെ മുന്നോട്ടു നയിക്കാനും നടത്താനും ഗുരുദേവന്റെ ശരീരകാലത്തില്‍ കിട്ടിയ ഉപദേശങ്ങള്‍ക്കു തുടര്‍ച്ച ഉണ്ടാകേണ്ടിയിരിക്കുന്നു. അതാണു അമ്മച്ചിയിലൂടെ പിന്‍തുടര്‍ച്ചകാര്‍ക്കു കിട്ടിയത്. അതിനെ ഗുരുദേവ പ്രഭാഷണങ്ങള്‍ എന്നു സഭാവിശ്വാസികള്‍ വിശേഷിപ്പിക്കുകയും ഈ പ്രഭാഷണങ്ങള്‍ക്കുവേണ്ടി അവര്‍ കാതോര്‍ത്തിരിക്കുകയും ചെയ്തു.

ആ പ്രഭാഷണങ്ങളിലൂടെ കിട്ടിയ ഉപദേശങ്ങള്‍ പില്‍ക്കാലസമൂഹത്തിന് അനുഗ്രഹ മായി. പ്ലാന്‍ കെട്ടിടം പണിയാന്‍ കഴിയാതെ പോയവര്‍ക്കു ഭൂമിയില്‍ ഒരു സങ്കേത ഗോപുരം ഉയര്‍ത്താന്‍ നിര്‍ദ്ദേശം കിട്ടി. അതാണ് ഇന്നു കാണുന്ന വിശുദ്ധമണ്ഡപം. തെക്കും വടക്കും കിഴക്കും



Monday 14 August 2017

ബഹുമാനപ്പെട്ടെ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പട്ടികജാതി വികസന വകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയിലേക്ക്. എയ്ഡഡ് സ്ഥാപനങ്ങളിലെ സംവരണത്തില്‍ നിങ്ങളുടെ നിലപാട് എന്ത് ? - ജയകുമാര്‍ എം കെ


എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ സംവരണ മാനദണ്ഡം പാലിച്ചാവണം എന്ന കോടതി ഉത്തരവില്‍, എന്ത് നയമാണ് ഇടതു സര്‍ക്കാരിനുളളതെന്നു വളരെ കൃത്യമാണ്. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.എസി ക്ക് വിടുന്നതിനെക്കുറിച്ചുളള നിയമസഭാ ചോദ്യത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി തന്ത്രപരമായി ഒഴിഞ്ഞുമാറുന്നത് തന്നെ ഇടതു പക്ഷത്തിനു സംവരണത്തോടും ദലിതരോടുമുളള സമീപനം വ്യക്തമാക്കുന്നുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പറയട്ടെ. ദലിത് - ആദിവാസി വിഭാഗങ്ങളെ മൊത്തമായും ഉന്നതവിദ്യാഭ്യാസം നേടിയ തൊഴില്‍രഹിതരായ പ്രസ്തുത വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെ സവിശേഷമായും ബാധിക്കുന്ന ചില നിര്‍ണ്ണായക പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അവസരസമത്വ ത്തിനുളള അവകാശം എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്കുന്നുണ്ട്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ വിഭവാധികാരങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 15 (4), 16 (4), 45, 46, 330, 332, 338, 341, 342, 335 തുടങ്ങിയവയിലൂടെ സവിശേഷമായ ചില അവകാശങ്ങളും ഭരണഘടന നല്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജുഡീഷ്യറി, മാധ്യമങ്ങള്‍ അടക്കം സര്‍വ്വ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന സവര്‍ണ്ണ മധ്യമജാതിവിഭാഗങ്ങളുടെ സംരക്ഷണാര്‍ത്ഥം ആദിവാസി - ദലിത് വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നിത്യശാപമായി തുടരുകയാണ്.

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവ് വരുന്ന അധ്യാപക തസ്തികകള്‍, പ്രൊട്ടക്ടഡ് അധ്യാപകലിസ്റ്റില്‍ നിന്നും നികത്തുന്നതുമൂലം തൊഴില്‍ സാധ്യത നഷ്ടപ്പെടുന്ന ആയിരക്കണക്കിന് യുവതിയുവാക്കള്‍ കേരളത്തിലുണ്ട്. ലക്ഷക്കണക്കിന് രൂപ മാനേജുമെന്റുകള്‍ക്ക് കോഴകൊടുത്തു ജോലി വാങ്ങി, ആ പേരില്‍ പതിനായിരങ്ങള്‍ ശമ്പളം പറ്റിയിരുന്ന വ്യക്തികളെ, സ്‌കൂള്‍ പൂട്ടിപ്പോയി എന്ന കാരണത്താല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നല്‍കുന്നത് സാമൂഹിക നീതിക്കു നിരക്കുന്നതാണോ ? NSS, SNDP, ക്രിസ്ത്യന്‍, മുസ്ലീം മാനേജുമെന്റുകള്‍ അവരുടെ കീഴില്‍ പൂട്ടി പോയ സ്‌കൂളുകളിലെ പ്രൊട്ടക്ടഡ് അധ്യാപകരെ അവരുടെ തന്നെ മറ്റു സ്‌കൂളുകളില്‍ ഒഴിവു വരുന്നതനുസരിച്ചു നിയമിക്കുന്നതല്ലേ ശരിയായ വഴി. എന്നാല്‍ തങ്ങള്‍ക്കു കോടികള്‍ കോഴ ലഭിക്കുന്ന മാര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യാന്‍ സാമുദായിക നേതാക്കളും മാനേജുമെന്റും തയ്യാറാവില്ല എന്നതല്ലേ വാസ്തവം. സാമുദായിക മത നേതാക്കളുടെ ഇത്തരം അഴിമതിക്കും, സ്വാര്‍ത്ഥ താല്‍പ്പര്യത്തിനും കൂട്ട് നില്ക്കുന്ന നിലപാടല്ലേ, എയ്ഡഡ് മേഖലയിലെ പ്രൊട്ടക്ടഡ് അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുന്നതിലൂടെ ഗവണ്‍മെന്റ് ചെയ്യുന്നത്. ഇത് പാവപ്പെട്ട, അധ്യാപക ജോലി സ്വപ്നം കണ്ടിരിക്കുന്ന ആയിരങ്ങള്‍ക്ക് നീതി നിഷേധിക്കലല്ലേ ? പട്ടികജാതി വിഭാഗങ്ങള്‍ക്ക് എയ്ഡഡ് മേഖലയില്‍ സംവരണം നല്‍കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയുണ്ടായിട്ടും അതിനോട് മുഖം തിരിക്കുകയാണ് മാറി മാറി വരുന്ന സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും ചെയ്യുന്നത്. ആ വിധിക്കു സ്റ്റേ വാങ്ങിയത് NSS ആണ്. അപ്പോള്‍ പാവപ്പെട്ട പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് എയ്ഡഡ് മേഖലയിലും, ഇപ്പോള്‍ അവകാശപ്പെട്ട സര്‍ക്കാര്‍ മേഖലയിലും തൊഴില്‍ നിഷേധിക്കുന്നത് സംഘടിത മത സാമുദായിക നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകുമോ. ബിരുദവും ബിരുദാനന്തര ബിരുദവും BEd, SET, NET, PhD യോഗ്യതയുളള നൂറുകണക്കിന് പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ട്. ലക്ഷങ്ങള്‍ തലവരി പണം കൊടുക്കാന്‍ ഇല്ലാത്തവര്‍. സര്‍ക്കാര്‍ മേഖലയിലെ സംവരണ സീറ്റില്‍ എങ്കിലും ഭാവി സ്വപ്നം കണ്ടിരിക്കുന്നവര്‍. പട്ടിണിയോടും പ്രതികൂല ജീവിത സാഹചര്യങ്ങളോടും പൊരുതി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയിട്ടും, സംഘടിത വോട്ടു ബാങ്ക് അല്ലാത്തതിനാല്‍ നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോട് ഇനിയും മുഖം തിരിക്കുന്ന സമീപനം സ്വീകരിക്കരുതെന്നാണ് അപേക്ഷിക്കാനുളളത്. ഇന്നും ആയിരക്കണക്കിന് സംവരണ കോട്ട നികത്തപ്പെടാതെ പൂഴ്ത്തി വച്ചിരി ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാരുടെ തൊഴിലും, ഒരു സമൂഹത്തിന്റെ പുരോഗതിയുമാണ് ഇതുമൂലംഇരുളടയുന്നത്. ഇനിയും തല്‍സ്ഥിതി തുടര്‍ന്നാല്‍ രോഹിത് വെമുലയെ പോലെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്കാണ് പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

കോളേജ് അധ്യാപകരുടെ സമരം ഒത്തുതീര്‍ക്കുന്നതിനായി 1971 ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഡയറക്ട് പെയ്‌മെന്റ് സിസ്റ്റം (G.O. MSNo. 185/72/Edn. dated Tvm 30th August 1972 from Education (F) Department) ഗവണ്‍മെന്റും സ്വകാര്യ കോ ളേജ് മാനേജ്‌മെന്റും തമ്മിലുളള ബന്ധത്തിന്റെ അടിസ്ഥാന കരാറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. താഴെപ്പറയുന്നവയാണ് ഈ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.

1. 1.9.1972 മുതല്‍ സ്വകാര്യ കോളേജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതാണ്. 

2. അധ്യാപാക അനധ്യാപക നിയമനങ്ങള്‍ നടത്താനുളള അവകാശം സ്വകാര്യമാനേജ്‌മെന്റുകള്‍ക്ക് ആയിരിക്കും.

3. ഓരോ വര്‍ഷവും കോളേജിന് ആവശ്യമായ വാര്‍ഷിക ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ സര്‍ക്കാര്‍ നല്കുന്നതാണ്. 

4.അതാത് ആവശ്യങ്ങള്‍ക്കായി സ്‌പെഷ്യല്‍ ഫീസ് പിരിക്കാനും അതേ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനും കോളേജുകള്‍ക്ക്അധികാരം ഉണ്ടായിരിക്കും.

മാനേജുമെന്റുകള്‍ക്ക് തൊഴില്‍ നിയമന കാര്യത്തില്‍ സ്വതന്ത്രപരമാധികാരം ഉറപ്പുനല്കുന്ന ഈ കരാറിലൂടെ മാനേജ്‌മെന്റുകളുടെ അധികാരങ്ങള്‍ എന്നെന്നേക്കുമായി അരക്കിട്ടുറപ്പിക്കപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടപ്പെടാന്‍ മുഖ്യ സ്ഥാനവും ഈ കരാര്‍ തന്നെ.

യു.ജി.സി. അടക്കമുളള ഉന്നത വിദ്യാഭ്യാസ ഏജന്‍സികളും ദലിത് - ആദിവാസി വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തട്ടിപ്പറിക്കുന്നതില്‍ ഗവേഷണം നടത്തുന്നുണ്ട് എന്നു വേണം കരുതാന്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്കുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലേയും അധ്യാപക അനധ്യാപക നിയമനങ്ങളില്‍ എസ്.സി./എസ്.ടി സംവരണം കര്‍ശനമായും പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം (No.F.No.6 - 30/2005 U-5 dated 6, December 2005) യു.ജി.സിക്ക് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ കഴിഞ്ഞ 38 വര്‍ഷമായി സംവരണം നടപ്പാക്കുന്നില്ല എന്നു മാത്രമല്ല യു.ജി.സി.യോ സര്‍ക്കാരോ യൂണിവേഴ്‌സിറ്റികളോ ഇതൊരു അവകാശലംഘനമായി പോലും പരിഗണിക്കുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ 79.14% കോളേജുകളും 78.33% അധ്യാപകരും ഉള്‍ക്കൊളളുന്ന എയ്ഡഡ് വിദ്യാഭ്യാസവ്യവസ്ഥ സംവരണ നിഷേധത്തിലൂടെ സാമൂഹ്യാനീതികള്‍ ഉത്പാദിപ്പിക്കുന്ന പടുകൂറ്റന്‍ ഫാക്ടറികളായി തീര്‍ന്നിരിക്കുന്നു.

എയ്ഡഡ് മേഖലയിലെ ജോലിയുമായി ബന്ധപ്പെട്ട് 'സ്വജനമിത്രം' മാസിക തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ഇത് വെളിവാക്കുന്നുണ്ട്. അതില്‍ പറയുന്നത്.

എയ്ഡഡ് മേഖലയില്‍ 687 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി 10, 212 അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ എസ്.സി/ എസ്.ടി വിഭാഗങ്ങളുടെ തരംതിരിച്ചുകൊണ്ടുളള കണക്ക് ലഭ്യമല്ലെന്നാണ് ഹയര്‍ സെക്കന്ററി ഓഫീസ് നല്കുന്ന വിവരം 1429 ഹൈസ്‌കൂളിലായുളള 35,584 അദ്ധ്യാപകരില്‍ എസ്.എസി. 84 ഉം എസ്.ടി 2 പേരുമാണ് ഉളളത്. 1869 യു.പി. സ്‌കൂളുകളിലായി 33,057 അദ്ധ്യാപകരുണ്ട്. ഇതില്‍ എസ്.സി. 91 ഉം. എസ്.ടി. 32 ഉം ആണ്. 3,981 എയ്ഡഡ് എല്‍.പി. സ്‌കൂളുകളിലായി 36,297 അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു. ഇതില്‍ 176 പേര്‍ എസ്.സി.യും 62 പേര്‍ എസ്.ടിയും ആണ്.

എയ്ഡഡ് മേഖലയിലെ ഹയര്‍സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍, യു.പി., എല്‍.പി. അടക്കം മൊത്തം സ്‌കൂളുകള്‍ 7,966 ആണ്. ഇതില്‍ 1,15,140 അദ്ധ്യാപകരുണ്ട്. എന്നാല്‍ ദലിത് ആദിവാസി വിഭാഗത്തിലെ അധ്യാപകരുടെ എണ്ണം 447 ആണ്. പൊതുഖജനാവിലെ പണംകൊണ്ട് ശമ്പളവും പെന്‍ഷനും നല്കുന്ന ഈ മേഖലയില്‍ സാമൂഹികനീതി അനുസരിച്ച് ദലിത് ആദിവാസികള്‍ക്ക് ലഭ്യമാകേണ്ടത് (10% സംവരണം പ്രകാരം) 11,500- ലേറെ അധ്യാപക തസ്തികകളാണ് എന്നു കാണാവുന്നതാണ്.

അടിസ്ഥാന വിദ്യാഭ്യാസമേഖലയുടെ ചിത്രം ഇപ്രകാരമാണെങ്കില്‍ കൂടുതല്‍ പണം സര്‍ക്കാരില്‍ നിന്നൊഴുകുന്ന ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥ ഇതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്.

2007-08 ല്‍ കേരളത്തില്‍ 9,830 കോളേജ് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 2, 125 സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകരും (21.77%), 7685 (78.33%) എയ്ഡഡ് കോളേജ് അധ്യാപകരുമായിരുന്നു. യു.ജി.സി. പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ തുക 1,165.45 കോടി രൂപയാണെന്നാണ് കേരള ഗവണ്‍മെന്റിന്റെ കണക്ക്. ഇതില്‍ പണം കൊടുത്തും പൊതുപരീക്ഷ (പി.എസ്.സി.) യെ അഭിമുഖീകരിക്കാതെ നിയമനം നേടിയ എയ്ഡഡ് കോളേജിലെ അധ്യാപകര്‍ക്ക് കൊടുക്കേണ്ടത് 909.76 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ നീക്കിവച്ച 555.90 കോടിയില്‍ 437 കോടി രൂപയും എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് കൊടുക്കേണ്ടതാണ്.

33 സര്‍ക്കാര്‍ കോളേജുകളിലായി 2335 അദ്ധ്യാപകരില്‍ 284 എസ്.സി. വിഭാഗവും 14 എസ്.ടി വിഭാഗം അദ്ധ്യാപകരും ജോലി ചെയ്യുമ്പോള്‍ 150 എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ 7,199 അദ്ധ്യാപകരില്‍ 11 പേര്‍ മാത്രമാണ് എസ്.സി./എസ്.ടി വിഭാഗത്തില്‍ നിന്നുളളത്. കേരളത്തിലെ 3 എയ്ഡഡ് എന്‍ജിനീയറിങ്ങ് കോളേജുകള്‍, 3 ഹോമിയോ കോളേജുകള്‍, 3 സംഗീത കോളേജുകള്‍, എയ്ഡഡ് മെഡിക്കല്‍ കോളേജുകള്‍, 14 എയ്ഡഡ് ട്രെയിനിങ്ങ് കോളേജുകള്‍, എന്നിവിടങ്ങളിലെ അധ്യാപക അനധ്യാപക കണക്കുകള്‍ ഇതിനുപുറമെയാണ്.

എയ്ഡഡ് മേഖലയിലെ എല്‍.പി.,യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംവരണം നടപ്പാക്കാതിരിക്കാനുളള നിയമം/ സര്‍ക്കാര്‍ ഉത്തരവ് ഏതാണെന്ന് ഇപ്പോഴും അജ്ഞാതമാണെങ്കിലും എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളില്‍ സംവരണം നടപ്പാക്കാനുളള വ്യവസ്ഥയില്ല എന്നതാണത്രെ വസ്തുത. ഡയറക്ട് പെയ്‌മെന്റ് വ്യവസ്ഥയെ 'ഉദ്ധരിച്ച്' കൊണ്ട് തിരുവനന്തപുരം കോളേജിയറ്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ പ്രകാരം ലഭിച്ച കത്തില്‍ എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക നിയമനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ ത്തിന് യു.ജി.സി.യുടേയോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേയോ നിയമങ്ങള്‍ നിലവിലില്ല എന്ന് ഖണ്ഠിതമായി പ്രഖ്യാപിക്കുന്നു. 

കേന്ദ്രസര്‍വ്വകലാശാലകള്‍, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍, പൊതുഖജാനാവില്‍ നിന്ന് ഗ്രാന്റ് ഇന്‍ എയ്ഡ് ലഭിക്കുന്ന കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ 15% എസ്.സി. സംവരണവും 7.5% എസ്.ടി. നടപ്പാക്കേണ്ടത്.

നിലവില്‍ ഈ വ്യവസ്ഥ നടപ്പിലാക്കുവാന്‍ നിയമമില്ലാത്ത സര്‍വ്വകലാശാലകളോ ഗവേഷണകേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ മാര്‍ഗ്ഗരേഖ യിലുളള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാവുന്ന വിധത്തില്‍ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശരേഖ വ്യക്തമാക്കുന്നു. ഇതിനായി ഭരണ നിര്‍വ്വഹണസമതികള്‍, സിന്‍ഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ ഉന്നതാധികാരസമതി കള്‍ മുന്‍കൈ എടുക്കണം.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന ആര്‍ട്ടിക്കള്‍ 15 (4), 16 (4), 46, 253 പട്ടികജാതി /വര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സാമൂഹികനീതി നടപ്പിലാക്കുന്നതിനായുളള യു.ജി.സി. യുടെ ഈ നിര്‍ദ്ദേശങ്ങള്‍. സംവരണവ്യവസ്ഥ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍, മറ്റ് സാങ്കേതിക സംജ്ഞയിലൂടെ സൂചിപ്പിക്കുന്ന തസ്തികകള്‍ക്കെല്ലാം ബാധകമായിരിക്കുമെന്നും അസന്നിഗ്ധമായി വ്യക്തമാക്കുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ എല്ലാം അട്ടിമറിച്ചു കൊണ്ട് പ്രതിവര്‍ഷം 4000 കോടിയലധികം രൂപ സംഘടിത സമുദായങ്ങള്‍ നടത്തുന്ന എയ്ഡഡ് മേഖലയിലേക്ക് ഇടതു വലതു സര്‍ക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചിലവാക്കുന്നതാണ് ഇക്കാലമത്രയും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികളും ഉള്‍ക്കൊളളുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ 4 സര്‍ക്കാര്‍ എയ്ഡഡ് കോളേജിലെ 182 അദ്ധ്യാപകരില്‍ ഒറ്റയാള്‍ പോലും എസ്.സി./ എസ്.ടി വിഭാഗങ്ങളില്‍ നിന്നുളളവരില്ല. 182 ല്‍ 135 ഉം നായര്‍ വിഭാഗത്തില്‍ നിന്നുളളവരാണെന്നതും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ശ്രീകേരളവര്‍മ്മ കോളേജില്‍ മാത്രം 89 അദ്ധ്യാപക രുണ്ട്. ഇതില്‍ 33 പേര്‍ നായര്‍ വിഭാഗവും 22 ഈഴവ വിഭാഗവുമാണ്. 8 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന ഇവിടെ എസ്.സി./എസ്.ടി വിഭാഗം അധ്യാപകര്‍ പൂജ്യമാണ്. 

1997 ല്‍ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതോടെ ഒഴിവുണ്ടായ 1599 അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള അനുമതി 2010 ആഗസ്റ്റ് മാസത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് കോളേജ് മാനേജ്മന്റുകള്‍ക്ക് നല്കുകയുണ്ടായി. (G.O.MSNo. 260/2010/H. Edn. Dt. 20.8.2010 TVM ) ഏകദേശം 300 കോടി രൂപയെങ്കിലും കോഴയിനത്തില്‍ വിവിധ സാമുദായിക ജാതിവിഭാഗം മാനേജ്‌മെന്റു കളുടെ പോക്കറ്റില്‍വീഴുന്ന ഈ നിയമന മാമാങ്ക ഉത്തരവില്‍ പക്ഷേ യു.ജി.സി. നിര്‍ദ്ദേശപ്രകാരമുളള സംവരണത്തെക്കുറിച്ച് മൗനം പാലിക്കുന്നു. യോഗ്യതകളുളള അനേകം എസ്.സി./എസ്.ടി. ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ രഹിതരായിരിക്കുന്ന സമയത്താണ് ജനാധിപത്യസര്‍ക്കാര്‍ സംവരണം അട്ടിമറിച്ചുകൊണ്ട് നിയമന ഉത്തരവ് നല്കിയിരിക്കുന്നത്. ബിരുദവും ബിരുദാനന്തരബിരുദവും, BEd, Set, Tet, PhD. എയ്ഡഡ് മേഖലയിലെ സംവരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കേണ്ട പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ ഒരു പ്രതിഷേധങ്ങളും നാളിതുവരെയായി ഉയരുന്നില്ല എന്നത് വളരെ ഗൗരവപരമായി ചിന്തിക്കേണ്ട വിഷയമാണ്. ദലിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ ബാനറില്‍ ഏതാനും ചില ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പെറ്റീഷന്‍ പരിഗണിച്ചാണ് ബഹുമാനപ്പെട്ട ഹൈക്കോടതി എയ്ഡഡ് മേഖലയിലെ പട്ടികജാതി സംവരണത്തിനനുകൂലമായ വിധി പുറപ്പെടുവിച്ചത്. അതിനോട് ഒരൈക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ അവര്‍ക്കൊപ്പം നില്‍ക്കാനോ പ്രബല സമുദായ സംഘടനകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വ്യക്തിപരമായ അഭിമാനപ്രശ്‌നം മുന്‍നിര്‍ത്തി ഇനിയും ഇത്തരം സാമൂഹികപ്രാധാന്യമുളള വിഷയങ്ങള്‍ മുഖം തിരിച്ചു നിന്നാല്‍ നമ്മുടെ ഭാവി ഏതു വിധത്തിലാവും എന്ന തിരിച്ചറിവെങ്കിലും പട്ടികജാതി ക്കാര്‍ക്കും സംഘടനാ നേതാക്കള്‍ക്കും ഉണ്ടായാല്‍ നന്ന്.