Friday 8 September 2017

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം - വാഴ്ചയുഗം


നായാടി മുതല്‍ നമ്പൂതിരി വരെ ഏകൈക ഹിന്ദുത്വം വീമ്പെളുക്കുന്ന സംഘപരിവാര്‍ സംവിധാനങ്ങള്‍ക്കും ദേവസ്വം നിയമനങ്ങളുടെ കാര്യത്തില്‍ മൗനം. കാലങ്ങളായി നിലനില്‍ക്കുന്ന ഒരു മനുഷ്യാവകാശ പ്രശ്‌നം തന്നെയാണ് ദേവസ്വം നിയമനങ്ങളെ സംബന്ധിച്ചുളളത്. കേരളത്തിലെ മൂന്ന് ബോര്‍ഡുകളുടെയും (തിരുവിതാംകൂര്‍ കൊച്ചിന്‍, മലബാര്‍) ഗുരുവായൂര്‍ പോലുളള സ്വതന്ത്ര ദേവസ്വം ബോര്‍ഡുകളുടെയും ഭരണ സമിതിയിലേക്ക് നിയമനം നടത്തുന്നത്. അതാത് ബോര്‍ഡുകളുടെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളാണ്. ഓരോ സര്‍ക്കാര്‍ മാറി വരുമ്പോഴും ഭരണകക്ഷിയി ലുളളവരെ ഉള്‍പ്പെടുത്തി കാലം തികയുന്നതിനു മുമ്പ് പുതിയ ബോര്‍ഡ് മെമ്പറന്മാരെ ഗവണ്‍മെന്റ് നോമിനേറ്റ് ചെയ്യുന്നതാണ് പതിവ്. ബഹുമാനപ്പെട്ട പ്രയാര്‍ ഗോപാല കൃഷ്ണന്‍ അദ്ധ്യക്ഷനായ നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, യു.ഡി.എഫ്. കാലത്ത് ചുമതലയേറ്റതാണ്. ബോര്‍ഡു മെമ്പറന്മാരില്‍ പട്ടികജാതിയില്‍ നിന്ന് ഒരു മെമ്പര്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. എന്നാല്‍ താഴെത്തട്ടില്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ഭരണം നടത്തുന്ന ക്ഷേത്രങ്ങള്‍ നൂറ് കണക്കിനാണ്. അവിടെയെങ്ങും ഒരൊറ്റ പട്ടികജാതിക്കാരനും ഭരണസമിതിയില്‍ ഉണ്ടാവുകയില്ല. ഹൈന്ദവ സംസ്‌കാര ത്തിന്റെ തനിമ നിലനിര്‍ത്തുന്ന ക്ഷേത്രചടങ്ങുകളിലെ അമ്മന്‍കുട ആട്ടവും, ശൂലം കുത്തലും, കരകാട്ടക്കാരും, ആന, മയില്‍, ഒട്ടുമാവുമൊക്കെ പട്ടികജാതിക്കാരുടെ ഡിപ്പാര്‍ട്ടുമെന്റാണ്. പിന്നെ ശിങ്കാരിമേളം അവിടം കൊണ്ടുതീരും പട്ടികജാതി ക്കാരന്റെ ക്ഷേത്രപ്രവേശന വിപ്ലവം. പട്ടികജാതിക്കാര്‍ക്കിടയില്‍ പൂണുലിട്ടവര്‍ വരെയുളള കാലമാണിത്. എന്നിട്ടും ഭരണപങ്കാളിത്തം എന്ന കാര്യത്തെക്കുറിച്ച് 'കമാ'ന്ന് മിണ്ടാന്‍ ഭയമാണ് ഇവര്‍ക്ക്. സ്വന്തം ഇമേജ് കുടുംബത്തിന്റെ സ്വീകര്യത ഇതൊക്കെ നഷ്ടപ്പെടുത്താന്‍ ഇത്തരത്തിലുളളവര്‍ തയ്യാറല്ല. പാവം പട്ടികജാതി ക്കാരന്റെ പേര് പറഞ്ഞ് മറ്റുളളവരുമായി വേദി പങ്കിടുന്നത് പോലും വലിയ ക്രെഡിറ്റായാണ് ഇങ്ങനെയുളളവര്‍ കരുതുന്നത്. അഖില കേരള ഹിന്ദു സാംബവര്‍, കേരള ഹന്ദു സാംബവര്‍ സമാജം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ഹിന്ദു ചേരമര്‍ സംഘം തുടങ്ങി തദ്ദേശ ഹിന്ദു ഹെഡ്ഡിംഗില്‍ ഉളള പട്ടികജാതി സംഘടനകളുണ്ട്. തങ്ങളുടെ സംസ്ഥാന സമ്മേളനങ്ങളില്‍ അവകാശ പ്രസംഗങ്ങള്‍ നടത്തുകയും, ഗീര്‍വാണം അടിക്കുകയും ചെയ്യുന്ന നേതാക്കന്മാര്‍ ആരും തന്നെ ക്ഷേത്ര ഭരണസമിതിയിലെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുന്നില്ല. നട്ടുച്ചയ്ക്ക് കിടാങ്ങ ളെയുംകൊണ്ട് അമ്പലം നിരങ്ങി കാവടിയും കണ്ട് കപ്പലണ്ടിയും കടലയും കൊറിച്ച് നടക്കുന്നതല്ലാതെ എന്തു പ്രയോജനമാണ് ക്ഷേത്രകാര്യങ്ങളില്‍ ദളിതര്‍ക്കുളളത്. ഏത് മതവിശ്വാസം എടുത്താലും വിശ്വാസികളില്‍ അന്ധവിശ്വാസികള്‍ ദളിതരാണ്. താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ എക്‌സ്ട്രീമിസ്റ്റുകളാണ് ദളിതര്‍. അത് ഹിന്ദു ആയാലും ക്രിസ്ത്യാനിയായാലും, പെന്തക്കോസ്തുകാരായാലും പി.ആര്‍.ഡി.എസ്സ് ആയാലും, ദേവസ്വം ബോര്‍ഡുകളില്‍ സംവരണം നടപ്പിലാക്കുകയും അത് പി.എസ്.സ്സിക്ക് വിടുകയും ചെയ്താല്‍ ആയിരക്കണക്കിന് ഹൈന്ദവവിശ്വാസത്തില്‍പ്പെട്ട ദലിതര്‍ക്ക് തൊഴിലും, അതിലൂടെ പൊതുസമൂഹത്തില്‍ അധികാരപങ്കാളിത്തവും ഉറപ്പുവരു ത്താനാകും.



No comments:

Post a Comment