Sunday 3 September 2017

സിനിമയിലെ ജീവിതാവേഗം - എസ്. ഗിരീഷ്‌കുമാര്‍


പരസ്പരപൂരകമായ സമാനസങ്കല്പങ്ങളാണ് കലയും ജീവിതവും. കൊടുക്കല്‍ വാങ്ങലുകളിലൂടെ പുതിയമേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനും അവിടെ നൂതനശീലങ്ങള്‍ പരീക്ഷിക്കാനും രണ്ടു സങ്കല്പങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യസാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളും അവയുടെ ഉത്പന്നങ്ങളായ വീക്ഷണങ്ങള്‍, സിദ്ധാന്തങ്ങള്‍, സങ്കേതങ്ങള്‍, വൈകാരികവൈചാരികഭാവഭാവനകള്‍ എന്നിവ യൊക്കെയും കലയെയും ജീവിതത്തെയും ഒരുപോലെ സ്വാധീനിക്കുകയും പുന:സൃഷ്ടി നടത്തുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പരീക്ഷണനിരീക്ഷണങ്ങള്‍ നടക്കുന്ന കലാരൂപമെന്ന നിലയ്ക്ക് മനുഷ്യജീവിതവുമായി സിനിമയ്ക്ക് അടുത്ത ബന്ധമാണുളളത്. അതിനാല്‍ മുകളില്‍ പരാമര്‍ശിക്കപ്പെട്ട വസ്തുതകള്‍ സിനിമയെ സംബന്ധിച്ച് കൂടുതല്‍ പ്രസക്തവും പ്രയുക്തവുമാണ്. ഈ പരികല്പനയുടെ അടിസ്ഥാനത്തില്‍ മലയാളിയുടെ മാറിയ ജീവിതാവേഗം സിനിമയിലും കലയിലും പ്രതിഫലിക്കുന്നുണ്ടെന്നു പറയാം. ജീവിതാവേഗം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് യാന്ത്രികതയിലേക്കുളള പരിണാമം എന്നാണ്.

സിനിമയിലേക്കു കടക്കുന്നതിനു മുന്‍പ് അല്പം പൂര്‍വ്വകാലപശ്ചാത്തലം ആവശ്യമുണ്ട്. കാരണം കേരളത്തിന്റെ കലാപാരമ്പര്യത്തിന് രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമാണുളളത്. തെയ്യം, തിറ, പടയണി, മുടിയേറ്റ് തുടങ്ങിയ ദൃശ്യകലകളുടെ വേരുകള്‍ നാടോടിസംസ്‌കാരത്തിന്റെ മണ്ണില്‍ ആണ്ടുകിടക്കുന്നു. അനുഷ്ഠാന കലകളെന്ന നിലയ്ക്ക് വാര്‍ഷികാഘോഷമായി കൊണ്ടാടപ്പെട്ടിരുന്ന ഇത്തരം കലകളിലെ ചടുലതാളം ദ്രാവിഡന്റെ ആദിമബോധത്തില്‍ ഉടലെടുത്തതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമായ സവിശേഷതയാണ്. മലയാളിയുടെ ജീവിതം സഹജാവേഗം പ്രാപിക്കുന്നതിനും മുന്‍പുളള ഈ ഘട്ടത്തെ കലയുടെ സൂക്ഷ്മദര്‍ശിനിയിലൂടെ വീക്ഷിക്കുമ്പോള്‍ 'ഭ്രൂണഘട്ടം' എന്നു പേരു നല്‍കി വിളിക്കാം. നാടോടിനാടകങ്ങളിലൂടെയും മറ്റും വളര്‍ന്ന് ഇന്നു നാം വിവക്ഷിക്കുന്ന നാടക സങ്കല്പങ്ങള്‍ ഏകദേശമെങ്കിലും പ്രകടിപ്പിച്ച സംഗീതനാടകങ്ങളുടേയും (1890 കള്‍ മുതല്‍), ഏതാണ്ട് പത്താം നൂറ്റാണ്ടോടെ ആരംഭിച്ച്, ഇവയ്ക്കു സമാന്തരമായി വരേണ്യവര്‍ഗ്ഗങ്ങളില്‍ വളരുകയും നിലനില്‍ക്കുകയും ചെയ്ത കൂത്ത്, കൂടിയാട്ടം, കഥകളി എന്നിവ പോലെയുളള ദൃശ്യകലകളുടേതുമാണ് പ്രാഥമികഘട്ടം. ഇവയെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ നിരീക്ഷിക്കുമ്പോള്‍ കേരളീയജീവിതാവേഗത്തിന്റെ ഗ്രാഫിക്കല്‍ ചിത്രീകരണം തുടങ്ങിവയ്ക്കുന്നത് ദര്‍ശിക്കാം.

നിഷ്‌കളങ്കരായ ആസ്വാദനസമൂഹത്തിന്റെ പ്രതിനിധികളായിരുന്നു സംഗീത നാടകശാലകള്‍ക്കു മുമ്പില്‍ 'once more' വിളിച്ചവര്‍. അതേ സമയം ഒരേ ദൃശ്യങ്ങള്‍ ഒന്നിലധികം തവണ കാണുവാന്‍ ക്ഷമാശീലം പ്രകടിപ്പിച്ചവരുമാണവര്‍. ഇവിടെ ആസ്വാദകരില്‍ വലിയ വിഭാഗവും ജാതീയമായും സാമ്പത്തികമായും താഴേക്കിട യിലുളളവരായിരുന്നുവെങ്കില്‍, കൂടിയാട്ടം, കഥകളി തുടങ്ങിയ ആഢ്യകലകളുടെ ആസ്വാദകരായ വരേണ്യവര്‍ഗ്ഗം നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്ന ആസ്വാദനശീലവും വ്യത്യസ്തമായിരുന്നില്ല. രാവു പുലരുവോളം കളിയരങ്ങിനു മുന്‍പിലും പുലര്‍ന്നാല്‍ ഉറക്കറയിലും ജീവിതത്തെ കുടിയിരുത്തിയവരാണവര്‍. ഈ വസ്തുതകള്‍ ജീവിതത്തി ന്റെ അലസഗമനത്തെയാണ് സൂചിപ്പിക്കുന്നത്. എന്തെന്നാല്‍ കലയോടുളള സമീപനം ആസ്വാദകവൃന്ദത്തിന്റെ ജീവിതകാഴ്ചപ്പാടിന്റെയും തദനുസൃതമായ ജീവിതാവേഗത്തിന്റെയും പ്രതിഫലനമാണ്. കൂടിയാട്ടത്തില്‍ ഒരു നാടകം ആടിതീരു വാന്‍ ദിവസങ്ങളോളം എടുത്തിരുന്നുവെന്ന സാങ്കേതികത്വം ജീവിതാവേഗത്തിന്റെ പ്രകരണത്തില്‍ കൂട്ടിവായിക്കാവുന്നതാണ്*.

(സംഗീത) നാടകങ്ങളില്‍ നിന്ന് സിനിമയിലേക്കുളള പ്രവേശനമാണ് മാറിയ അഭിരുചിയുടെയും ജീവിതാവേഗത്തിന്റെയും ദ്വീതിയഘട്ടം. കേരളത്തില്‍ ചലച്ചിത്രനിര്‍മ്മാണത്തിനു തുടക്കം കുറിച്ച 'വിഗതകുമാരന്‍' (1928) എന്ന നിശബ്ദചിത്രത്തെ അഭ്രപാളിയില്‍ പകര്‍ത്തപ്പെട്ട ആദ്യത്തെ (തിര) നാടകം എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. നാടകത്തില്‍ നിന്നു സിനിമയിലേക്കുളള പ്രവേശ നത്തിന്റെ സംക്രമണഘട്ടത്തില്‍ തുടങ്ങി വര്‍ഷങ്ങളോളം നമ്മുടെ സിനിമ നാടകസ്വഭാവങ്ങള്‍ പുലര്‍ത്തുകയുണ്ടായി.

മലയാളത്തില്‍ ചലച്ചിത്രനിര്‍മ്മാണം വികാസം പ്രാപിച്ച കാലഘട്ടത്തിലെ (1928-1950) സാമൂഹ്യാന്തരീക്ഷം എന്തായിരുന്നുവെന്ന് സൂചിപ്പിച്ച ശേഷം സിനിമയുടെ നാടകസ്വഭാവത്തിലേക്കു മടങ്ങിയെത്താം. പയ്യന്നൂര്‍സമ്മേളനം (1927, 28), ഉപ്പുസത്യാഗ്രഹം (1930), നിയമലംഘനപ്രസ്ഥാനം (1932), കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം (1939), ക്വിറ്റ് ഇന്ത്യാ സമരം (1942) എന്നിവ മലബാറിലെ സാമൂഹ്യാന്തരീക്ഷ ത്തിലും നിവര്‍ത്തനപ്രക്ഷോഭണം (1938), പുന്നപ്രവലയാര്‍ സംഭവം (1946) തുടങ്ങിയ ചരിത്രസംഭവങ്ങള്‍ തിരുവിതാംകൂറിലും കൊച്ചിയിലും അലയൊലികള്‍ സൃഷ്ടിച്ചു. ഇത്തരം ചരിത്രപശ്ചാത്തലവും അവയുടെ ഉത്പ്പന്നമായ കലുഷിതമാനസിക വ്യാപരങ്ങളും ചേര്‍ന്ന് ദിനസരികളെ മന്ദഗതിയിലാക്കി തീര്‍ത്തു.

പ്രമേയപരമായും ആവിഷ്‌കരണപരമായും അംഗീകൃതനാടകസങ്കേതങ്ങളുടെ സംവേദനശീലമാണ് ആദ്യകാലസിനിമകള്‍ പ്രകടിപ്പിച്ചതെന്ന് സൂചിപ്പിച്ചുവല്ലോ ? സാങ്കേതിക പ്രവര്‍ത്തകരും നടീനടന്മാരും നാടകരംഗത്തുനിന്നു കടന്നുവന്നവരും കണ്ടെടുക്കപ്പെട്ടവരും ആയിരുന്നു. സാങ്കേതികമായി നോക്കുമ്പോള്‍ സിനിമയിലെ 'സീനുകള്‍' നാടകത്തിലെ'രംഗ'ങ്ങളുടെ സ്ഥാനം ഏറ്റെടുക്കുകയാണ് ചെയ്തത്. ഒരേ ആംഗിളില്‍ നിന്ന് ക്യാമറ ചലിപ്പിക്കാതെയും സീനുകള്‍ മുറിക്കാതെ (ഷോട്ടുകള്‍ ആക്കാതെ)യുമുളള ദീര്‍ഘനേരവീക്ഷണം നാടകസങ്കേതത്തോടുളള ആദ്യകാല സിനിമകളുടെ ചാര്‍ച്ച സുദൃഢമാക്കി. വാതില്‍പ്പുറചിത്രീകരണങ്ങളുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. മുന്‍പ് പരാമര്‍ശിക്കപ്പെട്ട സിനിമയിലെ ഈ നാടകത്വം ഒരു തരം ഇഴയല്‍ സ്വഭാവം പ്രദര്‍ശിപ്പിച്ചു.

മലയാളസിനിമ അതിന്റെ സ്വത്വബോധം പ്രകടിപ്പിച്ചു തുടങ്ങിയത് അമ്പതുകള്‍ക്കു (സ്വാതന്ത്ര്യാനന്തര)ശേഷമാണ്. 1951 ല്‍ നിര്‍മ്മിക്കപ്പെട്ട 'ജീവിതനൗക', 1954 ല്‍ നിര്‍മ്മിക്കപ്പെട്ട 'നീലക്കുയില്‍' തുടങ്ങിയ ചിത്രങ്ങള്‍ ഇക്കാലത്തെ സിനിമകള്‍ ആര്‍ജ്ജിച്ച ദിശാബോധത്തിന് ഉത്തമദൃഷ്ടാന്തങ്ങളാണ്. നാടകസങ്കേതങ്ങളെ ഏറെക്കുറെ പിന്‍തളളിക്കൊണ്ട്, എന്നാല്‍ അതിന്റെ നിലപാടുതറയില്‍ നിന്ന് വ്യതിചലിക്കാതെയും പലതരം കലാരൂപങ്ങളുടെ 'ഉത്സവപ്പറമ്പായി' സിനിമ പരിവര്‍ത്തനപ്പെട്ടു. പാട്ട്, നൃത്തം, നൃത്തനാടകങ്ങള്‍, ഹാസ്യപ്രകടനങ്ങള്‍, പ്രസംഗം എന്നിവ ഏറ്റക്കുറച്ചിലുകളോടെ നമ്മുടെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദാരവങ്ങളും ഭാവിയെക്കുറിച്ചുളള ശുഭപ്രതീക്ഷകളും ചേര്‍ന്ന് താരതമ്യേന സുഖപ്രദമായ മാനസികാന്തരീക്ഷത്തില്‍ ഇത്തരം ചിത്രങ്ങള്‍ ആസ്വാദകര്‍ക്കു സംതൃപ്തിദായകമായി. എന്നാല്‍ അണുകുടുംബ ങ്ങളുടെ വികാസം, വിദ്യാഭ്യാസരംഗത്തെ പുരോഗതി, ശാസ്ത്രസാങ്കേതികവിദ്യകളുടെ ക്രമികവികാസം, തൊഴിലില്ലായ്മ, ഭാവിയെക്കുറിച്ച് വര്‍ദ്ധിച്ച ഉത്കണ്ഠ എന്നിവ ജീവിതത്തെ പുന: നിര്‍വ്വചിച്ച കാലഘട്ടം ഇതിനെത്തുടര്‍ന്ന് ശക്തമായി. അത് ജീവിതാവേഗത്തെ ചലിപ്പിച്ച് 'മിനിമ'ത്തില്‍ എത്തിച്ചു. സ്വഭാവികമായും കലയില്‍ അതിന്റെ പ്രതിഫലനം ഉണ്ടായി. പുതിയ സങ്കേതങ്ങളും പ്രമേയങ്ങളും സ്വീകരിക്കാന്‍ കലാകാരന്‍ ബാധ്യസ്ഥനായി. 1965-ല്‍ പുറത്തിറങ്ങിയ 'ചെമ്മീന്‍' ചലച്ചിത്ര സംവിധായകന്റെ വൈദഗ്ധ്യം, സാങ്കേതികത്വം, വാണിജ്യരത എന്നിവയില്‍ ജീവിതത്തിന്റെ മിനിമം വേഗതയുമായി സമരസപ്പെട്ടു തുടങ്ങന്നത് സൂക്ഷ്മദൃക്കു കള്‍ക്കു മനസ്സിലാക്കാവുന്നതാണ്.

അവാര്‍ഡു സിനിമയെന്ന സങ്കല്പവും വേഗതയും

സമാന്തരസിനിമ, കലാപരസിനിമ, അവാര്‍ഡുസിനിമ എന്നൊക്കെ വ്യവഹരി ക്കപ്പെടുന്ന സിനിമകള്‍ക്കു മലയാളത്തില്‍ മേല്‍വിലാസമുണ്ടായത് അറുപതു കള്‍ക്കുശേഷമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ക്ക് ഇത്തരമൊരു വിഭജനം സൃഷ്ടിച്ചതില്‍ പങ്കുണ്ട്. ബിംബങ്ങളിലൂടെയും, പ്രതീകങ്ങളിലൂടെയും, അര്‍ദ്ധോക്തികളിലൂടെയും മറ്റും ആസ്വാദകനു പൂരിപ്പിക്കാന്‍ അവര്‍ ബോധപൂര്‍വ്വം വിടവുകള്‍ സൃഷ്ടിച്ചു; സിനിമയെ വ്യാഖ്യാനക്ഷമമാക്കിതീര്‍ത്തു. ഈ പ്രവണത സമൂഹത്തിലെ ബുദ്ധിജീവി വര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തിയപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ബൗദ്ധികമായി ശരാശരി നിലവാരം പുലര്‍ത്തുന്നവരെ - അസംതൃപ്തരാക്കി. എണ്ണത്തില്‍ കുറവായതിനാല്‍ ഇവയില്‍ പലതിനും അവാര്‍ഡുകള്‍ ലഭിച്ചതോടെ അവാര്‍ഡിനു മാത്രമായി സൃഷ്ടിക്കപ്പെട്ട തെന്ന ധാരണ പിറവിയെടുക്കുകയും സാധാരണക്കാര്‍ അവയെ 'അവാര്‍ഡുസിനിമ' എന്ന് വ്യവഹരിച്ചു തുടങ്ങുകയും ചെയ്തു. കലാപര സിനിമ സാധാരണപ്രേക്ഷകരെ ആനന്ദിപ്പിക്കുകയോ ആനന്ദിപ്പിക്കാതിരിക്കുകയോ ചെയ്യാം. ഇവയില്‍ ഒന്നുമാത്രം സംഭവിക്കുന്നുണ്ടെങ്കില്‍ കലാപരസിനിമ ഏതോ ഫോര്‍മുലകളെ ബോധപൂര്‍വ്വം പിന്തുടരുന്നുണ്ടെന്നു തീര്‍ച്ചയാണ്. മലയാളത്തിലെ കലാപര സിനിമ അത്തരത്തില്‍ ബോധപൂര്‍വ്വം സ്വീകരിച്ച ഫോര്‍മുലകളില്‍ പ്രധാനം 'ഇഴച്ചില്‍' അഥവാ മെല്ലെപോക്ക് ആയിരുന്നു. കൊടിയേറ്റം, എലിപ്പത്തായം, നിര്‍മ്മാല്യം, കാഞ്ചനസീത എന്നിവയില്‍ തുടങ്ങി സമീപകാലസിനിമകളിലേക്ക് ദൃഷ്ടാന്തങ്ങളുടെ നിര നീളുന്നു. കലാപര സിനിമയുടെ പ്രസ്തുതസ്വഭാവം ജീവിതത്തില്‍ മന്ദഗതിയില്‍ സംഭവിക്കുന്നതിനും കുറഞ്ഞ പ്രതികരണസമീപനത്തിനും 'അവാര്‍ഡു സിനിമപോലെ' എന്ന പരിഹാസ പ്രയോഗം സാധാരണജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്നതിന് ഇടയാക്കി. ഈ പ്രയോഗത്തില്‍ സൂചിതമാകുന്ന മാനസികഭാവത്തില്‍ ജീവിതത്തിന്റെ അംഗീകൃത വേഗതയോട് ഇഴുകിച്ചേരാനാകാത്ത കലയുടെ ദൗര്‍ബ്ബല്യമാണ് വെളിപ്പെടുന്നത്.

ജീവിതാവേഗ പരിണാമം

വിപണിയുടെ രുചിഭേദങ്ങള്‍ക്കനുസൃതമായാണ് സിനിമ എക്കാലത്തും പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തെ മന:ശാസ്ത്രപരമായി സമീപിക്കാനും കച്ചവടം എന്ന നിലയില്‍ പരമാവധി ചൂഷണം ചെയ്യാനും സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. ചലച്ചിത്രസൃഷ്ടാക്കളുടെയും ചലച്ചിത്രാസ്വാദകരുടെയും ഇടയില്‍ വര്‍ത്തിക്കുന്ന വര്‍ത്തമാനകാല പരിതസ്ഥിതികളെ ഇങ്ങനെ ക്രോഡീകരിക്കാം.

1. ആഗോളവത്ക്കരണത്തിന്റെ പുത്തന്‍ കച്ചവട സമവാക്യങ്ങള്‍.
2. ഉപഭോഗസംസ്‌കാരത്തിന്റെ വളര്‍ച്ച.
3. സാങ്കേതിക വിദ്യകളുടെ അനുദിനമാറ്റവും വളര്‍ച്ചയും
4. അഴിമതി, കൈക്കൂലി, നീതിനിര്‍വ്വഹണത്തിലെ പാളിച്ചകള്‍, രാഷ്ട്രീയരംഗത്തെ ചൂതുകളികള്‍ എന്നിവ വ്യാപകമായത് സമൂഹമനസ്സില്‍ സൃഷ്ടിച്ച അപഭ്രംശം.
5. ജനസംഖ്യാവര്‍ദ്ധനവും ആനുപാതികമായി വളരുന്ന തൊഴില്ലില്ലായ്മയും
6. ജീവിതരംഗം സമൂലം മാറിയിട്ടും ലൈംഗികതയെസംബന്ധിച്ചുളള പഴയ ധാരണകള്‍ തുടരുന്നത് ലൈംഗികാസംതൃപ്തി വര്‍ദ്ധിപ്പിച്ചു.

കൂടാതെ നഗരവത്ക്കരണം ഗ്രാമങ്ങളിലും ഗ്രാമീണരുടെ മനസ്സിലും യാന്ത്രികസംസ്‌കാരത്തിന്റെ ഊഷരഭൂമി നിര്‍മ്മിച്ചു. ഇത്തരം സങ്കീര്‍ണ്ണമായ പരിതസ്ഥിതികളും മാനസിക ഭാവങ്ങളും മലയാളിയെ യാന്ത്രികതയുടെ മൂര്‍ദ്ധന്യത്തിലേക്കാണ് നയിച്ചത്. പലതരം സാമൂഹ്യസംതൃപ്തികള്‍ കുത്തിനിറച്ച്, അമിതവേഗത്തില്‍ നിയന്ത്രണം തെറ്റിയോടുന്ന ഭാരവണ്ടിയാണ് ഇന്നത്തെ ശരാശരി മലയാളിയെന്ന സത്യം മനസ്സിലാക്കുകയും പരമാവധി ഉപയോഗപ്പെടുകയും ചെയ്യുന്നതില്‍ സിനിമാസൃഷ്ടാക്കളും ഉള്‍പ്പെടുന്നു.

പവിത്രന്റെ 'കുട്ടപ്പന്‍ സാക്ഷി' എന്ന ഡോക്യുഡ്രാമയില്‍ ഒരു സീനുണ്ട്. ഭൂതകാലത്തിന്റെ ചിഹ്നമായി ചെണ്ടകൊട്ടിയറിയിക്കുന്ന സിനിമാപ്രദര്‍ശനം 'നീലക്കുയിലില്‍' നിന്ന് 'പുലിമുരുകനില്‍' എത്തിനില്‍ക്കുന്ന ദൃശ്യയാത്ര. 'നീലക്കുയിലും' 'പുലിമുരുകനും' യഥാക്രമം മലയാളിയുടെ ജീവിതാവേഗത്തിന്റെ വളര്‍ച്ചയുടെയും പരിണാമത്തിന്റെയും സൂചകങ്ങള്‍ കൂടിയായി മാറുന്നു.

ജീവിതാവേഗവും എഡിറ്റിംഗും
Film Editor is the unusing hero of the film industry എന്നൊരു ചൊല്ല് അടുത്തകാലം വരെ സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസിദ്ധമായിരുന്നു. സമകാലികാന്തരീക്ഷ ത്തില്‍ ഈ ചൊല്ല്അപ്രസക്തമാണ്. കാരണം സിനിമാ വ്യവസായത്തില്‍ ഇന്ന് ഏറ്റവും ഉപയോഗിക്കാവുന്ന കലാകാരന്‍ എഡിറ്ററാകുന്നു. ദ്രാവിഡന്റെ ആദിമബോധത്തില്‍ ലയിക്കപ്പെട്ടതും ഇന്നു നിത്യജീവിതത്തിന്റെ ഭാഗവുമായ ചടുലവേഗ (താളാ)സക്തിയെ സിനിമയില്‍ ഏറ്റവും ഉപയോഗപ്രദമാക്കുന്ന കലാകാരന്മാര്‍, എഡിറ്റര്‍, ഗാനസംവിധായകന്‍, നൃത്തസംവിധായകന്‍, സംഘാടകസ്ഥാനം വഹിക്കുന്ന ചലച്ചിത്രസംവിധായകന്‍ എന്നിവരാണ്. ഇവരില്‍ എഡിറ്ററുടെയും എഡിറ്റിംഗിന്റെയും പ്രാധാന്യം എടുത്തുപറയേണ്ടതുണ്ട്. കാരണം ജീവിതത്തിന്റെ വേഗത്തോട് സമാന്തരമായി സിനിമയില്‍ ഷോട്ടുകളെ വിന്യസിക്കുകയെന്ന പ്രധാന ധര്‍മ്മമാണ് വര്‍ത്തമാനകാലത്ത് എഡിറ്റിംഗിലൂടെ എഡിറ്റര്‍ നിര്‍വ്വഹിക്കുന്നത്. സമരസപ്പെടാനുളള ശ്രമങ്ങളുടെ ഭാഗമാണ്. ചുരുക്കത്തില്‍ നിയന്ത്രണമില്ലാത്ത ഈ ഓട്ടപ്പാച്ചിലിനിടയില്‍ നമുക്കു നമ്മുടെ ഐന്ദ്രിയബോധത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന, സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ വ്യവച്ഛേദിച്ചറിയാന്‍ കഴിയുന്ന ആഖ്യാനപദാവലിയാണ് ഇന്നത്തെ കല ആവശ്യപ്പെടുന്നത്. സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടുകൊണ്ട് സമൂഹത്തിനു ഗുണപ്രദമായ ഒരു സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് അത് കലാകാരനെയും ആസ്വാദകനെയും ഒരുപോലെ പ്രാപ്തമാക്കും.



No comments:

Post a Comment