Sunday, 20 August 2017

പോക്‌സോ നിയമവും ആദിവാ സികളും - അമ്മിണി കെ. വയനാട്

അമ്മിണി കെ.  വയനാട്

ലോകരാജ്യങ്ങളിലെല്ലായിടത്തും, അതാത് രാജ്യത്തിന്റെ അവരുടേതായ ഒരു ഭരണസംവിധാനം നിലവിലുണ്ട്. ജനാധിപത്യം, മുതലാളിത്തം, രാജഭരണം, സോഷ്യലിസം എന്നീ വിവിധ ങ്ങളായ സംവിധാനങ്ങളെ ആശ്രയിച്ചാണ് പല രാജ്യങ്ങളും അവരുടേതായ ഭരണം നിലനിര്‍ത്തിക്കൊണ്ടുപോരുന്നത്. ലോകത്തിലെവിടെയായിരുന്നാലും ഏത് തരത്തിലുളള ഭരണസംവിധാനത്തില്‍ കീഴിലായിരുന്നാലും സാര്‍വ്വദേശീയമായി അംഗീകരിക്കപ്പെട്ട ഒരു സമൂഹമാണ് ഓരോ രാജ്യത്തിലെയും ആദിമനിവാസികള്‍ അഥവാ ഇന്റിജീനിയസ് പീപ്പിള്‍സ്. പൊതുസമൂഹത്തില്‍ നിന്നും അഥവാ മുഖ്യധാര ജീവിതരീതികളില്‍ നിന്നും മാറി ജീവിക്കുകയും തങ്ങളുടേതായ ഒരു ഗോത്രസംസ്‌കൃതി നിലനിര്‍ത്തുകയും ചെയ്യുക എന്നുളളതാണ്. ആദിമനിവാസികളുടെ സവിശേഷത എന്നുളളത് തര്‍ക്കമില്ലാത്ത കാര്യമാണ്. 

പ്രകൃതിയോടും മണ്ണിനോടും സമരസപ്പെട്ട് ജീവിക്കുകയും അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുക എന്നുളളത് ആദിമനിവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ഗോത്രസംസ്‌കൃതിയുടെ സാംസ്‌ക്കാരിക ഔന്നത്യമായി വേണം കരുതുവാന്‍. പൊതുവായ സാമൂഹിക ജീവിതക്രമത്തില്‍ അസംതൃപ്തരായ ഈ ജനവിഭാഗം തങ്ങളുടേതായ ഒരു ജീവിത രീതി പരമ്പരാഗതമായി നിലനിര്‍ത്തി പോരുന്നു. ഇന്ത്യയിലും മറ്റു ലോകരാജ്യങ്ങളുടേത്‌പോലെ തന്നെ ആ മണ്ണിന്റെ ഉടമകളായവരും തദ്ദേശീയരുമായ ആദിമനിവാസികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടാണ് കാണുവാന്‍ കഴിയുന്നത്. മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മാത്രമാണ് തദ്ദേശീയ ജനവിഭാഗം ആ രാജ്യത്തിന്റെ അധികാര പങ്കാളിത്തത്തില്‍ പൂര്‍ണ്ണമായും ഇല്ലാത്ത ഒരവസ്ഥ ഉളളത് എന്ന് കാണാന്‍ കഴിയും. ആദിമനിവാസികള്‍ എന്ന ഒറ്റ സംജ്ഞയില്‍ നില്‍ക്കുമ്പോള്‍ തന്നെ സാമുദായികമായി വൈവിധ്യപൂര്‍ണ്ണമായ ആചാരാനുഷ്ഠനങ്ങളാണ് ഗോത്രകേന്ദ്രീ കൃതമായ ആദിവാസികള്‍ തുടര്‍ന്നുപോന്നത്. കേരളത്തിലെ ആദിവാസികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആദിവാസികളെ സംബന്ധിച്ചു അവരുടെ ആചാരാനു ഷ്ഠാനങ്ങളെ സംബന്ധിച്ച നിയതമായ ഒരു രൂപരേഖ ഉണ്ടാക്കിയെടുക്കുന്നതിന് ഭരണസംവിധാനമോ പൊതു സമൂഹമോ ബുദ്ധിജീവികളോ ഇതുവരെ തുനിഞ്ഞിട്ടില്ല. ഇത് ലോകത്താകമാനം നിറഞ്ഞുനില്‍ക്കുന്ന സ്ഥിതിവിശേഷമാണ്. 


കേരളത്തിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം ഓരോ ഗോത്രവര്‍ഗ്ഗങ്ങളിലും അവരുടേതായ ആചാരാനുഷ്ഠാനങ്ങളും നിയമങ്ങളും നിലവിലുണ്ട്. ഇത് പൊതുസമൂഹത്തിന്റെ രീതിയില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ കൂടി പൊതുസമൂഹം ഇന്ന് തുടര്‍ന്നു വരുന്ന അനുഷ്ഠാനരീതികളുടെ പൂര്‍വ്വികഭാവം തന്നെയാണ്. പൗരാണിക രീതികളില്‍ നിന്നും വ്യതിചലിക്കാതെ പൊതുസ മൂഹം അനുവര്‍ത്തിച്ച പരിഷ്‌കാര രീതികളെ ഉള്‍ക്കൊളളാനാവാതെ പരമ്പരാഗതമായി നൂറ്റാണ്ടുകളോളം തനത് ശൈലിയെ കൈവിടാതെ കാത്ത് സൂക്ഷിച്ച് കൊണ്ടുവരുക എന്നുളള ശ്രമകരമായ തീരുമാനത്തില്‍ നിന്നും ഒട്ടും പുറകോട്ട് പോയിട്ടില്ല ആദിമസമൂഹം എന്നുളളത് വളരെ അത്ഭുതാവഹമാണ്. എന്നാല്‍ കാലഘട്ടങ്ങള്‍ മാറിമറിയുമ്പോള്‍ തികച്ചും സ്വകാര്യ മായ ജീവിതശൈലി ഇഷ്ടപ്പെടുന്ന ആദിവാസി സമൂഹത്തിന് പൊതുസമൂഹവുമായി ഇടപഴുകേണ്ട സ്ഥിതി വരുമ്പോള്‍ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഗോത്ര സംസ്‌കൃതിയില്‍ വെളളം ചേര്‍ക്കപ്പെടുകയോ ഒട്ടും തന്നെ ഇല്ലാതാവുകയോ ചെയ്യുന്നു. ഇത് ആദിവാസി സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നു. ഭരണസംവിധാനം ഉള്‍പ്പടെ വിവിധ തുറകളില്‍പെട്ട പൊതുസമൂഹമായി സമ്പര്‍ക്കപ്പെടുമ്പോള്‍ തദ്ദേശീയരായ ഈ സമൂഹം ഗത്യന്തരമില്ലാതെ പൊതുസമൂഹത്തിന്റെ നിയമാവലികള്‍ക്ക് കീഴ്‌പെട്ട് ജീവിക്കേണ്ട ദയനീയമായ സാഹചര്യം ഉടലെടുക്കുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിമനിവാസികള്‍ ഉളളത് വയനാട് ജില്ലയിലാണ്. ഇവിടുത്തെ ആദിവാസികളുടെ സ്ഥിതി തികച്ചും ദയനീയമാണ്. തങ്ങളുടേതായ സാമുദായിക നിയമങ്ങള്‍ ഒന്നും തന്നെ പൊതുസമൂഹമോ, ഭരണകൂടമോ നിയമവ്യവസ്ഥയോ മനസ്സിലാക്കിയിട്ടില്ല എന്നുളളത് ആ സമൂഹത്തെ സംബന്ധിച്ച് തികച്ചും നിര്‍ഭാഗ്യകരമാണ്. വയനാട്ടിലെ തന്നെ കുറിച്യര്‍ വിഭാഗത്തില്‍ മാത്രമാണ് അല്പം വ്യത്യസ്ഥമായ ഒരു സ്ഥിതി നിലനില്‍ക്കുന്നത്. കുറിച്യര്‍ ഹൈന്ദവതത്വസം ഹിതയോട് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ സാമുദായിക നിയമങ്ങള്‍ ഒരു പരിധിവരെ മുഖ്യധാരയുമായി സമരസപ്പെടുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പണിയര്‍ എന്ന ഗോത്രസമൂഹം തികച്ചും ഗോത്രസ്വത്വത്തില്‍ അധിഷ്ഠിത മായിട്ടാണ് ജീവിക്കുന്നത്. ഒരു വ്യക്തി ജനിക്കുന്നതുമുതല്‍ തുടങ്ങുന്നു വിവിധങ്ങളായ ആചാരാനുഷ്ഠാന രീതികള്‍. പണിയര്‍ സമൂഹത്തില്‍ ജനനം, തിരണ്ട് കല്യാണം, വിവാഹം, പ്രസവം, മരണം മരണാനന്തരക്രിയകള്‍ ഇവയ്‌ക്കെല്ലാം തന്നെ അവരുടേതായ ആചാരരീതികളുണ്ട്. ആചാരാനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തികൊണ്ടോ, ഗോത്രസമൂഹത്തിന്റെ തലവനെ ചോദ്യം ചെയ്തുകൊണ്ടോ പണിയര്‍ക്ക് മുന്നോട്ടു പോകാനില്ല.


ഗോത്രാചാരം അനുസരിച്ച് ഒരു പെണ്‍കുട്ടിയുടെ തിരണ്ട് കല്യാണം അവളുടെ വിവാഹത്തേക്കാള്‍ പ്രാധാന്യമേറിയതാണ്. കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ മൂലം ഇത്തരം ചടങ്ങുകള്‍ നടത്തേണ്ട അവസരത്തില്‍ അത് നടത്താന്‍ കഴിയാതെ വന്നാല്‍ അനുകൂലസാഹചര്യത്തില്‍ ബന്ധുക്കള്‍ ആ ചടങ്ങ് കൃത്യമായി നടത്തിയിരിക്കും. ഇത്തരത്തിലുളള കാര്യങ്ങള്‍ക്കുവേണ്ടി മൂപ്പന്‍മാരും ബന്ധുമിത്രാദികളും ഊരുകളില്‍ ഒത്തുചേരുന്ന പതിവുണ്ട്. വയസ്സറിയിച്ച പെണ്‍കുട്ടിക്ക് തങ്ങളുടെ തന്നെ വിഭാഗത്തില്‍ നിന്നും വിവാഹാലോചനകള്‍ താമസംവിന വന്നുതുടങ്ങും. ഇഷ്ടപ്പെട്ട സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കുവാന്‍ ഇവിടെ അവസരമുണ്ട്. ശൈശവവിവാഹം ഈ വിഭാഗത്തില്‍ വളരെ കൂടുതലാണ്. പരിഷ്‌കൃത സമൂഹത്തിലേതെന്നപോലെ ചെറുപ്രായത്തില്‍ തന്നെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ഊരുക്കളില്‍ നിന്ന് പാലായനം ചെയ്യുകയും മറ്റേതെങ്കിലും പ്രദേശങ്ങളില്‍ പോയി ജീവിതമാര്‍ഗ്ഗം തേടുകയും ചെയ്യും. എന്നാലിത്തരത്തിലുളള ബന്ധത്തിന് സമുദായത്തില്‍ ഒരെതിര്‍പ്പുമില്ല. ഇരുവിഭാഗങ്ങളിലെ മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഊരുകൂട്ടം വിളിച്ച് ചേര്‍ക്കുകയും തെറ്റ് സംബന്ധിച്ചുളള കാര്യങ്ങള്‍ പറഞ്ഞ് തീര്‍പ്പുകല്‍പ്പിക്കുകയും തെറ്റിന് പിഴ നല്‍കികൊണ്ട് ഇവരുടെ ബന്ധത്തെ അംഗീകരിക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വയനാട്ടിലെ ആദിവാസി മേഖലയില്‍ 18 വയസിന് താഴെ പ്രായമുളള വിവാഹിതരുടെ നിരക്ക് കൂടി വരുന്നത്. ഗോത്രസമൂഹത്തിലെ അലിഖിത നിയമങ്ങള്‍ ഇത്തരത്തിലുളള വൈവാഹിക നിയമങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കില്‍ പോലും, പൊതുസമൂഹം ഇതിനെ അംഗീകരിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്തിയ 22 ഓളം കേസുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ കൂടുതലാണ്. ഇവിടെയാണ് പോക്‌സോ നിയമം ആദിവാസികളില്‍ കരിനിഴല്‍ വീഴ്ത്തുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ അമ്പലവയല്‍ അയ്യപ്പമൂല കോളനിയിലെ ബാബു എന്ന ആദിവാസി യുവാവിന് 40 വര്‍ഷംകഠിനതടവിനാണ് വയനാട് ജില്ല പോക്‌സാകോടതി 2015 സെപ്തംബര്‍ മാസം 15 ന് ശിക്ഷാവിധിച്ചത്. ബാബുവിന്റെ ജാമ്യത്തിനായി വയനാട് ജില്ലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഹരി ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് രണ്ടരവര്‍ഷക്കാലം ബാബു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. ബലാത്സംഗം തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് 40 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പോക്‌സോ നിയമത്തിന്റെ കുരുക്കില്‍ പെട്ട് നിരവധി ആദിവാസി യുവാക്കളാണ് തുറങ്കില ടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗോത്രസംസ്‌കൃതിയിലെ സാംസ്‌ക്കാരിക പിന്തുടര്‍ച്ചയും, പൊതു സാമൂഹിക പിന്തുടര്‍ച്ചയും, പരസ്പരം കൂട്ടിമുട്ടുന്ന ഒരു സ്ഥിതി വിശേഷം സംജാതമാകുകയാണ്. ഇത് ആദിവാസികളെ സംബന്ധിച്ച് അംഗീകരിക്കുവാന്‍ കഴിയുന്ന ഒരു കാര്യമല്ല. ഒരു നിയമനിര്‍മ്മാണ പട്ടണത്തില്‍ ആ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന അനന്തരഫലത്തെപ്പറ്റി ആഴമുളള പഠനം ഇല്ലാതെപോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പോക്‌സോ നിയമത്തിന്റെ മറ്റൊരു ദുരുപയോഗത്തിനു ഉദാഹരണമാണ് നിര്‍ഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളുടെ അവസ്ഥ. ഗോത്ര സാമൂഹിക വ്യവസ്ഥ അംഗീകരിച്ച് വിവാഹം നടത്തികൊടുത്ത ആദിവാസി പെണ്‍കുട്ടികളുടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വോളന്റിയേഴ്‌സ് നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ട് പോയി നിര്‍ഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നു. ആദിവാസി സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ഒരു പെണ്‍കുട്ടി വയസ്സറിയിച്ച് കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും വിവാഹമാകാം എന്നതാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയാണെന്ന വാദവും ആദിവാസികള്‍ക്കിടയില്‍ തന്നെയില്ല. എന്നാല്‍ മുസ്ലീം വ്യക്തിനിയമത്തില്‍ ലഭിക്കുന്ന പരിരക്ഷകള്‍ ആദിവാസി സമൂഹത്തിന് ലഭ്യമാകുന്നില്ല എന്നത് വൈരുദ്ധ്യാത്മകമാണ്. 1919 ല്‍ നിലവില്‍ വന്ന ശൈശവ വിവാഹ നിയന്ത്രണ നിയമം 2006 ല്‍ ശൈശവ വിവാഹ നിരോധന നിയമം വഴി പരിഷ്‌കരിച്ചു. 2007 നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ഈ നിയമമനു സരിച്ച് 18 വയസ്സിന് താഴെ പ്രായമുളള ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നടത്തുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. പിന്നീട് നിര്‍ഭയ സംഭവവുമായി ബന്ധപ്പെട്ട് 2012 ല്‍ വന്ന നിയമമാണ് 


പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ് ആക്ട് (പോക്‌സോ 2012). 

ഈ നിയമപ്രകാരം പതിനെട്ട് വയസില്‍ താഴെയുളള ഒരു പെണ്‍കുട്ടിക്ക് നേരെ നടത്തുന്ന പീഢനശ്രമമോ, ലൈംഗിക അതിക്രമമോ ചൂഷണമോ പോക്‌സോ നിയമത്തിന്‍ പ്രകാരം ഗുരുതരമായ കുറ്റമാണ്. ഇവിടെയാണ് ആദിവാസി വിഭാഗ ത്തിലെ വിവാഹങ്ങള്‍ പോക്‌സോ നിയമക്കുരുക്കില്‍പെടുന്നത്. ഗോത്രാചാരപ്രകാരം നടത്തപ്പെടുന്ന വിവാഹങ്ങള്‍ പോക്‌സോ നിയമപ്രകാരം കടുത്ത കുറ്റമാണ്. വയനാട് ജില്ലയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകം അമിത താല്‍പര്യവും സമ്മര്‍ദ്ദവും ചെലുത്തി ആദിവാസി യുവാക്കളെ പോക്‌സോ നിയമകുരുക്കില്‍ പെടുത്തി ജയിലില്‍ അടയ്ക്കാന്‍ ശ്രമം നടത്തി. ചൈല്‍ഡ് ലൈന്‍ ഇതിന് നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മികവ് തെളിയിക്കുന്നതിന്റെ ഭാഗമായി 2015-2016 ല്‍ വര്‍ഷത്തില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതില്‍ 9 എണ്ണം ജനറല്‍ കേസ്സും 24 എണ്ണം ആദിവാസി യുവാക്കളെ സംബന്ധിച്ചിട്ടുളള കേസ്സുകളായിരുന്നു. FIR രേഖപ്പെടുത്തുന്നതിന് വേണ്ടി ശക്തമായ ഇടപെടലും സ്വാധീനവും CWR ചെയര്‍മാന്‍ ചെയ്തതായി പല പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വെളിപ്പെടുത്തി തുടങ്ങി. ഇങ്ങനെ നിയമകുരുക്കില്‍ പെട്ട് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കു ന്നതിനും ജാമ്യത്തിലിറക്കുന്നതിനുമായി മുന്നോട്ട് വരുവാന്‍ ആദിവാസി കുടുംബങ്ങളില്‍ പലര്‍ക്കും കഴിയാതെ പോകുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാലും അതിനാല്‍ കരം കെട്ടിയ രസീത് ഇല്ലാത്തതിനാലും ബാബുവിന്റെ കേസ്സില്‍ ആദിവാസികള്‍ അല്ലാത്തവര്‍ ജാമ്യം എടുക്കുന്നതിന് രംഗത്ത് വന്നെങ്കിലും നടന്നില്ല. ആദിവാസി തന്നെ വരണം എന്നതാണ് മറ്റൊരുനിയമതടസ്സം. ഇങ്ങനെ അറസ്റ്റ് ചെയ്യുന്നവരെ ജാമ്യത്തിലിറക്കാന്‍ ആദിവാസികള്‍ക്ക് കഴിയുന്നില്ല. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ആദിവാസികളെ ജാമ്യത്തിലിറക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു.പോക്‌സോ കോടതിയില്‍ എത്തുന്ന കേസ്സുകളില്‍ 95% വും ജനറല്‍ വിഭാഗത്തിലുളള ആളുകള്‍ ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്സുകളാണ്. ഇതില്‍ മതിയായ തെളിവ് ഇല്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടതായും മിക്കവാറും വിധികളില്‍ തെളിയിക്കുന്നു. ആദിവാസികളെ മാത്രം തേടി പിടിച്ച് ഇത്തരത്തില്‍ കേസ് ചാര്‍ജ്ജ് ചെയ്യുന്നത് മനോഭാവത്തിന്റെ പ്രശ്‌നമാണ്.

അഡ്വ. ഫാ. തോമസ് തേരകം ആദിവാസി നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും സംബന്ധിച്ച് ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയ ആളാണ്. വയനാട് ജില്ലയിലെ കുടിയേറ്റ കര്‍ഷകകുടുംബത്തില്‍ ജനിച്ച ഒരാളും കൂടിയാണ് ഇവര്‍. 1975 -ല്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കല്‍ നിയമവും ആദിവാസി സംഘടിപ്പിച്ച സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി മലയോരകര്‍ഷ ഫെഡറേഷന്‍ രൂപീക രിച്ചു ആദിവാസി വിരുദ്ധരായ ഇവര്‍ 2003 മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ അടക്കപ്പെട്ട ആദിവാസി സഹോദരങ്ങളെ മോചിപ്പിക്കാന്‍ അവരുടെ അവകാശങ്ങള്‍ നിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനുവേണ്ടി നീതി വേദി എന്ന ഒരു NGO സംഘടന രൂപീകരിച്ചു. ഒരു ആദിവാസി കേസു പോലും അന്വേഷിക്കാനോ പരിഗണിക്കാനോ ഈ സംഘടന മുന്നോട്ട് വന്നിട്ടില്ല. ഇവരുടെ ലക്ഷ്യം തന്നെ ആദിവാസികളെ മുന്‍നിര്‍ത്തി വിദേശഫണ്ടുകള്‍ വാങ്ങുക എന്നുളളത് മാത്രമാണ്. ആദിവാസികള്‍ അന്നും ഇന്നും എന്നും ജീവനുളള പരീക്ഷണ വസ്തുക്കളാണ്. NGO ക്കാര്‍ക്ക് കാശ് ഉണ്ടാക്കാനുളള ഒരു ഉല്‍പന്നം മാത്രമായി മാറിയിരിക്കുന്നു ആദിവാസികള്‍.


ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന 
നിയമം - 2012. 
പോക്‌സോ ആക്റ്റ് - 2012. 

കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണെന്ന തിരിച്ചറിവുണ്ടാകുകയും മാതാപിതാക്കള്‍ കുട്ടികളെ കരുതുന്നതിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും, സര്‍ക്കാര്‍ കുട്ടികള്‍ക്കു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുമ്പോഴും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരം വര്‍ദ്ധിച്ചുവരികയാണ്. സമഗ്രമായ നിയമ സംവിധാന ങ്ങളുടെ അപര്യാപ്തതയും അവബോധമില്ലായ്മയും ഒരു പരിധി വരെ നിലവിലുളള നിയമങ്ങളെ പരിശോധിച്ച് വിലയിരുത്തി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ഒരു നിയമം 2012 ല്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.

കൂടാതെ ഭരണഘടന കുട്ടികള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കുവാന്‍ അനുശാസിക്കുന്നതായും കുട്ടികളുടെ അവകാശഉടമ്പടിയില്‍ ഇന്ത്യ ഒപ്പു വച്ചിട്ടുളളതിനാലും ഇത് ഗവണ്‍മെന്റ് ഉത്തരവാദിത്വം കൂടിയാണ്. ആയതിനാല്‍ പോക്‌സോ ആക്റ്റ് ഗോത്രവര്‍ഗ്ഗങ്ങളുടെ ആചാരങ്ങളെ സംബന്ധിച്ചു ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യേണ്ടത്.

ലൈംഗിക അതിക്രമണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന ആക്ട് 2012 
നിര്‍വചനം

ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കുവേണ്ടി സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ നിയമം. ഈ നിയമം കുട്ടികള്‍ക്കെതിരായുളള ലൈംഗിക കുറ്റകൃത്യങ്ങള്‍ തരംതിരിച്ച് അതിനുളള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 3 - കുറ്റം ലൈംഗിക കടന്നുകയറ്റത്തിലൂടെയുളള ആക്രമണം. 7 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാല ത്തേയ്ക്ക് രണ്ടിലേതെങ്കിലും തരത്തില്‍പെട്ട തടവുശിക്ഷയ്ക്കും പിഴയ്ക്കും അര്‍ഹതയുണ്ടായിരിക്കും. 

വകുപ്പ് - 5 . ഗൗരവകരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുളള ആക്രമണം 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കാലത്തേയ്ക്കു കഠിന തടവിനും കൂടാതെ പിഴയ്ക്കും അര്‍ഹനാകുന്നതാണ്.
വകുപ്പ് - 7 ലൈംഗിക ആക്രമണം
3 വര്‍ഷത്തില്‍ കുറയാത്തതും 5 വര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിലുള്‍പ്പെട്ട തടവു ശിക്ഷയ്ക്കും പിഴയ്ക്കും കൂടി അര്‍ഹനായിത്തീരുന്നതാണ്.
വകുപ്പ് - 9. ഗൗരവതരമായ ലൈംഗിക ആക്രമണം. 5 വര്‍ഷം കുറയാത്തതും 7 വര്‍ഷം വരെ ആകാവുന്ന തടവു ശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും കൂടി ശിക്ഷ ഉളളതാണ്.
വകുപ്പ് -11 ലൈംഗിക പീഡനം
3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷയ്ക്കും കൂടാതെ പിഴയ്ക്കും അര്‍ഹനായിത്തീരുന്നതാണ്. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കീഴില്‍ കേരളത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതും കമ്മിറ്റിയുടെ ഭാരവാഹികള്‍ എല്ലാം തന്നെ ക്രിസ്ത്യന്‍ മിഷണറിയുമായി ബന്ധമുളള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ്. കോട്ടിയൂര്‍ ഫാ. റോബിന്‍ വടക്കന്‍ചേരി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയവരുമായി ബന്ധപ്പെട്ട് ഈ കമ്മിറ്റികളെല്ലാം തന്നെ എല്ലാ തരത്തിലുളള പിന്തുണയും സഹായവുമാണ് ചെയ്തത്. ഇതില്‍ വയനാട് CWC ചെയര്‍മാന്‍ അടക്കം 10 പ്രതികളും സഭയുമായി ബന്ധമുളളവരാണ്. പ്രതികളെ രക്ഷപെടുത്തുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒത്താശയും പോലീസും സഭയും ഒരുക്കിക്കൊടുത്തു. അതുകൊണ്ടാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് പ്രതികള്‍ 6 മണിക്കു എത്തുകയും കോടതി ജാമ്യാപേക്ഷ പരിഗണിച്ചവരും പീഡനത്തിനരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന് മുലപ്പാല്‍ പോലും നിഷേധിച്ചതും കുഞ്ഞിനെ വയനാട്ടില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രം വൈത്തിരി ഹോളി ഇന്‍ഫന്റ് കോണ്‍വെന്റില്‍ എത്തിച്ചതും മറക്കാനാവുന്നതല്ല. പോക്‌സോ ആക്ട് നിയമവും ഇതിന് ബാധകമായില്ല. 

പോക്‌സോ നിയമക്കുരുക്കില്‍പെട്ട് ഇന്നും പല യുവാക്കള്‍ വൈത്തിരി, മാനന്തവാടി സബ് ജയിലില്‍ കഴിയുന്നുണ്ട്. രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തിലൂടെ വയനാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് മാസത്തില്‍ 'കമ്മിറ്റി എഗനിസ്റ്റ് പോക്‌സ് ഓണ്‍ ട്രൈബല്‍ മാര്യേജ്' എന്ന സമതിക്ക് രൂപം നല്‍കി സമരപ്രേക്ഷോഭങ്ങള്‍ നടത്തിവരുന്നു.ഇരട്ട നീതിക്കെതിരെ 21-3-2017 സമരപ്രഖ്യാപന ഉപവാസം നടത്തി 2017 മാര്‍ച്ച് 24-ാം തീയതി ബാബുവിനെ മോചിപ്പിച്ചു. രണ്ടരവയസ്സുളള മകന്‍ സബിന്‍ ഭാര്യ സജീനയ്ക്കും ഒപ്പം സുഖമായി ജീവിക്കുന്നു. പലരും ജാമ്യം എടുക്കാന്‍ ആരുമില്ലാതെ തടവിലുണ്ട്. ഇവരെ സംരക്ഷിക്കാനും നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും സര്‍ക്കാര്‍ കണ്ണ് തുറക്കണം.

No comments:

Post a Comment