Monday, 14 August 2017

ബഹുമാനപ്പെട്ടെ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പട്ടികജാതി വികസന വകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയിലേക്ക്. എയ്ഡഡ് സ്ഥാപനങ്ങളിലെ സംവരണത്തില്‍ നിങ്ങളുടെ നിലപാട് എന്ത് ? - ജയകുമാര്‍ എം കെ


എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ സംവരണ മാനദണ്ഡം പാലിച്ചാവണം എന്ന കോടതി ഉത്തരവില്‍, എന്ത് നയമാണ് ഇടതു സര്‍ക്കാരിനുളളതെന്നു വളരെ കൃത്യമാണ്. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.എസി ക്ക് വിടുന്നതിനെക്കുറിച്ചുളള നിയമസഭാ ചോദ്യത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി തന്ത്രപരമായി ഒഴിഞ്ഞുമാറുന്നത് തന്നെ ഇടതു പക്ഷത്തിനു സംവരണത്തോടും ദലിതരോടുമുളള സമീപനം വ്യക്തമാക്കുന്നുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പറയട്ടെ. ദലിത് - ആദിവാസി വിഭാഗങ്ങളെ മൊത്തമായും ഉന്നതവിദ്യാഭ്യാസം നേടിയ തൊഴില്‍രഹിതരായ പ്രസ്തുത വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെ സവിശേഷമായും ബാധിക്കുന്ന ചില നിര്‍ണ്ണായക പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 അവസരസമത്വ ത്തിനുളള അവകാശം എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്കുന്നുണ്ട്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ വിഭവാധികാരങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 15 (4), 16 (4), 45, 46, 330, 332, 338, 341, 342, 335 തുടങ്ങിയവയിലൂടെ സവിശേഷമായ ചില അവകാശങ്ങളും ഭരണഘടന നല്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജുഡീഷ്യറി, മാധ്യമങ്ങള്‍ അടക്കം സര്‍വ്വ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന സവര്‍ണ്ണ മധ്യമജാതിവിഭാഗങ്ങളുടെ സംരക്ഷണാര്‍ത്ഥം ആദിവാസി - ദലിത് വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നിത്യശാപമായി തുടരുകയാണ്.

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവ് വരുന്ന അധ്യാപക തസ്തികകള്‍, പ്രൊട്ടക്ടഡ് അധ്യാപകലിസ്റ്റില്‍ നിന്നും നികത്തുന്നതുമൂലം തൊഴില്‍ സാധ്യത നഷ്ടപ്പെടുന്ന ആയിരക്കണക്കിന് യുവതിയുവാക്കള്‍ കേരളത്തിലുണ്ട്. ലക്ഷക്കണക്കിന് രൂപ മാനേജുമെന്റുകള്‍ക്ക് കോഴകൊടുത്തു ജോലി വാങ്ങി, ആ പേരില്‍ പതിനായിരങ്ങള്‍ ശമ്പളം പറ്റിയിരുന്ന വ്യക്തികളെ, സ്‌കൂള്‍ പൂട്ടിപ്പോയി എന്ന കാരണത്താല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നല്‍കുന്നത് സാമൂഹിക നീതിക്കു നിരക്കുന്നതാണോ ? NSS, SNDP, ക്രിസ്ത്യന്‍, മുസ്ലീം മാനേജുമെന്റുകള്‍ അവരുടെ കീഴില്‍ പൂട്ടി പോയ സ്‌കൂളുകളിലെ പ്രൊട്ടക്ടഡ് അധ്യാപകരെ അവരുടെ തന്നെ മറ്റു സ്‌കൂളുകളില്‍ ഒഴിവു വരുന്നതനുസരിച്ചു നിയമിക്കുന്നതല്ലേ ശരിയായ വഴി. എന്നാല്‍ തങ്ങള്‍ക്കു കോടികള്‍ കോഴ ലഭിക്കുന്ന മാര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യാന്‍ സാമുദായിക നേതാക്കളും മാനേജുമെന്റും തയ്യാറാവില്ല എന്നതല്ലേ വാസ്തവം. സാമുദായിക മത നേതാക്കളുടെ ഇത്തരം അഴിമതിക്കും, സ്വാര്‍ത്ഥ താല്‍പ്പര്യത്തിനും കൂട്ട് നില്ക്കുന്ന നിലപാടല്ലേ, എയ്ഡഡ് മേഖലയിലെ പ്രൊട്ടക്ടഡ് അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുന്നതിലൂടെ ഗവണ്‍മെന്റ് ചെയ്യുന്നത്. ഇത് പാവപ്പെട്ട, അധ്യാപക ജോലി സ്വപ്നം കണ്ടിരിക്കുന്ന ആയിരങ്ങള്‍ക്ക് നീതി നിഷേധിക്കലല്ലേ ? പട്ടികജാതി വിഭാഗങ്ങള്‍ക്ക് എയ്ഡഡ് മേഖലയില്‍ സംവരണം നല്‍കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയുണ്ടായിട്ടും അതിനോട് മുഖം തിരിക്കുകയാണ് മാറി മാറി വരുന്ന സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും ചെയ്യുന്നത്. ആ വിധിക്കു സ്റ്റേ വാങ്ങിയത് NSS ആണ്. അപ്പോള്‍ പാവപ്പെട്ട പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് എയ്ഡഡ് മേഖലയിലും, ഇപ്പോള്‍ അവകാശപ്പെട്ട സര്‍ക്കാര്‍ മേഖലയിലും തൊഴില്‍ നിഷേധിക്കുന്നത് സംഘടിത മത സാമുദായിക നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകുമോ. ബിരുദവും ബിരുദാനന്തര ബിരുദവും BEd, SET, NET, PhD യോഗ്യതയുളള നൂറുകണക്കിന് പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ട്. ലക്ഷങ്ങള്‍ തലവരി പണം കൊടുക്കാന്‍ ഇല്ലാത്തവര്‍. സര്‍ക്കാര്‍ മേഖലയിലെ സംവരണ സീറ്റില്‍ എങ്കിലും ഭാവി സ്വപ്നം കണ്ടിരിക്കുന്നവര്‍. പട്ടിണിയോടും പ്രതികൂല ജീവിത സാഹചര്യങ്ങളോടും പൊരുതി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയിട്ടും, സംഘടിത വോട്ടു ബാങ്ക് അല്ലാത്തതിനാല്‍ നീതി നിഷേധിക്കപ്പെടുന്ന സമൂഹത്തോട് ഇനിയും മുഖം തിരിക്കുന്ന സമീപനം സ്വീകരിക്കരുതെന്നാണ് അപേക്ഷിക്കാനുളളത്. ഇന്നും ആയിരക്കണക്കിന് സംവരണ കോട്ട നികത്തപ്പെടാതെ പൂഴ്ത്തി വച്ചിരി ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാരുടെ തൊഴിലും, ഒരു സമൂഹത്തിന്റെ പുരോഗതിയുമാണ് ഇതുമൂലംഇരുളടയുന്നത്. ഇനിയും തല്‍സ്ഥിതി തുടര്‍ന്നാല്‍ രോഹിത് വെമുലയെ പോലെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്കാണ് പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

കോളേജ് അധ്യാപകരുടെ സമരം ഒത്തുതീര്‍ക്കുന്നതിനായി 1971 ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഡയറക്ട് പെയ്‌മെന്റ് സിസ്റ്റം (G.O. MSNo. 185/72/Edn. dated Tvm 30th August 1972 from Education (F) Department) ഗവണ്‍മെന്റും സ്വകാര്യ കോ ളേജ് മാനേജ്‌മെന്റും തമ്മിലുളള ബന്ധത്തിന്റെ അടിസ്ഥാന കരാറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. താഴെപ്പറയുന്നവയാണ് ഈ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.

1. 1.9.1972 മുതല്‍ സ്വകാര്യ കോളേജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതാണ്. 

2. അധ്യാപാക അനധ്യാപക നിയമനങ്ങള്‍ നടത്താനുളള അവകാശം സ്വകാര്യമാനേജ്‌മെന്റുകള്‍ക്ക് ആയിരിക്കും.

3. ഓരോ വര്‍ഷവും കോളേജിന് ആവശ്യമായ വാര്‍ഷിക ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ സര്‍ക്കാര്‍ നല്കുന്നതാണ്. 

4.അതാത് ആവശ്യങ്ങള്‍ക്കായി സ്‌പെഷ്യല്‍ ഫീസ് പിരിക്കാനും അതേ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനും കോളേജുകള്‍ക്ക്അധികാരം ഉണ്ടായിരിക്കും.

മാനേജുമെന്റുകള്‍ക്ക് തൊഴില്‍ നിയമന കാര്യത്തില്‍ സ്വതന്ത്രപരമാധികാരം ഉറപ്പുനല്കുന്ന ഈ കരാറിലൂടെ മാനേജ്‌മെന്റുകളുടെ അധികാരങ്ങള്‍ എന്നെന്നേക്കുമായി അരക്കിട്ടുറപ്പിക്കപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടപ്പെടാന്‍ മുഖ്യ സ്ഥാനവും ഈ കരാര്‍ തന്നെ.

യു.ജി.സി. അടക്കമുളള ഉന്നത വിദ്യാഭ്യാസ ഏജന്‍സികളും ദലിത് - ആദിവാസി വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തട്ടിപ്പറിക്കുന്നതില്‍ ഗവേഷണം നടത്തുന്നുണ്ട് എന്നു വേണം കരുതാന്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്കുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലേയും അധ്യാപക അനധ്യാപക നിയമനങ്ങളില്‍ എസ്.സി./എസ്.ടി സംവരണം കര്‍ശനമായും പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം (No.F.No.6 - 30/2005 U-5 dated 6, December 2005) യു.ജി.സിക്ക് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ കഴിഞ്ഞ 38 വര്‍ഷമായി സംവരണം നടപ്പാക്കുന്നില്ല എന്നു മാത്രമല്ല യു.ജി.സി.യോ സര്‍ക്കാരോ യൂണിവേഴ്‌സിറ്റികളോ ഇതൊരു അവകാശലംഘനമായി പോലും പരിഗണിക്കുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ 79.14% കോളേജുകളും 78.33% അധ്യാപകരും ഉള്‍ക്കൊളളുന്ന എയ്ഡഡ് വിദ്യാഭ്യാസവ്യവസ്ഥ സംവരണ നിഷേധത്തിലൂടെ സാമൂഹ്യാനീതികള്‍ ഉത്പാദിപ്പിക്കുന്ന പടുകൂറ്റന്‍ ഫാക്ടറികളായി തീര്‍ന്നിരിക്കുന്നു.

എയ്ഡഡ് മേഖലയിലെ ജോലിയുമായി ബന്ധപ്പെട്ട് 'സ്വജനമിത്രം' മാസിക തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് ഇത് വെളിവാക്കുന്നുണ്ട്. അതില്‍ പറയുന്നത്.

എയ്ഡഡ് മേഖലയില്‍ 687 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി 10, 212 അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ എസ്.സി/ എസ്.ടി വിഭാഗങ്ങളുടെ തരംതിരിച്ചുകൊണ്ടുളള കണക്ക് ലഭ്യമല്ലെന്നാണ് ഹയര്‍ സെക്കന്ററി ഓഫീസ് നല്കുന്ന വിവരം 1429 ഹൈസ്‌കൂളിലായുളള 35,584 അദ്ധ്യാപകരില്‍ എസ്.എസി. 84 ഉം എസ്.ടി 2 പേരുമാണ് ഉളളത്. 1869 യു.പി. സ്‌കൂളുകളിലായി 33,057 അദ്ധ്യാപകരുണ്ട്. ഇതില്‍ എസ്.സി. 91 ഉം. എസ്.ടി. 32 ഉം ആണ്. 3,981 എയ്ഡഡ് എല്‍.പി. സ്‌കൂളുകളിലായി 36,297 അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു. ഇതില്‍ 176 പേര്‍ എസ്.സി.യും 62 പേര്‍ എസ്.ടിയും ആണ്.

എയ്ഡഡ് മേഖലയിലെ ഹയര്‍സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍, യു.പി., എല്‍.പി. അടക്കം മൊത്തം സ്‌കൂളുകള്‍ 7,966 ആണ്. ഇതില്‍ 1,15,140 അദ്ധ്യാപകരുണ്ട്. എന്നാല്‍ ദലിത് ആദിവാസി വിഭാഗത്തിലെ അധ്യാപകരുടെ എണ്ണം 447 ആണ്. പൊതുഖജനാവിലെ പണംകൊണ്ട് ശമ്പളവും പെന്‍ഷനും നല്കുന്ന ഈ മേഖലയില്‍ സാമൂഹികനീതി അനുസരിച്ച് ദലിത് ആദിവാസികള്‍ക്ക് ലഭ്യമാകേണ്ടത് (10% സംവരണം പ്രകാരം) 11,500- ലേറെ അധ്യാപക തസ്തികകളാണ് എന്നു കാണാവുന്നതാണ്.

അടിസ്ഥാന വിദ്യാഭ്യാസമേഖലയുടെ ചിത്രം ഇപ്രകാരമാണെങ്കില്‍ കൂടുതല്‍ പണം സര്‍ക്കാരില്‍ നിന്നൊഴുകുന്ന ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥ ഇതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്.

2007-08 ല്‍ കേരളത്തില്‍ 9,830 കോളേജ് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 2, 125 സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകരും (21.77%), 7685 (78.33%) എയ്ഡഡ് കോളേജ് അധ്യാപകരുമായിരുന്നു. യു.ജി.സി. പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ തുക 1,165.45 കോടി രൂപയാണെന്നാണ് കേരള ഗവണ്‍മെന്റിന്റെ കണക്ക്. ഇതില്‍ പണം കൊടുത്തും പൊതുപരീക്ഷ (പി.എസ്.സി.) യെ അഭിമുഖീകരിക്കാതെ നിയമനം നേടിയ എയ്ഡഡ് കോളേജിലെ അധ്യാപകര്‍ക്ക് കൊടുക്കേണ്ടത് 909.76 കോടിയാണ്. പെന്‍ഷന്‍ ഇനത്തില്‍ നീക്കിവച്ച 555.90 കോടിയില്‍ 437 കോടി രൂപയും എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് കൊടുക്കേണ്ടതാണ്.

33 സര്‍ക്കാര്‍ കോളേജുകളിലായി 2335 അദ്ധ്യാപകരില്‍ 284 എസ്.സി. വിഭാഗവും 14 എസ്.ടി വിഭാഗം അദ്ധ്യാപകരും ജോലി ചെയ്യുമ്പോള്‍ 150 എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ 7,199 അദ്ധ്യാപകരില്‍ 11 പേര്‍ മാത്രമാണ് എസ്.സി./എസ്.ടി വിഭാഗത്തില്‍ നിന്നുളളത്. കേരളത്തിലെ 3 എയ്ഡഡ് എന്‍ജിനീയറിങ്ങ് കോളേജുകള്‍, 3 ഹോമിയോ കോളേജുകള്‍, 3 സംഗീത കോളേജുകള്‍, എയ്ഡഡ് മെഡിക്കല്‍ കോളേജുകള്‍, 14 എയ്ഡഡ് ട്രെയിനിങ്ങ് കോളേജുകള്‍, എന്നിവിടങ്ങളിലെ അധ്യാപക അനധ്യാപക കണക്കുകള്‍ ഇതിനുപുറമെയാണ്.

എയ്ഡഡ് മേഖലയിലെ എല്‍.പി.,യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംവരണം നടപ്പാക്കാതിരിക്കാനുളള നിയമം/ സര്‍ക്കാര്‍ ഉത്തരവ് ഏതാണെന്ന് ഇപ്പോഴും അജ്ഞാതമാണെങ്കിലും എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളില്‍ സംവരണം നടപ്പാക്കാനുളള വ്യവസ്ഥയില്ല എന്നതാണത്രെ വസ്തുത. ഡയറക്ട് പെയ്‌മെന്റ് വ്യവസ്ഥയെ 'ഉദ്ധരിച്ച്' കൊണ്ട് തിരുവനന്തപുരം കോളേജിയറ്റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ പ്രകാരം ലഭിച്ച കത്തില്‍ എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക നിയമനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ ത്തിന് യു.ജി.സി.യുടേയോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേയോ നിയമങ്ങള്‍ നിലവിലില്ല എന്ന് ഖണ്ഠിതമായി പ്രഖ്യാപിക്കുന്നു. 

കേന്ദ്രസര്‍വ്വകലാശാലകള്‍, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍, പൊതുഖജാനാവില്‍ നിന്ന് ഗ്രാന്റ് ഇന്‍ എയ്ഡ് ലഭിക്കുന്ന കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ 15% എസ്.സി. സംവരണവും 7.5% എസ്.ടി. നടപ്പാക്കേണ്ടത്.

നിലവില്‍ ഈ വ്യവസ്ഥ നടപ്പിലാക്കുവാന്‍ നിയമമില്ലാത്ത സര്‍വ്വകലാശാലകളോ ഗവേഷണകേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ മാര്‍ഗ്ഗരേഖ യിലുളള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാവുന്ന വിധത്തില്‍ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശരേഖ വ്യക്തമാക്കുന്നു. ഇതിനായി ഭരണ നിര്‍വ്വഹണസമതികള്‍, സിന്‍ഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ ഉന്നതാധികാരസമതി കള്‍ മുന്‍കൈ എടുക്കണം.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന ആര്‍ട്ടിക്കള്‍ 15 (4), 16 (4), 46, 253 പട്ടികജാതി /വര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സാമൂഹികനീതി നടപ്പിലാക്കുന്നതിനായുളള യു.ജി.സി. യുടെ ഈ നിര്‍ദ്ദേശങ്ങള്‍. സംവരണവ്യവസ്ഥ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍, മറ്റ് സാങ്കേതിക സംജ്ഞയിലൂടെ സൂചിപ്പിക്കുന്ന തസ്തികകള്‍ക്കെല്ലാം ബാധകമായിരിക്കുമെന്നും അസന്നിഗ്ധമായി വ്യക്തമാക്കുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ എല്ലാം അട്ടിമറിച്ചു കൊണ്ട് പ്രതിവര്‍ഷം 4000 കോടിയലധികം രൂപ സംഘടിത സമുദായങ്ങള്‍ നടത്തുന്ന എയ്ഡഡ് മേഖലയിലേക്ക് ഇടതു വലതു സര്‍ക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചിലവാക്കുന്നതാണ് ഇക്കാലമത്രയും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികളും ഉള്‍ക്കൊളളുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ 4 സര്‍ക്കാര്‍ എയ്ഡഡ് കോളേജിലെ 182 അദ്ധ്യാപകരില്‍ ഒറ്റയാള്‍ പോലും എസ്.സി./ എസ്.ടി വിഭാഗങ്ങളില്‍ നിന്നുളളവരില്ല. 182 ല്‍ 135 ഉം നായര്‍ വിഭാഗത്തില്‍ നിന്നുളളവരാണെന്നതും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ശ്രീകേരളവര്‍മ്മ കോളേജില്‍ മാത്രം 89 അദ്ധ്യാപക രുണ്ട്. ഇതില്‍ 33 പേര്‍ നായര്‍ വിഭാഗവും 22 ഈഴവ വിഭാഗവുമാണ്. 8 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന ഇവിടെ എസ്.സി./എസ്.ടി വിഭാഗം അധ്യാപകര്‍ പൂജ്യമാണ്. 

1997 ല്‍ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതോടെ ഒഴിവുണ്ടായ 1599 അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള അനുമതി 2010 ആഗസ്റ്റ് മാസത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് കോളേജ് മാനേജ്മന്റുകള്‍ക്ക് നല്കുകയുണ്ടായി. (G.O.MSNo. 260/2010/H. Edn. Dt. 20.8.2010 TVM ) ഏകദേശം 300 കോടി രൂപയെങ്കിലും കോഴയിനത്തില്‍ വിവിധ സാമുദായിക ജാതിവിഭാഗം മാനേജ്‌മെന്റു കളുടെ പോക്കറ്റില്‍വീഴുന്ന ഈ നിയമന മാമാങ്ക ഉത്തരവില്‍ പക്ഷേ യു.ജി.സി. നിര്‍ദ്ദേശപ്രകാരമുളള സംവരണത്തെക്കുറിച്ച് മൗനം പാലിക്കുന്നു. യോഗ്യതകളുളള അനേകം എസ്.സി./എസ്.ടി. ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ രഹിതരായിരിക്കുന്ന സമയത്താണ് ജനാധിപത്യസര്‍ക്കാര്‍ സംവരണം അട്ടിമറിച്ചുകൊണ്ട് നിയമന ഉത്തരവ് നല്കിയിരിക്കുന്നത്. ബിരുദവും ബിരുദാനന്തരബിരുദവും, BEd, Set, Tet, PhD. എയ്ഡഡ് മേഖലയിലെ സംവരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കേണ്ട പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ ഒരു പ്രതിഷേധങ്ങളും നാളിതുവരെയായി ഉയരുന്നില്ല എന്നത് വളരെ ഗൗരവപരമായി ചിന്തിക്കേണ്ട വിഷയമാണ്. ദലിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ ബാനറില്‍ ഏതാനും ചില ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പെറ്റീഷന്‍ പരിഗണിച്ചാണ് ബഹുമാനപ്പെട്ട ഹൈക്കോടതി എയ്ഡഡ് മേഖലയിലെ പട്ടികജാതി സംവരണത്തിനനുകൂലമായ വിധി പുറപ്പെടുവിച്ചത്. അതിനോട് ഒരൈക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ അവര്‍ക്കൊപ്പം നില്‍ക്കാനോ പ്രബല സമുദായ സംഘടനകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വ്യക്തിപരമായ അഭിമാനപ്രശ്‌നം മുന്‍നിര്‍ത്തി ഇനിയും ഇത്തരം സാമൂഹികപ്രാധാന്യമുളള വിഷയങ്ങള്‍ മുഖം തിരിച്ചു നിന്നാല്‍ നമ്മുടെ ഭാവി ഏതു വിധത്തിലാവും എന്ന തിരിച്ചറിവെങ്കിലും പട്ടികജാതി ക്കാര്‍ക്കും സംഘടനാ നേതാക്കള്‍ക്കും ഉണ്ടായാല്‍ നന്ന്.

2 comments:

  1. namulkku oru samaram koottamayi alochichu nadathiyal enthanu<<<<what is your opinion

    ReplyDelete
    Replies
    1. സമരത്തേക്കാൾ ഉപരി, ഹൈക്കോടതി അനുകൂല വിധിക്കെതിരെയുള്ള സ്റ്റേ മറികടക്കാനാവശ്യമായ നടപടികളാണ് വേണ്ടത്.

      Delete