Monday 21 August 2017

ആത്മ ബോധത്തെ ഉദയം ചെയ്യിച്ച ഗുരു ആത്മീയ നഭസ്സിലെ വിപ്ലവ നക്ഷത്രം - രാമചന്ദ്രന്‍ മുല്ലശ്ശേരി


അയ്യാവൈകുണ്ഠസ്വാമികള്‍ തുടക്കമിട്ടതും തൈക്കാട് അയ്യാഗുരുവും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും ആഗമാനന്ദസ്വാമികളും പൊയ്കയില്‍ കുമാരഗുരുദേവനും സദാനന്ദസ്വാമിയുമുള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്ത് മുന്നോട്ടുനയിച്ച സാര്‍വ്വജനീനവും സമത്വപൂര്‍ണ്ണവുമായ ജ്ഞാനനിക്ഷേപത്തെ ആചാരസവിശേഷ തകൊണ്ടും ദാര്‍ശനികവ്യതിരിക്തത കൊണ്ടും കൂടുതല്‍ സമ്പന്നമാക്കുകയും ഈ ലോകവാസം ഭൗതികവും നൈതികവും നിര്‍മ്മലവും നിഷ്ഠവും നൈരന്തര്യവുമാക്കി പരമകാഷ്ഠയിലെത്തിക്കണമെന്നും മര്‍ത്ത്യലോകത്തെ ഉപദേശിച്ച ശുഭാനന്ദ ഗുരുദേവന്റെ 135-ാം ജന്മദിനമായിരുന്നു. പൂരംതിരുനാള്‍ 5.5.2017.

നാലുനാള്‍ ആചാരവും മൂന്നുനാള്‍ വിശുദ്ധവ്രതവും അനുഷ്ഠിച്ചുകൊണ്ട് ലൗകികജീവിതം പാപമുക്തവും സദാചാരനിഷ്ഠവും പരമപവിത്രവും ആത്മവിശുദ്ധിയും നിറഞ്ഞതായി രിക്കണമെന്ന് ഗുരു നിര്‍ദ്ദേശിച്ചു. വ്യഭിചാരം, മദ്യപാനം, വിഗ്രഹാരാധന, പരോപദ്രവം, ഹിംസ എന്നീ പഞ്ചമഹാപാപങ്ങളില്‍ നിന്നും മോചിതരാകാനും, അറിവ്, ആചാരം, വിശുദ്ധി, ആശ്വാസം, ആനന്ദം, നാമസങ്കീര്‍ത്തനം എന്നീ സപ്തഗുണങ്ങളാല്‍ മനസ്സും വപുസ്സും സ്ഫുടം ചെയ്തിരിക്കണമെന്നും ഗുരു ഉപദേശിച്ചു. യുഗവ്യവസ്ഥകളെ തന്റേതായ ദാര്‍ശനീക അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ട് സവിസ്തരം വിശകലനം ചെയ്ത അദ്ദേഹം കൃത, ത്രേത, ദ്വാപര യുഗാവസാനം വന്നുചേര്‍ന്ന കലിയുഗത്തില്‍ മുജ്ജന്മ പാപപരിഹാരത്തിനും മോക്ഷപ്രാപ്തി നേടുന്നതിനും നാമസങ്കീര്‍ത്തനം മാത്രമാണ് ദിവ്യവൗഷധമെന്നും നിര്‍ദ്ദേശിച്ചു.

ആനന്ദമെന്നത് അറിവിനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അറിവ് സര്‍വ്വലോക ത്തേയും കീഴ്‌പ്പെടുത്താന്‍ ഉപകരിക്കുമെന്നും ഓരോ സൃഷ്ടിയിലും ഉളവാകുന്ന അറിവ് പരമാനന്ദത്തെ പ്രാപിക്കാന്‍ ഇടയാകുമെന്നും പരമാര്‍ത്ഥജ്ഞാനം ഉദിച്ചുയര്‍ന്ന് ആത്മബോധത്തെ ഉദയം ചെയ്യിക്കുമെന്നും അങ്ങനെ ആത്മബോധോദയം സകല ചരാചരങ്ങള്‍ക്കും പ്രകാശിതമാകുമെന്ന് ഗുരു നിരീക്ഷിച്ചു.

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധനൂര്‍ പഞ്ചായത്തിലെ കടമ്പൂര്‍ ഗ്രാമത്തില്‍ പഴയ കോണത്തുകുടുംബത്തില്‍ നിന്നും പ്രസിദ്ധമായ എണ്ണയ്ക്കാട്ടു കൊട്ടാരംവക കൃഷിയിടങ്ങള്‍ക്ക് കാവലിനായും കൊട്ടാര ആവശ്യത്തിനുള്ള കൊട്ട, വട്ടി, മുറം, പനമ്പ് മുതലായവ നിര്‍മ്മിച്ചു നല്‍കുന്നതിനുമായി ബുധനൂര്‍ പടിഞ്ഞാറ്റും മുറിയില്‍ കുലായ്ക്കല്‍ എന്ന് കുടുംബപ്പേരിട്ടു കുടിയിരുത്തിയ പറയ (സാംബവ) കുടിലില്‍, ഇട്ട്യാതിയുടേയും കൊച്ചുനീലിയുടേയും മകനായി കൊല്ലവര്‍ഷം 1057 മേടം 17 വെള്ളിയാഴ്ച പുലര്‍ച്ചേ പിറവിയെടുത്ത പാപ്പന്‍കുട്ടി എന്ന ബാലനാണ് പില്‍ക്കാലത്ത് ജാതി അധികാരത്തിന്റേയും ഉച്ചനീചത്വങ്ങളുടേയും കൊടിക്കൂറയേ ന്തിയ യാഥാസ്ഥിതികത്വത്തിന്റെ നെഞ്ചിലേക്ക് ജ്ഞാനാധികാരത്തിന്റെ വജ്രസൂചി വര്‍ഷിച്ച് കാടത്തത്തില്‍നിന്ന് മര്‍ത്ത്യലോകത്തെ പരിവര്‍ത്തിപ്പിച്ച ഋഷിവര്യന്‍ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവന്‍.

പാപ്പന്‍കുട്ടിയുടെ ബാല്യം അസാധാരണത്വം നിറഞ്ഞതായിരുന്നു. സമപ്രായക്കാരോ ടൊത്ത് ഏറെനേരം കളിയ്ക്കാനോ ആറ്റുനോറ്റുണ്ടായ മകനെന്ന നിലയില്‍ മാതാപിതാ ക്കള്‍ അളവറ്റുനല്‍കിയ പരിലാളനകളില്‍ മതിമറക്കാനോ കൂട്ടാക്കിയില്ല. സദാചിന്താ മഗ്‌നനും പ്രകൃതിയെ നിരീക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനുമായിരുന്നു. ഏഴാംവയസ്സില്‍ മൂന്നുനാള്‍ ശവാവസ്ഥയില്‍ ഒരേ കിടപ്പ്. ജലപാനം പോലും ഉപേക്ഷിച്ചു. ആ മൂന്നു ദിവസങ്ങളിലും താന്‍ ദിവ്യജ്ഞാന തേജോമയങ്ങളായ കാഴ്ചകള്‍ കണ്ട് ആസ്വദിക്കു കയായിരുന്നു എന്ന് പിന്നീടദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്നാംനാള്‍ (1064 വൃശ്ചികം 3) ഉണര്‍ന്ന് കണ്‍തുറന്ന ബാലന്‍ കൂടുതല്‍ ചിന്താഭാരം വഹിക്കുന്ന അല്പഭാഷിയുമായിത്തീര്‍ന്നു.

പന്ത്രണ്ടാം വയസ്സില്‍ മാതാവ് മരണപ്പെട്ടു. ഇതദ്ദേഹത്തെ കൂടുതല്‍ വിഷാദചി ത്തനാക്കി വീടുവിട്ടിറങ്ങി. ദിവസങ്ങളോളം അലഞ്ഞുനടന്നു. പാതയോരങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും അന്തിയുറങ്ങി. തന്റെ യാത്ര അവസാനിക്കുന്നില്ല എന്ന് അന്ത:ക്കരണത്തില്‍ നിന്നാരോ ഉപദേശിക്കുന്നു. ഒരുനാള്‍ ചീന്തലാര്‍ തോട്ടത്തില്‍ എത്തിച്ചേര്‍ന്നു. തോട്ടംതൊഴിലാളിയായി പണിയെടുക്കുമ്പോഴും തന്റെ ലക്ഷ്യസ്ഥാനത്തിനുവേണ്ടി മനസ്സ് വെമ്പല്‍കൊള്ളുകയായിരുന്നു. അവിടെനിന്നും ഒരുനാള്‍ പാപ്പന്‍കുട്ടി അപ്രത്യക്ഷനായി. ചീന്തലാര്‍ എസ്റ്റേറ്റ് അടങ്ങുന്ന കരുന്തരുവിമലയുടെ നിറുകയിലുള്ള പുന്നമരച്ചോട്ടില്‍ ഭീമാകാരമായ ഉരുളന്‍പാറ ക്കൂട്ടങ്ങള്‍ക്കു നടുവില്‍ ചുട്ടുപൊള്ളുന്ന വെയിലിനേയും അസ്ഥിതുളയ്ക്കുന്ന തണുപ്പിനേയും ചീറിയടിക്കുന്ന കാറ്റിനേയും അവഗണിച്ചും കരടി, കാട്ടുപൊത്ത്, കാട്ടുപന്നി തുടങ്ങിയ ദുഷ്ടമൃഗങ്ങളുടെ ആവാസകേന്ദ്രത്തില്‍ ഭീതിജനകവും ദുര്‍ഘടവുമായ സാഹചര്യത്തെ തൃണവല്‍ഗണിച്ചുകൊണ്ട് രണ്ടു വര്‍ഷവും പതിനൊന്ന് മാസവും ഇരുപത്തിരണ്ട് ദിവസവും നീണ്ടുനിന്ന ഘോരതപസ്സ്.

അശരീരികളിലൂടെയും ദര്‍ശനങ്ങളിലൂടെയും മനനങ്ങളിലൂടെയും കൈവന്ന ആത്മ ജ്ഞാനം തന്റേത് അവതാരജന്മാണെന്ന തിരിച്ചറിവിലെത്തി. തന്നില്‍ ഉദിച്ചുയരുന്ന ആത്മബോധത്തെ - ആളിക്കത്തുന്ന അന്തര്‍ജ്വാലകളെ അന്യോപകാരാര്‍ത്ഥം വിന്യസിക്കണം. മലയിറങ്ങി ദിവസങ്ങള്‍കൊണ്ട് ജന്മദേശത്തെത്തി. അദ്ദേഹ ത്തിന്റെ ദിവ്യത്വം അറിഞ്ഞവര്‍ കൂട്ടമായെത്തി. കൂടുതല്‍ പേര്‍ ശിഷ്യരായെത്തി. ഒപ്പം എതിര്‍പ്പുമായി നിരവധി പേര്‍. അവര്‍ അദ്ദേഹത്തെ വകവരുത്താന്‍ പലവിധകെ ണികളും ഒരുക്കി. തലനാരിഴയ്ക്കു രക്ഷപെട്ട ഒട്ടേറെ സന്ദര്‍ഭങ്ങള്‍, അപവാദങ്ങള്‍, അധിക്ഷേപങ്ങള്‍. പറയന്‍ സാമി, കള്ളസന്യാസി, ദുര്‍മന്ത്രവാദി തുടങ്ങിയ വിളിപ്പേരുകള്‍. സ്വാമിയെ കാണാനെത്തുന്നവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുന്നു. സവര്‍ണ്ണതയുടെ ജാതിഭീകരത തകര്‍ത്താടിയിട്ടും ഗുരുവിനെ തളയ്ക്കാനും തകര്‍ക്കാനും അവര്‍ക്കായില്ല. ലോകപ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ മകന്‍ ആര്‍ട്ടിസ്റ്റ് രാമവര്‍മ്മരാജ വലിയതിരുമേനി ഉള്‍പ്പെടെ യുള്ളവര്‍ അദ്ദേഹത്തിന്റെ ശക്തരായ അനുയായികളും വിശ്വാസികളും സഹായി കളുമായിരുന്നു.

ആത്മീയ നവോത്ഥാനത്തോടൊപ്പം ഭൗതികനേട്ടങ്ങള്‍ക്കും ഉതകുന്ന ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തി. അനാഥര്‍ക്കു സംരക്ഷണം, നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, നെയ്ത്തുശാല, മോട്ടോര്‍ സര്‍വ്വീസ് തുടങ്ങിയവ ചിലതുമാത്രം. ശ്രീനാരായണ ഗുരുദേവനുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നതില്‍ എന്നും ശ്രദ്ധാലുവായിരുന്നു. തിരുവനന്തപുരത്തെത്തിയാല്‍ ഡോ.പല്‍പ്പുവിന്റെ വീട്ടിലാ യിരിക്കും പലപ്പോഴും താമസം. ആത്മബോധോദയ സംഘം രൂപീകരിക്കുന്നതില്‍ ശ്രീനാരായണ ഗുരുവിന്റേയും ശിവഗിരി മഠത്തിന്റേയും വലിയ പ്രേരണയും പ്രോത്സാഹനവും ഉണ്ടായിരുന്നു.

പഞ്ചഭൂതങ്ങളെ സങ്കല്‍പ്പിച്ച് അഞ്ചുനിലകളിലായി പണിതുയര്‍ത്തുന്ന മഹാമണി സൗധം എന്ന ആദര്‍ശാശ്രമം കാണാനുള്ള ആഗ്രഹം ബാക്കിവെച്ച് 1950 ജൂലൈ 29ന് (1125 കര്‍ക്കിടകം 13) ശനിയാഴ്ച അദ്ദേഹം സമാധിയായി. സമ്പൂര്‍ണ്ണമായ അറിവ്, സമ്പൂര്‍ണ്ണമായ കര്‍മ്മം, സമ്പൂര്‍ണ്ണമായ അനുഭവം, സമ്പൂര്‍ണ്ണമായ ആനന്ദം, സമ്പൂര്‍ണ്ണമായ ആത്മാവ്, സമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം, സമ്പൂര്‍ണ്ണമായ ദൈവം, ആത്മാവ് പരിപൂര്‍ണ്ണമായി പ്രശോഭിക്കുന്നതിലേക്കായി മര്‍ത്ത്യലോകത്തോട് ഗുരുവെച്ച വ്യവസ്ഥകള്‍ ഇവയായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ആശ്രമങ്ങളും ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിന് വിശ്വാസികളുമായി ശുഭാനന്ദദര്‍ശനം ലോകത്ത് വികസിക്കുകയാണ്. സ്വച്ഛന്ദമായ സാമൂഹ്യജീവിതത്തിനു മേല്‍ അശാന്തിയുടെ കര്‍മ്മമേഘങ്ങള്‍ പടരു മ്പോള്‍ ആത്മാവില്‍ ബോധം ഉദയംചെയ്യിച്ച് ശുഭമായും ശുഭനന്ദമായും അവതരിച്ച ഗുരുദേവന്‍ ആത്മീയ നഭസിലെ വിപ്ലവ നക്ഷത്രമായി മാനവീകതയുടെ മഹാപ്രവാ ചകനായി പരിലസിക്കുകയാണ്.

രാമചന്ദ്രന്‍ മുല്ലശ്ശേരി
9497336510




No comments:

Post a Comment