Thursday 17 August 2017

'പ രഞ്ജിത്ത്'

പ രഞ്ജിത്ത് 

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ വിസ്മയമായ 'കബാലി'യുടെ സംവിധായകന്‍. ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ അഭിമാനമായ അംബേദ്കറൈറ്റ്. വരേണ്യ ആര്യവര്‍ഗ്ഗം തങ്ങളുടെ ബ്രാഹ്മണിക് സവര്‍ണ്ണ സംസ്‌ക്കാരങ്ങളെ സിനിമയെന്ന വലിയ മാധ്യമത്തിലൂടെ ഇന്ത്യയുടെ പൊതുബോധമാക്കി അവതരിപ്പിച്ചപ്പോള്‍, അതിനെ വെല്ലുവിളിച്ചുകൊണ്ട്, 'ആട്ടക്കത്തി' 'മദ്രാസ്' 'കബാലി' എന്നീ സിനിമക ളിലൂടെ തദ്ദേശീയ ജനതയുടെ പച്ചയായ ജീവിതത്തെ വെളളിത്തിരയിലെത്തിച്ച ദലിതന്‍. ഇന്ത്യയില്‍ ഇങ്ങനെയും ജീവിതങ്ങളുണ്ടെന്നും പൊതുസമൂഹത്തോട് അവര്‍ക്കും ചിലത് പറയാനുണ്ടെന്നും അദ്ദേഹം സിനിമയിലൂടെ കാണിച്ചുതന്നു. വരേണ്യ ബ്രാഹ്മണിക് സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ഇന്ത്യയുടെ ആഴങ്ങളിലാണ് യഥാര്‍ത്ഥ ജീവിതം ഉളളതെന്നും, ഓരോ അരികുവല്‍ക്കരിക്കപ്പെട്ടവരും അതിലെ ജീവിക്കുന്ന കഥാപാത്രങ്ങളാണെന്നും ലോകത്തോട് വിളിച്ചു പറയേണ്ടതിന്റെ അനിവാര്യതയാണ് തന്റെ സിനിമാ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് 'പ' നമ്മളോട് പറയുന്നു. സവര്‍ണ്ണ ക്യാമറകള്‍ ബ്രാഹ്മണിക് മൂല്യസങ്കല്‍പ്പത്തിലെ വെളുപ്പെന്ന സൗന്ദര്യത്തിലേക്കും, ബ്രാഹ്മണിക്കലായ സാമൂഹികക്രമ ജീവിതത്തിലേക്കും തിരിച്ചു വെക്കുമ്പോള്‍ അതിന്റെ ബദല്‍ അന്വേഷണം തുടങ്ങേണ്ടത് ദലിത് ക്യാമറകളില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു. ദലിതരുടെ ക്യാമറകള്‍ തിരിച്ചു വെക്കേണ്ടത് സവര്‍ണ്ണ മൂല്യ സങ്കല്‍പ്പങ്ങളുടെ നേരെ വിപരീത ദിശയിലാകുമ്പോഴാണ് അതിനൊരു രാഷ്ട്രീയ മാനം കൈവരുന്നത്. കറുത്ത വില്ലന്‍ വെളുത്ത നായകന്റെ അടി വാങ്ങുകയും, കറുത്ത വാല്യക്കാരും, കുറത്ത ബുദ്ധശൂന്യകഥാപാത്രങ്ങളും കറുത്ത ഗുണ്ടകളും വെളുത്ത നായികയുടെ സൗന്ദര്യത്തെ വാനോലം പുകഴ്ത്തുന്ന കറുത്ത തോഴിയും ഇന്ത്യന്‍ സിനിമയില്‍ ഇന്നോളം തുടരുന്ന രീതിശാസ്ത്രമാണ്. ഇത്തരം സവര്‍ണ്ണ സൗന്ദര്യ സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്ന നിരവധി സിനിമകള്‍ അടുത്തകാലത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും, അവയൊക്കെ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെ വേണ്ട രീതിയില്‍ സമൂഹത്തിനു പകരുന്നതില്‍ വിജയിച്ചോ എന്ന് ചോദിച്ചാല്‍സംശ യകരമാണ്. പാരലല്‍ സിനിമകളുടെ ഗണത്തിലേക്ക് തളളി അവയൊക്കെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ നിന്നും മാറ്റാനുളള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സവര്‍ണ്ണ ബുദ്ധികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ രഞ്ജിത്ത് എന്ന അംബേദ്കറൈറ്റ്, രജനീകാന്ത് എന്ന വലിയൊരു മാര്‍ക്കറ്റിങ് ടൂളിനെ തന്റെ രാഷ്ട്രീയ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഉപയോഗിച്ചു എന്നതാണ് പ്രധാനം. അതൊരു തന്ത്രവും ധൈര്യവുമാണ്. ഒരു ചെറിയ നോട്ടം കൊണ്ട് പോലും വലിയൊരു സന്ദേശത്തെ ഉല്‍പ്പാദിപ്പിക്കാന്‍ നല്ലൊരു സംവിധായകന് കഴിയുമെന്നദ്ദേഹം പറയുന്നു. 'ഗാന്ധി സട്ട അഴിച്ചതുക്കൂം, അംബേദ്കര്‍ കോട്ട് പൊട്ടതുക്കും ഇടയില്‍ ഒരു രാഷ്ട്രീയം ഇറുക്ക്' എന്ന ഒറ്റ ഡയലോഗിലൂടെ എന്ത് വലിയൊരു സന്ദേശമാണ് അദ്ദേഹം തദ്ദേശീയ ജനതക്ക് നല്‍കുന്നത്. തിരുവനന്തപുരത്തു മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യം. 'എനിക്ക് മുന്‍പ് പലരും ഇത് പോലെയെ അല്ലെങ്കില്‍ ഇതില്‍ കൂടുതലോ പ്രചോദനം നല്‍കുന്ന ഡയലോഗുകള്‍ എഴുതിയിട്ടുണ്ടാവും. പക്ഷേ പല കാരണങ്ങളാലും അവര്‍ക്കതു ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അതവരുടെ മാത്രം തെറ്റല്ല. ദലിതരെ ഉണര്‍ത്തുന്ന ഒരു സന്ദര്‍ഭവും ഉണ്ടാവാതിരിക്കാന്‍ വലിയ മുന്‍കരുതലുകള്‍ സവര്‍ണ്ണബുദ്ധി പ്രയോഗിക്കുന്നുണ്ട്. അംബേദ്കര്‍ കോട്ടിട്ടതിലെ രാഷ്ട്രീയം തന്റെ ജനങ്ങളില്‍ എത്തിക്കാന്‍ താനെഴുതിയ ഡയലോഗ് രജനീകാന്തിന് കൊടുക്കുമ്പോള്‍ വലിയ സന്ദേഹമുണ്ടായിരുന്നു. എന്നാല്‍ രജനി വളരെ സന്തോഷത്തോടെ അത് പറയുകയും അഭിനയിക്കുകയും ചെയ്തു. അദ്ദേഹം അതഭിനയിച്ച ഷോട്ടിന് ശേഷം തനിക്കു വികാരം നിയന്ത്രിക്കാന്‍ കഴിയാതെ ബാത്‌റൂമില്‍ പോയി പൊട്ടിക്കരഞ്ഞ അനുഭവം 'പ' നമ്മളോട് പങ്കുവച്ചു. എത്ര വൈകാരികമായാണ് അത് നമുക്ക് ശ്രവിക്കാന്‍ കഴിയുക. സെന്‍സര്‍ ബോര്‍ഡ് ആ ഡയലോഗ് കട്ട് ചെയ്യുമോ എന്ന് പോലും രഞ്ജിത്ത് ഭയപ്പെട്ടു എന്നു പറഞ്ഞപ്പോള്‍ സിനിമയിലൊക്കെ നിലനില്‍ക്കുന്ന ജാതീയതയുടെ ആഴമാണ് നമ്മള്‍ തിരിച്ചറിയുന്നത്. സിനിമയിലും സമൂഹത്തിലും നിലനില്‍ക്കുന്ന സവര്‍ണ്ണ പൊതുബോധത്തെ തുടച്ചു നീക്കാന്‍ നമ്മള്‍ ക്യാമറ കയ്യിലെടുക്കുകയും നമ്മുടെ ജീവിതത്തിനു നേരെ തിരിച്ചു പിടിക്കുകയും വേണമെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വെളുത്ത നായകനും, വെളുത്ത നായികയുമല്ല, കറുത്ത നായികാ നായക സങ്കല്‍പ്പങ്ങളെ ഉല്‍പ്പാദിപ്പി ക്കാനുളള ശ്രമങ്ങള്‍ കൂടുതലായി ഉണ്ടാവണം. ബ്രാഹ്മണിക മൂല്യത്തില്‍ കെട്ടി യിടപ്പെട്ട കലയെ വെളിയില്‍ കൊണ്ട് വരുകയെന്ന ദൗത്യമാണ് നമ്മുടെ മുന്നിലുളളത്. സവര്‍ണ്ണബോധത്തെ വെല്ലുവിളിക്കുകയാണ് യഥാര്‍ത്ഥ ദലിത് രാഷ്ട്രീയം. മഹാത്മാ അയ്യങ്കാളിയും ബാബാ സാഹേബ് അംബേദ്ക്കറുമൊക്കെ ചെയ്തതതാണ്. വഴിയേ നടക്കരുതെന്ന സവര്‍ണ്ണ കല്‍പ്പനയെ വെല്ലുവിളിച്ചാണ് അയ്യങ്കാളി പൊതുവഴിയിലൂടെ വില്ലുവണ്ടിയില്‍ നെഞ്ച് വിരിച്ചു പായുന്നത് നിങ്ങള്‍ പഠിക്കരുതെന്നു പറഞ്ഞ ബ്രാഹ്മണിക് ആജ്ഞയെ ധിക്കരിച്ച് പഞ്ചമിയെ കൈ പിടിച്ച് സ്‌കൂളില്‍ കയറ്റുകയാണ് ചെയ്തത്. ഒറ്റയ്ക്ക് ഒരു പൊതുബോധ രാഷ്ട്രീയത്തെ വെല്ലുവിളിക്കുകയും, അവയെ പൊളിച്ചെഴുതുകയും ചെയ്യുകയാണ് മഹാത്മാ ചെയ്തത്. മനുസൃമ്തിയെന്ന ബ്രാഹ്മണിക് ഭരണക്രമത്തെ ചുട്ടെരിച്ചു പുതിയൊരു ജനാധിപത്യ സംവിധാനത്തെ ഇന്ത്യക്കു സമ്മാനിച്ചതിലൂടെ രാജ്യത്തെ 'ഡിപ്രസ്ഡ് ക്ലാസിനു' പുതിയൊരു രാഷ്ട്രീയ പാതയൊരുക്കുകയായിരുന്നു ബാബസാഹേബ്. പക്ഷേ ഈ മഹത്തുക്കളുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യത്തെയും കൃത്യമായി പിന്തുടരാനും, പ്രയോഗവല്‍ക്കരി ക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നമ്മള്‍ സ്വയം ചിന്തിക്കണം. 'പ രഞ്ജിത്ത് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തു തദ്ദേശീയ ജനതയുടെ വലിയൊരു പോരാട്ടം ഉദിച്ചു വരുന്നുണ്ട്. വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന വിപ്ലവങ്ങള്‍ അഭിമാനകാരമായ വലിയ സാമൂഹിക രാഷ്ട്രീയ മുന്നേറ്റമായി മാറും എന്നതില്‍ സംശയം വേണ്ട. ജയ് ഭീം.



No comments:

Post a Comment