Monday, 4 September 2017

ഉത്സവ സംസ്‌കാ രത്തിന്റെ സമകാലി കരാഷ്ട്രീ യം പ്രാദേശിക വാര്‍ത്തകള്‍ അടിസ്ഥാ നമാക്കിയു ളള വായന - എസ്. ഗിരീഷ്‌കുമാര്‍


പ്രാദേശിക ജനസമൂഹത്തിന്റെ സാംസ്‌കാരിക രൂപങ്ങളില്‍ പ്രധാനമാണ് ഉത്സവങ്ങള്‍. ഈ പ്രാധാന്യം കണക്കിലെടുത്ത് ഉത്സവ വാര്‍ത്തകള്‍ പ്രസിദ്ധീക രിക്കാന്‍ പത്രമാധ്യമങ്ങള്‍ മത്സരിക്കുന്നു. നാടന്‍ ഉത്സവങ്ങള്‍ക്ക് പ്രാദേശിക പേജിലെങ്കിലും ഇടം നല്‍കാന്‍ പത്രങ്ങള്‍ ശ്രമിക്കുന്നു. പത്രത്തില്‍ വാര്‍ത്തായാകാത്ത ഉത്സവങ്ങള്‍ക്ക് പൊലിമ പോരെന്ന നിലയിലേക്ക് സമൂഹവും സംഘാടകരും മാറിയിട്ടുണ്ട്.

പ്രാദേശിക ജനസമൂഹത്തിന്റെ ജൈവപരിസരങ്ങളിലേക്ക് കടന്നുചെന്ന് അവരുടെ സാംസ്‌കാരിക രൂപങ്ങള്‍ അന്യവല്‍ക്കരിക്കുകയെന്നത് ആഗോളവത്കരണത്തിന്റെ പ്രധാന അജണ്ടയാണ്. സാംസ്‌കാരിക രംഗത്തിലൂടെ വിപണി നിയന്ത്രണം ഏറ്റെ ടുക്കാമെന്ന വിധത്തിലുളള തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. ആഗോളവത്ക്കര ണത്തിന്റെ വക്താക്കളുടെ ഈ തന്ത്രത്തില്‍ മാധ്യമങ്ങളും പങ്കാളികളാകുന്നു. ഈ പരികല്പനയോടെ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ഇടം പിടിച്ച പ്രാദേശിക വാര്‍ത്തയിലൂടെ ഉത്സവ സംസ്‌കാരത്തിന്റെ പരിവര്‍ത്തനം അടയാളപ്പെടുത്താ നുളള ശ്രമമാണ് ഈ ലേഖനം.

വിദേശികള്‍ക്കുവേണ്ടി വിരിപ്പുകാലയിലൊരുല്‍സവം. ഉല്‍സവപ്പെരുമ കേട്ടറിഞ്ഞ ഇവര്‍ ഉല്‍സവം നേരിട്ടു കണ്ടപ്പോള്‍ ക്ഷേത്രമൈതാനത്തെ മേളത്തോടൊപ്പം തകര്‍ത്താടി. വിരിപ്പുകാല ക്ഷേത്രപരിസരത്ത് ആനയും താലപ്പൊലിയും പഞ്ചാരിമേളവും അലങ്കാരബള്‍ബുകളും വെടിക്കെട്ടുമെല്ലാമായപ്പോള്‍ യഥാര്‍ത്ഥ ഉല്‍സവത്തിന്റെ പ്രതീതിയായി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 40 വിനോദ സഞ്ചാരികള്‍ക്കുവേണ്ടി ഉല്‍സവം കൊണ്ടാടിയപ്പോള്‍ കാണികളായി നാട്ടുകാരും കൂടി.

'മലയാള മനോരമ' ദിനപത്രത്തില്‍ 2010 ജനുവരി 29 ന് കോട്ടയം പ്രാദേശിക പേജില്‍ ഇടംപിടിച്ച വാര്‍ത്തയില്‍ നിന്നുളള ഒരു ഭാഗമാണിത്. കേരളത്തിന്റെ നാടന്‍പ്രദേശത്ത് സംഘടിപ്പിക്കപ്പെട്ട ഉത്സവത്തെ സംബന്ധിച്ച വാര്‍ത്ത. പ്രാദേശിക വാര്‍ത്താ ശേഖരണത്തിന് പ്രാധാന്യമേറിയ ഈ കാലഘട്ടത്തില്‍ അവതരണശൈലി, കൗതുകം, വസ്തുതകളുടെ അടുക്ക്, ഘടന തുടങ്ങിയ കാര്യങ്ങളില്‍ ചുരുങ്ങിയത് പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികളെങ്കിലും ഈ വാര്‍ത്ത ശ്രദ്ധിക്കും. എന്നാല്‍ അതിനപ്പുറം ഈ വാര്‍ത്ത വിശകലനം ചെയ്യുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു.

1. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും എപ്പോള്‍ വേണമെങ്കിലും സംഘടിപ്പിക്കാന്‍ കഴിയുന്ന ഒന്നാണോ ?
2. ഉത്സവങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുളള 'കെട്ടുകാഴ്ചകള്‍' മാത്രമാണോ ?
3. ഉത്സവങ്ങളിലും ആഘോഷങ്ങളിലും അന്തര്‍ലീനമായ വിശ്വാസത്തിന്റെ കെട്ടുറപ്പ് ചോര്‍ന്നു പോവുകയാണോ ?
4. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നാട്ടുകാര്‍ ഒന്നിലും നിയന്ത്രണമില്ലാത്ത വെറും കാണികള്‍ മാത്രമാവുകയാണോ ?

ഉത്സവങ്ങളിലെ ജനപ്രിയ സംസ്‌കാരം

നാടോടിസമൂഹം ജീവിതപരിസരങ്ങളോട് ബന്ധപ്പെടുത്തി, വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായി വികസിപ്പിച്ചെടുത്തതാണ് ഉത്സവങ്ങള്‍. കാര്‍ഷികവൃത്തിയോട് ബന്ധപ്പെടുത്തി വാര്‍ഷികാഘോഷമായി കൊണ്ടാടിയിരുന്ന ഉത്സവങ്ങള്‍ പ്രാദേശികജനതയ്ക്ക് ഒത്തുചേരാനുളള അവസരമൊരുക്കുകയും അവരില്‍ സംഘബോധം വളര്‍ത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഉത്സവങ്ങളില്‍ പങ്കാളിക ളാകാതെ ഒരു സമൂഹത്തിന് സ്വഭാവിക ജീവിത താളക്രമം നിലനിര്‍ത്താനുകമാ യിരുന്നില്ല. അതോടൊപ്പം ഉത്സവങ്ങളില്‍ എല്ലായ്‌പ്പോഴും ജനപ്രിയസംസ്‌കാര ത്തിന്റെ മറ്റൊരു തലം ഉള്‍ച്ചേര്‍ന്നിരുന്നു. ഉത്സവങ്ങളില്‍ പങ്കാളികളാകുന്ന ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ അവരുടെ ഇച്ഛയ്ക്കനുസരിച്ച് സ്വീകരിക്കപ്പെട്ട ചേരുവകളായിരുന്നു അത്. ജനപ്രിയസംസ്‌കാരം മോശമായ ഒന്നല്ല. എന്നാല്‍ ജനപ്രിയ സംസ്‌കാരത്തിന്റെ ചേരുവകള്‍ വാണിജ്യവത്ക്കരിക്കാന്‍ എളുപ്പമാണെന്ന വസ്തുത തിരിച്ചരിയേണ്ടതുണ്ട്. ഈ തിരിച്ചറിവ് പ്രാതിനിധ്യ പ്രശ്‌നങ്ങളുടെ ചര്‍ച്ചയി ലേക്കും പ്രതിസംസ്‌കാരബോധത്തിലേക്കുമാണ് നയിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം ശ്രമങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല. അല്ലെങ്കില്‍ ഭരണകൂട താത്പര്യങ്ങളും ഇതിനെതിരാവുകയാണ്.

കൊളോണിയല്‍ പശ്ചാത്തലം

കൊളോണിയല്‍ സാമ്രാജ്യത്വം സാംസ്‌കാരികരംഗത്തു സൃഷ്ടിച്ച പരിവര്‍ത്തനം സ്വഭാവികമായും ഉത്സവാഘോഷങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കൊളോണിയല്‍ ഇടപെടല്‍ ഒരേ സമൂഹത്തില്‍തന്നെ ഒന്നിലധികം സാംസ്‌കാരിക സ്വത്വങ്ങള്‍ സൃഷ്ടിച്ചു. നിലനിന്ന സംസ്‌കാരത്തിനു മേല്‍ അധീശത്വം സ്ഥാപിച്ചുകൊണ്ടായിരുന്നു കൊളോണിയല്‍ വ്യവഹാരം നിര്‍ണ്ണായക സ്വാധീനമായത്. ഫലത്തില്‍ സാമ്പത്തി കവും രാഷ്ട്രീയവുമായ നിയന്ത്രണം സംയോജിപ്പിച്ചുകൊണ്ട് സ്വദേശികളായ ആളുകളുടെ സാംസ്‌കാരിക രൂപങ്ങള്‍ അവരില്‍ നിന്ന് അന്യവത്കരിക്കപ്പെട്ടു.

ജനജീവിതത്തിന്റെ സമസ്തമേഖലയിലും പിടിമുറുക്കിക്കൊണ്ട് ഇന്ത്യയെ മുതലാളി ത്തത്തിന്റെ മൂലധനമിറക്കുന്നതിനുളള വയല്‍നിലമാക്കുകയെന്ന ചരിത്രദൗത്യമാണ് കൊളോണിയലിസം നിര്‍വ്വഹിച്ചത്. ഈ മുതലാളിത്ത സമീപന പ്രകരണത്തില്‍ പോസ്റ്റ് കോളോണിയല്‍ സമൂഹങ്ങളിലെ ഏതൊരു സാംസ്‌കാരിക രൂപത്തിന്റെയും സമകാലികരാഷ്ട്രീയം വായിച്ചെടുക്കാം.

കാരണം ബഹുജനപ്രീണനത്തിന്റേതായ ഒരു തലം എല്ലാ സാംസ്‌കാരികരൂപങ്ങ ളിലും നിലനില്‍ക്കുന്നതിനാല്‍ മുതലാളിത്തത്തിന് അവിടെ സ്വാധീനമുറപ്പിക്കാന്‍ ഏറെ അദ്ധ്വാനിക്കേണ്ടി വരുന്നില്ല. അങ്ങനെയുണ്ടാവുന്ന സംസ്‌കാരത്തെ ജനവിരുദ്ധ സംസ്‌കാരം അഥവാ പിണ്ഡസംസ്‌കാരം എന്നാണ് വിളിക്കേണ്ടത്.

സാംസ്‌കാരിക രൂപങ്ങളിലെ ബഹുജനപ്രീണനം തിരിച്ചറിയുന്നതുകൊണ്ടാണ് 'ഷോപ്പിംഗ് ഫെസ്റ്റിവല്‍' അടക്കമുളള ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. പാചകമേളയും, ഫാഷന്‍ ഫെസ്റ്റിവലും, കാര്‍ഷികമേളയും, പുഷ്‌പോത്സവങ്ങളു മൊക്കെ ഉല്‍സവങ്ങളായി പ്രചരിപ്പിക്കപ്പെടുന്നത്. ഉത്സവങ്ങള്‍ക്ക് സമൂഹം നല്‍കുന്ന പ്രാധാന്യം മുതലാളിത്തം തിറിച്ചരിയുന്നതുകൊണ്ടാണ്.

ഉത്സവങ്ങളടക്കമുളള ഏതൊരു സാംസ്‌കാരികരൂപത്തിലും മുതലാളിത്തത്തിന്റെ ജീര്‍ണമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ അവിടെ പിണ്ഡസംസ്‌കാരം പ്രബലസ്ഥാനം നേടുന്നു. പിണ്ഡ സംസ്‌കാരത്തിലെ മൂല്യങ്ങള്‍ പൊതിഞ്ഞു സംരക്ഷിക്കുന്നത് കച്ചവട താത്പര്യങ്ങളാണ്. അവിടെ ലാഭനഷ്ടങ്ങളുടെ സാമ്പത്തികശാസ്ത്രമാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്.

വിനോദോല്പന്നം എന്ന നിലയില്‍

ഉത്സവങ്ങള്‍ പുതിയ സാംസ്‌കാരിക ചുറ്റുപാടുകളില്‍ വിനോദോല്പന്നമാവുകയും ആള്‍ക്കൂട്ടം ഉപഭോക്താക്കളായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ഉത്സവങ്ങള്‍ക്ക് വേദിയൊരുക്കുന്ന കമ്പോളം പലപ്പോഴം ഉപഭോക്താവിന്റെ യുക്ത്യേതരമായ താത്പ്പര്യങ്ങളാലാണ് സജീവമാകുന്നത്. ഈ കമ്പോളത്തില്‍ വിനോദവും വിശ്വാസവും കൂടിക്കുഴയുകയും വേര്‍തിരിക്കാനാവാത്തവിധം കച്ചവടച്ചരക്കാകുകയും ചെയ്യുന്നു. ഉപഭോക്താവ്/ ആള്‍ക്കൂട്ടം എങ്ങനെയൊക്കെ പെരുമാറണമെന്ന കാര്യത്തിലും ഉല്പാദകര്‍ക്ക് മുന്‍ധാരണകളുണ്ടാവും.

വിനോദസഞ്ചാരത്തിനായി സാംസ്‌കാരിക ഉല്പന്നങ്ങള്‍ വിതരണവും വിപണനവും നടത്തുമ്പോള്‍ സമൂഹത്തിന് അതിന്മേലുളള അവകാശം ഒഴിപ്പിക്കപ്പെടും. അങ്ങനെ പ്രാദേശിക സംസ്‌കാരം അതിന്റെ അവകാശികളെ സംബന്ധിച്ച് രൂപാന്തരീകര ണത്തിനു വിധേയമാവുകയോ വിഘടിപ്പിക്കപ്പെടുകയോ അര്‍ത്ഥശൂന്യമായി തീരുകയോ ചെയ്യുന്നു. ഇംഗ്ലീഷ് സാംസ്‌കാരിക വിമര്‍ശന്‍ ഗ്രീന്‍വുഡിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ മതാചാര ചടങ്ങുകള്‍ മുറുകെ പിടിച്ചവന്‍ പണത്തിനുവേണ്ടി മാത്രം ക്രിയ നിര്‍വ്വഹിക്കുന്നു. അതോടെ അര്‍ത്ഥം നഷ്ടമാകുന്നു. (Davydd Greenwood : 1989, 178) ഉത്സവങ്ങളിലെ അര്‍ത്ഥം നഷ്ടമാകുമ്പോള്‍ അതിന്റെ അവകാശികള്‍ക്ക് നിയന്ത്രണമില്ലാത്ത വെറും കാണികള്‍ മാത്രമായി നോക്കി നില്‍ക്കേണ്ടി വരും.

വിനോദസഞ്ചാരം പ്രാദേശിക സാംസ്‌കാരികരംഗത്ത് അതിവേഗം പടരുന്ന രോഗമാണെന്ന് ചിന്തകനായ മക്‌ലേരന്‍ നിരീക്ഷിക്കുന്നുണ്ട്. മയക്കുമരുന്നിനോടുളള ആസക്തി, കുറ്റകൃത്യങ്ങള്‍, വേശ്യാവൃത്തി, മലിനീകരണം, സാമൂഹിക അസുരക്ഷ എന്നിവയോടൊപ്പം മുതലാളിത്ത മൂല്യങ്ങളും ഉപഭോഗ സംസ്‌കാരവും വളര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു. (1998; 28)

വിപണന തന്ത്രങ്ങള്‍

ആള്‍ക്കൂട്ടത്തെ ക്ഷണിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തുകൊണ്ട് അവരുടെ ഉപയോഗത്തിനായി വിപണി സൃഷ്ടിക്കുന്ന കമ്പോളമായി ഉത്സവപ്പറമ്പുകള്‍ പരിവര്‍ത്തനപ്പെടുകയാണ്. ജനപങ്കാളിത്തം കൊണ്ട് സ്വഭാവികമായി ഉണ്ടായിക്കൊണ്ടിരുന്ന സാംസ്‌കാരികരൂപത്തെ സാങ്കേതികവിദ്യാ സാമ്പത്തിക മൂലധനം, പരസ്യം, വിതരണം എന്നിവയിലൂടെ വിപണനം നടത്താനുളള ഉല്പന്നമായി മുതലാളിത്തം ക്രമപ്പെടുത്തി. ഫെസ്റ്റിവല്‍ ടൂര്‍ പാക്കേജ് പോലെയുളള ആശയങ്ങള്‍ ആഗോളതലത്തിലും പ്രദേശികതലത്തിലും പ്രചരിപ്പിക്കപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. പുതിയ നൂറ്റാണ്ടിലെ ആഗോളരാഷ്ട്രീയത്തില്‍ നിന്നാണ് ഇത്തരം തന്ത്രങ്ങള്‍ ഉണ്ടാവുന്നത്. ഈ രാഷ്ട്രീയത്തില്‍ കച്ചവട സംസ്‌കാരത്തിലേക്ക് വീണുപോയവര്‍ പാരമ്പര്യസംസ്‌കാരം എന്ന ആശയം ഉയര്‍ത്തിക്കൊണ്ടു വന്ന് തങ്ങള്‍ അതിന്റെ വക്താക്കളാണെന്ന് പ്രചാരവേല ചെയ്യും. സംസ്‌കാരം നിരന്തരം ചലിച്ചുകൊണ്ടിരിക്കവെ പാരമ്പര്യസംസ്‌കാരത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിക്കും. കാരണം ഏതൊരു കച്ചവടത്തിലും കച്ചവടം കൊഴുപ്പിക്കാനുളള പരസ്യതന്ത്രങ്ങള്‍ സ്വീകരിക്കാമെന്ന സ്വാതന്ത്ര്യം അവര്‍ സ്വയം അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ആഗോളവത്ക രണത്തിന്റെ പ്രത്യയശാസ്ത്രപരിസരത്ത് സാംസ്‌കാ രികവിനോദോല്പ ന്നമായി മാറുന്ന ഉത്സവാഘോഷങ്ങളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും നിയന്ത്രണമുളളവര്‍ അധികാരമേല്‍ക്കോയ്മ ഉളളവരോ അധികാര സ്ഥാപനങ്ങളെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നവരോ ആയിരിക്കും. അവര്‍ ഉത്സവങ്ങള്‍ കൊഴുപ്പിക്കാന്‍ തൊഴിലാളികളെ വാടകയ്‌ക്കെടുക്കുകയും സ്‌പോണ്‍സര്‍ഷിപ്പുകള്‍ തരപ്പെടുത്തുകയും ചെയ്യുന്നു. പ്രവാസജീവിതത്തിലൂടെ നാട്ടില്‍ ഉണ്ടായ വിടവ് നികത്താന്‍ പ്രവാസികള്‍ ഉത്സവങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും സാധാരണമായിരിക്കുന്നു. ഇക്കാരണങ്ങളാല്‍ സംഘാടകര്‍ ആള്‍ക്കൂട്ടത്തോട് പ്രഖ്യാപിക്കുന്ന താത്പര്യങ്ങളല്ല യഥാര്‍ത്ഥത്തില്‍ അവര്‍ക്കുളളതെന്ന് വ്യക്തമാക്കുന്നു. ഉത്പന്നം വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കാനുളള സ്വാതന്ത്ര്യം പോലും പലപ്പോഴും ആള്‍ക്കൂട്ടത്തിന് നിഷേധിക്ക പ്പെടുന്നു. ഈ ചൂഷണത്തില്‍ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളും പങ്കാളികളാവുകയാണ്. നിര്‍ബന്ധിതമല്ലാത്ത ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നാണ് ഉത്സവങ്ങള്‍ എന്നിരിക്കെ അച്ചടിമാധ്യമങ്ങള്‍, വാര്‍ത്തകള്‍, സപ്ലിമെന്റുകള്‍ എന്നിവയിലൂടെയും ദൃശ്യമാധ്യമങ്ങള്‍ 'ലൈവ് ടെലിക്കാസ്റ്റിംഗിലൂടെ'യും ജനങ്ങളെ ഉത്സവക്കമ്പോളത്തിലേക്ക് ക്ഷണിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ ഒരേസമയം പത്രമുതലാളിക്കും ഉത്സവ സംഘാടകര്‍ക്കും കച്ചവടമായി പരിവര്‍ത്തനപ്പെടുന്നു.

പത്രമാധ്യമങ്ങള്‍

ഉത്സവവാര്‍ത്തകള്‍ വിവിധ മതവിശ്വാസികള്‍ക്ക് നല്‍കുന്ന പ്രാതിനിധ്യമായും പരിഗണിക്കുന്നു. ഒരു പ്രമുഖ ദിനപത്രം പ്രാദേശിക ഉത്സവങ്ങള്‍ക്ക് നല്‍കിയ തലക്കെട്ടു മാത്രം ശ്രദ്ധിക്കുക. 'ഭക്തിയുടെ നിറച്ചാര്‍ത്ത്' (2010 ജനുവരി 22), 'വെടിക്കെട്ട് പെരുന്നാള്‍' (2010 ജനു. 24), 'കപ്പല്‍ പ്രദക്ഷിണത്തിനു ഭക്തജന പ്രവാഹം' (2010 ജനുവരി 28), 'ആഘോഷത്തിമിര്‍പ്പോടെ തൈപ്പൂയ കാവടി' (2010 ജനുവരി 20). ഒന്‍പതു ദിവസത്തിനുളളില്‍ വന്ന ഈ വാര്‍ത്തകളില്‍ തന്നെ വിവിധ മതവിശ്വാസികളെ തൃപ്തിപ്പെടുത്താനുളള തന്ത്രമുണ്ട്. വാര്‍ത്തകളിലൂടെ ഉത്സവ സംഘാടകരും വായനക്കാരും പത്രമുതലാളിയും ഒരുപോലെ തൃപ്തരാകുന്ന സമീപനമാണിത്.

കാര്‍ഷികസംസ്‌കാരത്തിന്റെ അടിത്തറയില്‍ രൂപപ്പെട്ടതാണ് നമ്മുടെ ഉത്സവങ്ങള്‍. ആ അടിത്തറ ഇളകി വിപണിവത്കരണത്തിന്റെ മൂല്യങ്ങളിലേക്ക് നാമറിയാതെ നമ്മുടെ ഉത്സവങ്ങള്‍ പരിവര്‍ത്തനപ്പെടുകയാണ്. ചുരുക്കത്തില്‍ ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളുടെ വ്യാപനത്തോടൊപ്പം സംസ്‌കാരത്തിന്റെ തലത്തില്‍ നടന്ന വിപുലമായ വാണിജ്യവത്ക്കരണവും ചൂഷണവും അതിന്റെ രാഷ്ട്രീയവുമാണ് പുതിയ കാലഘട്ടത്തില്‍ ഉത്സവങ്ങളിലും പ്രകടമാകുന്നത്. ഈ പരിവര്‍ത്തനത്തില്‍ നമുക്ക് നമ്മുടെ ഐന്ദ്രിയബോധത്തെ തിരിച്ചു പിടിക്കേണ്ടതുണ്ട്. അത്തരത്തിലുളള വായനകളാണ് ഇനി നടക്കാനുളളത്.No comments:

Post a Comment