Saturday 2 September 2017

അരങ്ങില്‍ അയ്യന്‍കാളിയായി സിബി ജോണ്‍സണ്‍


അധ: സ്ഥിത വര്‍ഗ്ഗ വിമോചകനും ലോകത്തിലെ ആദ്യത്തെ കാര്‍ഷിക വിപ്ലവകാരി യുമായ മഹാത്മ അയ്യന്‍കാളിയുടെ ജീവിതത്തെയും സമര പോരാട്ടങ്ങളെയും ആസ്പദമാക്കി തയ്യാറാക്കപ്പെട്ട നാടകമാണ് അനന്തപുരിയിലെ വില്ലുവണ്ടി. കോട്ടയം കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നാടകസമിതിയായ സംഘമൈത്രിയാണ് നാടകത്തിന്റെ അവതാരകര്‍. അയ്യന്‍കാളിയായി വേഷമിടുന്ന കോട്ടയം സ്വദേശി സിബി ജോണ്‍സണ്‍ അയ്യന്‍കാലിയുടെ രൂപസാദൃശ്യം കൊണ്ട് തന്നെ നാടകത്തെ ആകര്‍ഷണീയമാക്കിയിട്ടുണ്ട്.

ഇന്നോളം കണ്ട സിനിമകളിലോ, നാടകങ്ങളിലോ, അയ്യന്‍കാളിയോട് ഇത്രയധികം രൂപസാദൃശ്യവും നീതിയും പുലര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. അയ്യന്‍കാളിയുടെ യഥാര്‍ത്ഥ ചിത്രം എന്ന നിലയില്‍ നാം കണ്ടിരിക്കുന്ന നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്ന അതേ രൂപം തന്നെയാണ് ഈ നാടകത്തിലും അയ്യന്‍ കാളിയുടേത്. രൂപസാദൃശ്യം കൊണ്ട് മാത്രമല്ല സിബി ജോണ്‍സണ്‍ അവതരിപ്പിക്കുന്ന അയ്യന്‍കാളിയെ വ്യത്യസ്തമാക്കുന്നത്. ആകാരവടിവും, ശബ്ദ ഗാംഭീര്യവും ഒത്തിണങ്ങിയ ഒരു പരകായ പ്രവേശം തന്നെയാണ് സിബി ജോണ്‍സണിലൂടെ അയ്യന്‍കാളിയായി നമുക്ക് കാണാന്‍ കഴിയുന്നത്.

വലിയ മഴയും പേമാരിയും ഉളള ഒരു ദിവസം പാടത്ത് മടവീഴ്ചയുണ്ടാകുകയും മട ഉറപ്പിക്കുവാന്‍ പുലയനെ ചേറില്‍ ചവിട്ടിതാഴ്ത്തി മടയുറപ്പിക്കുകയും പുലയക്കുടിയില്‍ ഭക്ഷണം കഴിക്കുന്ന ദമ്പതികളെ ആക്രമിക്കുന്ന തമ്പുരാക്കന്മാരുടെ കിരാത വാഴ്ചയും കുഞ്ഞിനെ മുലയൂട്ടുന്ന മാതാവിന്റെ കരങ്ങളില്‍ നിന്ന് പിഞ്ചുകഞ്ഞിനെ ബലമായി പിടിച്ചു വാങ്ങിനിലത്തെറിഞ്ഞ് കൊല്ലുകയും മാതാവിനെ ബലാല്‍ക്കാരമായി കീഴ്‌പെടുത്തുകയും ചെയ്യുന്ന അതിക്രൂരമായ ഒരു കാലഘട്ടത്തിന്റെ കറുത്ത ഏടുകളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നാടകത്തിന്റെ തുടക്കം. ഗത്യന്തരമില്ലാത്ത പരക്കം പായുന്ന അടിയാളവര്‍ഗത്തിന്റെ ദീനരോദനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷനാകുകയാണ് അയ്യന്‍കാളി. അതികായകനായ അയ്യന്‍കാളിയുടെ രൂപം സ്റ്റേജില്‍ പ്രത്യക്ഷ പ്പെടുന്ന രംഗം തന്നെ കാണികളില്‍ ആവേശമുണര്‍ത്തുന്നതാണ്. രക്ഷിക്കണേ എന്ന് അലമുറയിടുന്ന അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ രോദനത്തിന് മറുപടിയായി ഇടമുഴക്കം പോലുളള സിംഹഗര്‍ജ്ജനം ഇങ്ങനെ തുടങ്ങുന്നു.

രക്ഷിക്കാനോ സാധ്യമല്ല. രക്ഷിക്കാനും രക്ഷപെടുമാനുളള മാര്‍ഗ്ഗങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഏന്‍ കാണിച്ചുതന്നു. ആ വഴിയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് അതെല്ലാം നിങ്ങള്‍ നഷ്ടപ്പെടുത്തി ഒടുവില്‍ തന്റെ കുലത്തില്‍ പത്ത് ബി.എ.ക്കാരെ കാണണമെന്ന് ഏന്‍ കണ്ട സ്വപ്‌നം. അതൊരു ദു:സ്വപ്‌നമാണെന്ന് ഏന്‍ ഇപ്പോഴും മനസ്സിലാക്കുന്നു 1910 ല്‍ നെയ്യാറ്റിന്‍കര ഗ്രാമത്തില്‍ എന്റെ പെണ്ണുങ്ങളുടെ മാറത്ത് കണ്ണന്‍ ചിരട്ട കെട്ടിവെച്ച് ഏനെ വെല്ലുവിളിച്ചു. നാട്ടുപ്രമാണിമാരെയും ശിങ്കിടിമാരെയും അവളെകൊണ്ട് തന്നെ കരണത്തടിപ്പിടിച്ച് അവരുടെ മാനം കാത്തവനാണ് ഞാന്‍ അയ്യന്‍കാളി. അത് നിങ്ങളോര്‍ക്കുന്നില്ലേ. ഇന്ന് മദ്യവും മാംസവും പ്രഭാതഭക്ഷണായി സേവിക്കുമ്പോള്‍ നിങ്ങളോര്‍ത്തില്ല നിങ്ങള്‍ കടിക്കുന്നത് നിങ്ങളുടെ അമ്മമാരുടേയും സഹോദരിമാരുടെയും മാനത്തിന്റെ വിലയാണെന്ന്. കക്ഷി രാഷ്ട്രീയക്കാരും നാട്ടുപ്രമാണിമാരും ഒത്തുചേര്‍ന്നുകൊണ്ട് നമ്മുടെ കുലം മുടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ നിലനില്പിന്റെ ചിഹ്നമായി എന്റെ തലയും തലപ്പാവും തെരുവിലും നഗരങ്ങളിലും പതിപ്പിച്ചപ്പോള്‍ രണ്ട് കൈയും കെട്ടി പാട്ടും പാടി നിങ്ങള്‍ അവരോടൊപ്പം നിന്നില്ലേ. ആത്മാഭിമാനവും തന്റേടവും ഇനിയും നഷ്ടപ്പെട്ടില്ല എങ്കില്‍... എന്ന ചോദ്യമുയര്‍ത്തിക്കൊണ്ട് ആദ്യരംഗം അവസാനിക്കുന്നു.

കോട്ടയം നാട്ടകത്ത് കൊച്ചുപറമ്പില്‍ കുഞ്ഞുമോന്റെയും അമ്മുക്കുട്ടിയുടെയും മകനായ സിബി ജോണ്‍സണ്‍ സ്‌കൂള്‍ കാലം മുതലേ നാടകവേദികളിലും കലാസാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ ഒരു തവണ ബെസ്റ്റ് ആക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് ഒട്ടേറെ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം ജോയ് മെമ്മോറിയല്‍ നാടക മത്സരത്തില്‍ 'നൈല്‍ നദിക്കക്കരെ നിന്നൊരു സ്‌നേഹമന്ത്രം' എന്ന നാടകത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. പ്രൊഫഷണല്‍ നാടകവേദിയായ സുരഭി തിയേറ്റേഴ്‌സ്, ചങ്ങനാശ്ശേരി വിശ്വകല തിയേറ്റേഴ്‌സ് തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം ശശി, ജോസ്താന, തിരുവല്ല ബാബുരാജ് തുടങ്ങിയ പ്രമുഖരായ നടന്മാരുമായി വേദി പങ്കിട്ടു. നിരവധി ക്രിസ്തീയ ഭക്തിഗാന കാസറ്റുകള്‍ക്കും, പരസ്യചിത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് സിബി ജോണ്‍.



No comments:

Post a Comment