Saturday, 2 September 2017

ഭാരതീയ കവി, കാവ്യ സങ്കല്പ ങ്ങള്‍ (വിമര്‍ശ നാത്മക വ്യവഹാ രാപഗ്രഥ നം) - ഗിരീഷ്‌ കുമാര്‍


വിമര്‍ശനാത്മക സമീപനം ഭാഷയും അധികാരവും എന്ന വിഷയത്തെ ആസ്പദമാക്കി, എണ്‍പതുകളുടെ അവസാനത്തില്‍ വികാസം പ്രാപിച്ച ഭാഷാശാസ്ത്രഗവേഷണ രീതിയാണ് വിമര്‍ശാനാന്മകഭാഷാസമീപനം. ആശയവിനിമയ ഉപാധിയായ ഭാഷയ്ക്ക് ആശയത്തെ മറച്ചുവെക്കാനും കഴിയുന്നു. പുറമേ നിന്ന് നോക്കുമ്പോള്‍ നിഷ്പക്ഷമെന്ന് തോന്നുന്ന ആശയധാരയെ അപഗ്രഥിക്കുമ്പോള്‍ അധികാരത്തിന്റെയും മേധാവിത്വത്തിന്റെയും ചിഹ്നങ്ങള്‍ തെളിഞ്ഞു കാണാം. ഇപ്രകാരം ഭാഷയ്ക്കുളളില്‍ ഒളിഞ്ഞിരിക്കുന്ന അധികാരം, പ്രത്യയശാസ്ത്രം എന്നിവയെ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നതിനാലാണ് ഇത് വിമര്‍ശനാത്മകം എന്നറിയപ്പെടുന്നത് (ഡോ. പി.എം. ഗിരീഷ് 2001:9). അല്‍ത്തൂസര്‍, ഫൂക്കോ, ഹെബര്‍മാസ് എന്നിവരുടെ ചിന്തകളിലൂടെയാണ് വിമര്‍ശനാത്മകസമീപനം ഭാഷാശാസ്ത്രരംഗത്ത് വികാസം പ്രാപിച്ചിട്ടുളളത്. 

വ്യവഹാരപഗ്രഥനം 
വ്യവഹാരം അറിവിനെ സാധ്യമാക്കുന്ന നിയാമകങ്ങളുടെ മണ്ഡലമാണ്. ഓരോ വ്യവഹാരവും തനതായ തത്വങ്ങളെ അവലംബിക്കുന്നു. വ്യവഹാരങ്ങളില്‍ സാധ്യമാകുന്ന അറിവിനെ പ്രതിനിധാനം ചെയ്യുന്നത് പ്രസ്താവനകളാണ്. പ്രസ്താവനകളുടെ സാകല്യമാണ് വ്യവഹാരം. അനേകം പ്രസ്താവനകള്‍ സവിശേഷമായ രീതിയില്‍ സമ്മേളിക്കുമ്പോള്‍ ഒരു വ്യവഹാരം രൂപം കൊളളുന്നു. ഫൂക്കോയുടെ ഈ വ്യവഹാരവീക്ഷണമാണ് വിമര്‍ശനാത്മക ഭാഷാസമീപനത്തിന്റെ മറ്റൊരു അടിത്തറ. (ഡോ. പി.എം. ഗിരീഷ് 2001 :10)

വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനത്തിന്റെ സഹായത്താല്‍ ഭാരതീയ കവി, കാവ്യസങ്കല്പങ്ങളില്‍ ഒളിച്ചുവയ്ക്കപ്പെട്ടിട്ടുളള അധികാരതലങ്ങള്‍ ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

കവി

വേദകാലത്ത് മന്ത്രദ്രഷ്ടാവ് എന്ന അര്‍ത്ഥത്തിലായിരുന്നു 'കവി' ശബ്ദം പ്രയോഗിക്കപ്പെട്ടത്. (ഇടമറുക് 2001 :9) മന്ത്രദ്രഷ്ടാക്കള്‍ ഋഷികളായിരുന്നു. എന്നാല്‍ എല്ലാ ഋഷികളും മന്ത്രദ്രഷ്ടാക്കളായിരിക്കാന്‍ ഇടയില്ല. മന്ത്രദ്രഷ്ടാക്കളാകാന്‍ കഴിഞ്ഞ ഋഷികള്‍ക്ക് മറ്റുളളവരേക്കാള്‍ സമൂഹത്തിന്റെ ബഹുമാനവും ആരാധനയും നേടിയെടുക്കാന്‍ സാധിച്ചു. അങ്ങനെയവര്‍ സമൂഹത്തെ നിയന്ത്രിക്കുവാന്‍ സാധിക്കുന്ന അധികാരതലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.

'നാനൃഷി കവിരിത്യുക്തം ഋഷിശ്ച കില ദര്‍ശനാത്' 1 എന്ന പില്‍ക്കാലസങ്കല്പം ഋഷിതുല്യനായി പരിഗണിക്കുന്നതിലൂടെ ഋഷികള്‍ക്കു സമൂഹത്തില്‍ ലഭിച്ച സ്ഥാനബഹുമാനാദികളിലേക്ക് കവിയെ ആനയിക്കുകയായിരുന്നു. അല്ലെങ്കില്‍ ഋഷികള്‍ക്ക് സമൂഹം നല്‍കിയ പ്രത്യേക പരിഗണനകള്‍ നേടിയെടുക്കാന്‍ കവികള്‍ സൃഷ്ടിച്ച ബോധപൂര്‍വ്വമായ ശ്രമമായും ഈ സങ്കല്പത്തെ വിലയിരുത്താം. ചുരുക്കത്തില്‍ കാവ്യത്തെ/ സാഹിത്യത്തെ സ്വന്തം അധികാരമുറപ്പിക്കുന്നതിനുളള സാമൂഹിക ഇടപെടലുകളിലൊന്നായി കവികള്‍ സ്വീകരിച്ചു തുടങ്ങിയതിന് അതു പിറവിയെടുത്ത കാലത്തിനോളം പഴക്കമുണ്ട്. അത്തരം ഇടപെടലുകള്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ഋഷിക്കും കവിക്കും നല്‍കുന്ന തുല്യപരിഗണന.

'കവി: ക്രാന്ത ദര്‍ശന:' 'കവിര്‍ മേധാവാന്‍' എന്നിങ്ങനെ കവിയെ നിരുക്തകാരനായ യാസ്‌കന്‍ വിശേഷിപ്പിക്കുന്നു. കടന്നു കാണുന്നവന്‍, സത്യം കണ്ടെത്തുന്നവന്‍ എന്നീ അര്‍ത്ഥങ്ങളിലാണ് യാസ്‌കന്‍ കവിയെ 'ക്രാന്തദര്‍ശി' എന്നു വിളിക്കുന്നത്. അപ്രകാരം ക്രാന്തദര്‍ശിയായ കവി മേധാവിയാകുന്നു.ബാഹ്യപ്രപഞ്ചത്തിന്റെ മറുപുറം കാണുന്നവനാണ് അയാള്‍. അങ്ങനെയുളള കവിക്ക് സാമൂഹ്യമേധാവിത്വം ഏറ്റെടുക്കാനാകുമെന്ന് പറഞ്ഞുവെച്ച യാസ്‌കന്‍ കവിയെ അധികാരസ്ഥാനത്ത് ആനയിക്കാനാണ് ശ്രമിച്ചത്.

''അപാരേ കാവ്യ സംസാരേ-
കവി രേഖ പ്രജാപതി'' 2 ധ്വന്യലോക കര്‍ത്താവായ ആ നന്ദവര്‍ദ്ധനന്‍ ഈ നിര്‍വ്വചനത്തിലൂടെ കവിയെ ഈശ്വരതുല്യമായ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു. അപാരമായ കാവ്യസംസാരത്തിലെ പ്രജാപതി രാജാവ് ആണ് കവിയെന്നും ഈശ്വരതുല്യമായ സൃഷ്ടികര്‍മ്മമാണ് അയാള്‍ നിര്‍വ്വഹിക്കുന്നതെന്നും ആനന്ദവര്‍ദ്ധനന്‍ ഉറപ്പിക്കുന്നു.

പ്രതിഭാശാലിയാണ് കവി. നമ്മുടെ കാവ്യമീമാംസകരെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. കവിക്കു മാത്രമുളള സവിശേഷസിദ്ധിയെ അവര്‍ ശക്തി, പ്രതിഭ എന്നീ പദങ്ങള്‍കൊണ്ട് വ്യവഹരിക്കുന്നു. കവിയുടെ സിദ്ധികളില്‍ മുഖ്യമായത് ശക്തിയാണ്. ശക്തിയെന്നാല്‍ കവിത്വബീജരൂപമായ സംസ്‌കാരവിശേഷം എന്നര്‍ത്ഥം. നവനവോന്മേഷശാലിയായ പ്രജ്ഞയാണ് പ്രതിഭ. ആ ശക്തി സദാ ജാഗരൂകവും നൈസര്‍ഗ്ഗികവുമാണ്. ഇവിടെ മനുഷ്യനില്‍ ജന്മസിദ്ധവും രൂഢമൂലവുമായ അധികാരസക്തിയെന്ന ശക്തിവിശേഷണത്തെ പ്രജ്ഞയിലൂടെ - അറിവിലൂടെ സാദ്ധ്യമാക്കിതീര്‍ക്കേണ്ടതിന്റെ സന്ദേശം ഒളിഞ്ഞുകിടക്കുന്നു. അതായത് കാവ്യമീമാംസകര്‍ ഉദ്‌ഘോഷിക്കുന്ന കവിയിലെ 'പ്രതിഭ' സമൂഹത്തിനുമേല്‍ പുതിയ അറിവാകുന്ന ശക്തിയിലൂടെ ആധിപത്യം സ്ഥാപിക്കാനുതകുന്ന ഗൂഡതാത്പ്പര്യമായും മാറുന്നു.

വാക്കിന്റെ അധീശനാണ് കവി. ''ഏക:ശബ്ദ: സമ്യക്ജ്ഞാത: സുപ്രയുക്ത: സ്വര്‍ഗ്ഗേ ലോകേ ച കാമധുക് ഭവതി'' എന്ന് മഹാഭാഷ്യാകാരനായ പതജ്ഞലി ഉദ്‌ബോധിപ്പിക്കുന്നു. ശരിയായി മനസ്സിലാക്കി ശരിയായി പ്രയോഗിക്കുന്ന വാക്ക് പ്രയോക്താവിനെ സ്വര്‍ഗ്ഗത്തിലെത്തിക്കും. സ്വര്‍ഗ്ഗമെന്നത് അധീശവര്‍ഗ്ഗം തങ്ങളുടെ അധികാരമുറപ്പിക്കാനുപയോഗിച്ച ശക്തമായ സങ്കല്പങ്ങളിലൊന്നാണ്. കവി വാക്കിന്റെ അധീശനാകുന്നതോടെ, സ്വര്‍ഗ്ഗതുല്യമായ പദവിയിലേക്കുയര്‍ത്തപ്പെടും എന്നു വ്യവസ്ഥ ചെയ്യുന്നതിലൂടെ, സ്വര്‍ഗ്ഗമെന്ന അധികാരകേന്ദ്രത്തിലെത്തിച്ചേരുമെന്നാണ് വിവക്ഷ.

വാക്കെന്ന ജ്യോതിസ്സ് ഇല്ലായിരുന്നവെങ്കില്‍ ഈ ലോകം തന്നെ അന്ധകാരവൃതമായിപ്പോകുമായിരുന്നു എന്ന് ദണ്ഡി ഭയപ്പെടുന്നു. വാക്കിന് ജ്യോതിസ്സ് എന്നും ജ്യോതിസ്സിന് ജ്ഞാനം എന്നും പ്രഖ്യാതമായ അര്‍ത്ഥകല്പനകള്‍ ഉണ്ട്. അന്ധകാരവൃതമായ ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നത് വാക്കാകുന്ന ജ്യോതിസ്സ് ആണ്. കവിയാകട്ടെ വാക്കിന്റെ / ജ്യോതിസ്സിന്റെ അധീശനാണ്. സമൂഹം അന്ധാകവൃതമാകുമ്പോള്‍ കവി വാക്കാകുന്ന / ജ്ഞാനമാകുന്ന ജ്യോതിസ്സിലൂടെ സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്നു. അന്ധകാരാവൃതമായ ലോകം എന്നത് തങ്ങള്‍ക്കു ചുറ്റുമുളള സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ അധികാരവര്‍ഗ്ഗം സൃഷ്ടിച്ചെടുത്ത മറ്റൊരു പരികല്പനയാണ്.

കവിയെ അധികാരിയായി കാണുന്ന കര്‍തൃത്വസമീപനമാണ് ഇവിടെയും കാണുന്നത്.

കാവ്യം
കാവ്യത്തെക്കുറിച്ച് വ്യത്യസ്തകാലയളവില്‍ വ്യത്യസ്ത മീമാംസകരാല്‍ നിരവധി നിര്‍വ്വചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ 'കാവ്യപ്രകാശ'കാരനായ മമ്മടഭട്ടന്റെ നിര്‍വ്വചനം പ്രത്യേകം പരിശോധനയര്‍ഹിക്കുന്നു. കാരണം അദ്ദേഹമാണ് അതുവരെയുണ്ടായ കാര്യനിര്‍വ്വചനങ്ങളുടെ സാരാംശം സ്വീകരിച്ചുകൊണ്ട് കാവ്യസ്വരൂപം പുന:സംഘടിപ്പിച്ചത്.

''തദദോഷൗ ശബ്ദാര്‍ത്ഥന - സഗുണാവനലംകൃതീ പുന:ക്വാപി'' - എന്ന് മമ്മടഭട്ടന്‍ കാവ്യത്തെ നിര്‍വചിക്കുന്നു. ദോഷരഹിതമായതും, മാധുര്യം, ഓജസ്സ്, പ്രസാദം എന്നീ ഗുണങ്ങളാല്‍ സമ്പന്നമായതും അലങ്കാരവിശിഷ്ടവുമായ ശബ്ദാര്‍ത്ഥ സഹിതത്വം ആണ് കാവ്യം എന്നതത്രെ അദ്ദേഹത്തിന്റെ നിര്‍വ്വചനത്തിന്റെ വ്യാഖ്യാനം.

മമ്പടഭട്ടന്റെ നിര്‍വ്വചനത്തിലെ 'ദോഷരഹിതം' എന്ന പരാമര്‍ശം വിശകലനമര്‍ഹിക്കുന്നു. കാവ്യത്തെ അദ്ദേഹം ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നുണ്ട്. വ്യംഗ്യപ്രധാനമായത് ഉത്തമവും വ്യംഗ്യം അപ്രധാനമായി പോകുന്നത് മധ്യമവും ആകുന്നു. വ്യംഗ്യസ്പര്‍ശമേ ഇല്ലാത്തതും വാചാര്‍ത്ഥ്യത്തിന്റെ ചാരുത മാത്രമുളളതുമായ ചിത്രകാവ്യങ്ങളാണ് അധമവിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ദോഷരഹിതം എന്നു പറയുമ്പോള്‍ ഉത്തമകാവ്യത്തെയാണ് അദ്ദേഹത്തിന്റെ നിര്‍വ്വചനം പ്രതിനിധീകരിക്കുന്നത്. അതാകട്ടെ സ്വഭാവികമായും ബൗദ്ധികമായി ഉയര്‍ന്നുനില്ക്കുന്നവരുടെ സൃഷ്ടിയും അവരെ സംബോധന ചെയ്യുന്നവരുമാണ്. മമ്മടഭട്ടന്‍, അധമകാവ്യത്തെ അഥവാ ചിത്രകാവ്യത്തെ ശബ്ദചിത്രം, അര്‍ഥചിത്രം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. വാചകവൈചിത്ര്യം മാത്രമാണ് ഇവയ്ക്ക് ആകര്‍ഷണീയത നല്‍കുന്നത്. അദ്ദേഹത്തിന്റെ കാവ്യവിഭജനവും അധമകാവ്യങ്ങള്‍ക്ക് ആരോപിക്കുന്ന പോരായ്മകളും പ്രാദേശികഭാഷകളില്‍ ഉയര്‍ന്നുവന്ന രചനകളെ പ്രാന്തവല്‍ക്കരിക്കാനുളള ശ്രമമായിട്ടാണ് കരുതേണ്ടത്. ദോഷരഹിതം എന്നതുകൊണ്ട് പ്രാദേശികഭാഷകളില്‍ ഉയര്‍ന്നുവന്ന രചനകളുടെ സ്വഭാവങ്ങള്‍ വര്‍ജ്ജിക്കണമെന്നും അങ്ങനെ അവയുടെ വക്താക്കളെ മുഖ്യധാരയില്‍ നിന്നകറ്റി നിര്‍ത്തണമെന്നുളള സന്ദേശമാണ് അദ്ദേഹം സ്വന്തം വര്‍ഗ്ഗത്തിന് നല്‍കിയത്.

സഹൃദയന്‍

ഭാരതീയ കാവ്യമീമാംസയിലെ സഹൃദയനെക്കുറിച്ചുളള സങ്കല്പവും ഇവിടെ ചേര്‍ത്തുവച്ചു വായിക്കേണ്ടതുണ്ട്. സമാനമായ ഹൃദയത്തോടു കൂടിയവന്‍ എന്നാണ് സഹൃദയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. കവിയുടെ ഹൃദയത്തോട് കാവ്യപാരായണത്തിലൂടെ സമാനത പ്രാപിക്കുവാന്‍ അയാള്‍ക്കു കഴിയണം. കവിയോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്നുവെന്ന മിഥ്യാധാരണ ജനിപ്പി ച്ച്, അവനെ കവിയില്‍ നിന്നും ഒരു ചാണകലത്തില്‍ പ്രതിഷ്ഠിക്കാനാണ് ഈ സങ്കല്പം ശ്രമിക്കുന്നത്. സഹൃദയനെക്കുറിച്ചുളള അഭിനവഗുപ്തന്റെ പ്രശസ്തമായ നിര്‍വ്വചനം പരിശോധിക്കുമ്പോള്‍ ഇക്കാര്യം കുറച്ചുകൂടി വ്യക്തമാകും.

'യേഷാം കാവ്യാനുശീലനാഭ്യാസവശാത്
വിശദീഭൂതേ മനോമുകുരേ
വര്‍ണ്ണനീയ തന്മയീഭവന യോഗ്യതാ
തേ സഹൃദയ സംവാദഭാജ :സഹൃദയാ'

കാവ്യാനുശീലനം, നിരന്തരമായ അഭ്യാസം എന്നിവയാല്‍ ഹൃദയദര്‍പ്പണം തെളിഞ്ഞ്, വര്‍ണ്ണ്യവിഷയവുമായി തന്മയീഭാവം പ്രാപിക്കുവാന്‍ കഴിവു നേടിയവനും സ്വഹൃദയത്തോടെ സംവദിക്കുന്നവനുമാണ് സഹൃദയന്‍. കാവ്യാനുശീലനം എന്നതില്‍ കാവ്യപഠനം, കാവ്യാസ്വാദനം എന്നിവ ഉള്‍പ്പെടുന്നു. അതിനുളള പ്രാപ്തി നേടുന്നതില്‍ കാവ്യമീമാംസാപഠനവും ഉള്‍പ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍ അഭിനവഗുപ്തന്റെ സഹൃദയ2നിര്‍വ്വചനം അതുണ്ടായകാലത്തെ ഏറ്റവും നല്ല വിദ്യാഭ്യാസം നേടിയവരെയാണ് ലക്ഷ്യമാക്കുന്നതെന്നു വരുന്നു. വിദ്യാസമ്പന്നരല്ലാത്തവര്‍ സഹൃദയരല്ലേ എന്ന ചോദ്യം അവശേഷിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, വര്‍ണ്ണ്യവിഷയവുമായി തന്മയീഭവിക്കാന്‍ കഴിയണം. സ്വഹൃദയത്തോടാണ് അയാള്‍ സംവദിക്കേണ്ടത് തുടങ്ങിയ കല്പനകള്‍ സഹൃദയനെ നിശബ്ദനാക്കാന്‍ ഉപയോഗിച്ച അടവുനയങ്ങളുമാവാം. 

കാവ്യപ്രയോജനം
കാവ്യത്തിന്റെ പ്രയോജനം സംബന്ധിച്ചുളള മീമാംസാസങ്കല്പവും ഇവിടെ പരിഗണനയര്‍ഹിക്കുന്നു.
'കാവ്യം യശസേര്‍ത്ഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യ:പരനിര്‍വൃതയേ
കാന്താ സമ്മിത തയോപദേശയുജേ'

സംസ്‌കൃതകാവ്യമീമാംസയെ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന 'കാവ്യപ്രകാശ'ത്തില്‍ മമ്മടഭട്ടന്‍ മുകളില്‍ കൊടുത്തിരിക്കുന്ന കാരികയിലൂടെ കാവ്യ ത്തിന്റെ പ്രയോജനം എന്തെന്ന് ആധികാരികമായി സ്ഥാപിക്കുന്നു. കാവ്യം യശസ്സിനുവേണ്ടിയും അമംഗളങ്ങളുടെ നാശത്തിനും അനുവാചകര്‍ക്ക് ആനന്ദാനുഭൂതിയുണര്‍ത്തുന്നതിനും, കാന്ത കാന്തനെയെന്നപോലെ ലോകോപദേശത്തിനുവേണ്ടിയും ഉളളതാണെന്ന് കാരിക ഉദ്‌ബോധിപ്പിക്കുന്നു.

യശസ്സിനുവേണ്ടി
കാവ്യത്തിന്റെ പ്രമുഖവും പ്രധാനവുമായ പ്രയോജനം കവിയുടെ യശസ്സാണ്. ആ യശസ്സിനുവേണ്ടി സത്കാവ്യനിബന്ധനം ചെയ്യുകയാണ് കവികര്‍മ്മത്തിന്റെ മര്‍മ്മം. യശസ്സ് എന്നത് സമൂഹത്തിന്റെ അംഗീകാരമാണ്. സമൂഹം അംഗീകരിക്കുകയെന്നാല്‍ അധികാരസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയെന്നാണര്‍ഥം.

ധനത്തിനുവേണ്ടി
ഭൗതികജീവിതം ഭദ്രമാക്കാനുതകുന്ന ധനസമ്പാദനമാണ് ഇവിടെ വിവക്ഷ. ധനം അധികാരത്തെ ഉറപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പ്രധാനനിയാമകങ്ങളില്‍ ഒന്നാണ്.

വ്യവഹാരജ്ഞാനം

'രാജാദിഗതോചിതാചാര പരിജ്ഞാനം' എന്ന് വ്യവഹാരജ്ഞാനത്തെ മമ്മടഭട്ടന്‍ വിശദീകരിക്കുന്നു. രാജാവ്, സചിവന്‍ തുടങ്ങി രാജ്യത്തെ സകല പൗരന്മാര്‍ക്കും ഉചിതമായ കൃത്യാകൃത്യവിവേകം ഉളവാക്കുക എന്നതിലൂടെ എല്ലാത്തരം അധികാരസ്ഥാപനങ്ങളേയും നിയന്ത്രിക്കുന്ന കര്‍തൃത്വരൂപമായി കവി മാറുന്നു.

ശിവേതരക്ഷതി
അമംഗളങ്ങളുടെ നാശമാണ് ശിവേതര ക്ഷതി. ഈശ്വരപ്രീതിയിലൂടെ എല്ലാ അമംഗളങ്ങളും ഒഴിവാക്കി സസുഖം ജീവിക്കാന്‍ കാവ്യം (കവിയെ) സഹായിക്കുന്നു.!

പരനിര്‍വൃതി
മോക്ഷകാലികമായ, ബ്രഹ്മാനന്ദത്തിന് സമമായ, അനിര്‍വചനീയാനന്ദാനുഭൂതിയാണ് പരനിര്‍വൃതി എന്ന് പണ്ഡിതമതം. പരനു ലഭിക്കുന്ന അനുഭൂതി അനിര്‍വചനീയമായതിനാല്‍ മോക്ഷം, ബ്രഹ്മാനന്ദം എന്നതൊക്കെ കാവ്യത്തിനപ്പുറത്തേക്ക് ചിന്തിപ്പിക്കാതെ അതില്‍ തന്നെ തളച്ചിടുവാന്‍ സഹായിച്ച പരികല്പനകളാണ്.

കാന്താസമ്മിതതയോ
പദേശയുജേ

ഉപദേശം ഒരുതരം അധികാരം ചെലുത്തലാണ്. ഭര്‍ത്താവിനെ ഉപദേശിക്കുമ്പോള്‍ ഭാര്യ തന്റെ പദവി വഹിക്കുന്ന അധികാരം ഉപയോഗിക്കുന്നുണ്ട്. ഉപദേശകന്‍ കവിയാകുമ്പോള്‍ ഉപദേശിക്കപ്പെടുന്നത് അയാളുടെ വ്യവഹാരാതിര്‍ത്തിക്കുളളില്‍ പെടുന്ന സമൂഹമാണ്. സമൂഹത്തിനു മേലുളള കവിയുടെ സ്‌നേഹനാട്യത്തോടുകൂടിയ അധികാരം വിനിയോഗിക്കലാണത്.

ഭാഷാ ആധിപത്യം
ഭാഷാധിപത്യത്തിന്റെ സാമൂഹികപരിസരങ്ങളിലൂടെയും കവി, കാവ്യസങ്കല്പങ്ങളെ വായിച്ചെടുക്കാം. അധികാരവര്‍ഗ്ഗത്തിന്റെ അതു കവികളായാലും കവികള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗമായാലും - താത്പര്യങ്ങള്‍ എത്ര സമര്‍ത്ഥമായിട്ടാണ് അവരുടേതായ ഭാഷയില്‍ ഒളിച്ചുവയ്ക്കപ്പെടുന്നത് എന്നതിനു തെളിവാണ് ഈ സങ്കല്പങ്ങള്‍. തങ്ങളുടെ താത്പര്യങ്ങള്‍ എല്ലാവരുടേയും താത്പര്യമെന്നു വരുത്തി തീര്‍ക്കാനുളള ബൗദ്ധികവും ഭാഷാപരവുമായ ശ്രമം ഇവിടെയുണ്ട്. നിര്‍ബന്ധപൂര്‍വ്വം ഉപയോഗിക്കുകയല്ല, മറിച്ച് കവിയേയും അനുവാചകനേയും ഉദാത്തമെന്നു തോന്നിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തുകയും കാര്യത്തെ വിഭജിക്കുകയും നിര്‍വ്വചനങ്ങളിലെ ഗൂഢസന്ദേശങ്ങളിലേക്ക് ആനയിക്കുകയും ചെയ്തുകൊണ്ട് തന്ത്രപൂര്‍വ്വം അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ഉത്തമകാവ്യം/ അധമകാവ്യം/ ഉത്കൃഷ്ടഭാഷ/അപകൃഷ്ടഭാഷ തുടങ്ങിയ ദ്വന്ദ്വകല്പനകള്‍ ഇതിനു തെളിവാണ്. ധൈഷണികമണ്ഡലത്തിന്റെ അധീശത്വം ആവശ്യമായപ്പോള്‍ അതിനു സഹായകമാകുന്ന വ്യക്തി (കവി), മാധ്യമം (കാവ്യം) ഭാഷ (സംസ്‌കൃതം) ചേര്‍ക്കപ്പെടുകയായിരുന്നു.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അധീശവര്‍ഗ്ഗം ഉത്പാദിപ്പിച്ച കവി-കാവ്യ സങ്കല്പങ്ങള്‍ ഉള്‍പ്പെടെയുളളജ്ഞാനം ഇന്നും അധീശവര്‍ഗപ്രത്യയശാസ്ത്രമായി അവശേഷിക്കുന്നു. അധീശവര്‍ഗ/വര്‍ണ കേന്ദ്രിതമായ എല്ലാത്തരം സങ്കല്പങ്ങളേയും പ്രവണതകളേയും ആരോഗ്യകരമായി വിമര്‍ശിക്കാന്‍ കഴിയുന്ന തരത്തിലുളള അന്വേഷണങ്ങളാണ് ഇനി നടക്കാനുളളത്.

1. ഋഷിയല്ലാത്തവന്‍ കവിയല്ലെന്നു പറയുന്നു. കടന്നു കാണുന്നവനാണ് ഋഷി. 
2. അപാരമായ കാവ്യസംസാരത്തില്‍ കവിമാത്രമാകുന്നു പ്രജാപതി.


No comments:

Post a Comment